Saturday, 26 July 2014

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍അങ്ങ് കിഴക്കന്‍ മലനിരകളിലെ കട്ടിമഞ്ഞിന്‍റെ പാട മാഞ്ഞുമാഞ്ഞ്‌ പോകുന്നു. രാപ്പാടികളുടെ സംഗീത സദിര്  അവസാനിച്ചിരിക്കുന്നു. ഇരുട്ട് ഒരു ചാരനിറത്തിന്‍റെ അര്‍ദ്ധതാര്യതയായി രൂപാന്തപ്പെട്ടിരിക്കുന്നു. പുലര്‍കാലത്തിന്‍റെ തണുത്തുറഞ്ഞ നിശബ്ദമായ അന്തരീക്ഷത്തില്‍ കാക്കകളും മറ്റ് പറവകളും ഉണര്‍ന്ന് ഒച്ചവെച്ചു തുടങ്ങി.

പുറത്ത് ചെമ്മണ്‍പാത സജീവമായിത്തുടങ്ങി.   ഇന്ന് ഗ്രാമത്തിന്‍റെ ചന്തദിവസമാണ്. ചക്രത്തിന്‍റെ കരച്ചിലും കുടമണിയൊച്ചയുമായി ഇഴഞ്ഞുനീങ്ങുന്ന കാളവണ്ടികളില്‍ നിറയെ പച്ചക്കറികള്‍ കയറ്റിയിരിക്കുന്നു.  പാതയോരത്തെ ചായക്കടയില്‍ വിളക്കുകളും കുശിനിക്കാരും ടേപ്പ് റിക്കാര്‍ഡും ഉണര്‍ന്നു കഴിഞ്ഞു.

കാറ്റില്ല.  മുല്ലവള്ളിയെ വേളി കഴിച്ച, മുറ്റത്തെ കിളിമരച്ചില്ലകള്‍ ചലനമറ്റ് വിറങ്ങലിച്ചു നില്‍ക്കുന്നു. രാത്രിയില്‍ പെയ്ത് പോയ മഴയുടെ അവശിഷ്ടങ്ങള്‍ പറമ്പിലുണ്ട്. ചെളിവെള്ളക്കുണ്ടുകള്‍, കുതിര്‍ന്ന കപ്പത്തടങ്ങള്‍,മഴവെള്ളം കുത്തിയൊലിച്ചു പോയതിന്‍റെ പാടുകള്‍.  ഇലത്തുമ്പുകളില്‍ ഇറ്റുവീഴാനൊരുബെട്ടു നില്‍ക്കുന്ന നീര്‍ത്തുള്ളികള്‍.

ഭൂമിയുടെ മുഖം മ്ലാനമാണ്.

പൊടുന്നനെ ഒരു നേര്‍ത്ത കാറ്റ് ഓടിവന്ന് കിളിമരച്ചില്ലകളില്‍ ചലനമുണ്ടാക്കി വന്ന മാതിരി തിടുക്കത്തില്‍ തന്നെ ഓടിയകന്നു.  കിളിയിലത്തുമ്പുകളിലും മറ്റും ആരുടെയോ കണ്ണുകളിലെ  നീര്‍ത്തുള്ളികള്‍ പോലെ മുറ്റി നിന്ന ജലകണങ്ങള്‍ അടര്‍ന്നുവീണു.

ഞാന്‍ അശോക്‌ നഗറിലെ ചിത്രശലഭങ്ങളെ ഓര്‍ക്കുന്നു.  അവയെ സ്നേഹിച്ചിരുന്ന ചിന്നുക്കുട്ടിയെ ഓര്‍ക്കുന്നു.  ഒരു കാരണവുമില്ലാതെ ഒരു സാംഗത്യവുമില്ലാതെ.

അശോക്‌ നഗറില്‍ നിന്ന് അനേകമനേകം കാതങ്ങള്‍ അകലെയാണ് ഞാന്‍.  കല്ലടയാറിന്‍റെ തീരത്തെ ഒരു കൊച്ചുഗ്രാമത്തില്‍.   സെക്രട്ടറിയേറ്റിനെ പൊതിഞ്ഞു  നില്‍ക്കുന്ന കോണ്‍ക്രീറ്റ് വനവും അതിന്‍റെ ഭാഗമായ അശോക്‌ നഗറും അവിടുത്തെ ചിത്രശലഭങ്ങളും വളരെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പ്രഭാതത്തില്‍ എന്‍റെ ഓര്‍മകളിലേക്ക് തിരക്കിട്ട് ഓടിക്കയറി വരുന്നത് എന്തിനെന്ന് എനിയ്ക്കുതന്നെ അറിയില്ല.

എന്നിട്ടും,  ഞാന്‍ അശോക്‌ നഗറിലെ ചിത്രശലഭങ്ങളെ ഓര്‍ക്കുന്നു.  അവയെ സ്നേഹിച്ചിരുന്ന ചിന്നുക്കുട്ടിയെ ഓര്‍ക്കുന്നു.

അശോക്‌ നഗറിലെ നാല്പത്തിയഞ്ചാം നമ്പര്‍ വീട്.  ചുറ്റിലും മതിലുണ്ട്.  മതിലിന് പുറത്ത് ഇടനിരത്ത്.  ആ ഇടനിരത്തിലെ ഒടുവിലത്തെ വീടാണ് നാല്പത്തിയഞ്ചാം നമ്പര്‍.  നാല്പത്തിയഞ്ചാം നമ്പര്‍ വീടിന് മുന്നില്‍ അവസാനിക്കുന്ന ആ ഇടനിരത്തിന്‍റെ അങ്ങേ ഓരത്ത് ഒരു ചെറിയ കുളമുണ്ട്; അതുനിറയെ ആമ്പല്‍പ്പൂക്കളും.  ആ ആമ്പല്‍ക്കുളത്തിലും നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന ചെടികള്‍ക്കിടയിലും ചിത്രശലഭങ്ങള്‍ പറന്നു നടക്കുന്നു.

നിറം മങ്ങിയ മതിലിന് മുകളിലൂടെ ചിത്രശലഭങ്ങള്‍  എവിടേയ്ക്കോ പോവുകയും വരുകയും ചെയ്യുന്നു; ഒറ്റയ്ക്കും കൂട്ടംകൂട്ടമായും.

നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്നാണ് ഞാന്‍ ആ ചിത്രശലഭങ്ങളെ  ആദ്യമായി കണ്ടത്.  അവയെ പിടിക്കാനായി കൈയുയര്‍ത്തി പിടിച്ച് ചിന്നുക്കുട്ടി നടക്കുന്നു.

മുന്‍പും ഞാന്‍ ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ട്;  നാട്ടിലും മാറിമാറി താമസിച്ച പല വീട്ട് മുറ്റങ്ങളിലും ഒക്കെയുള്ള ചിത്രശലഭങ്ങളെ.   പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല.  പിന്നെപ്പിന്നെ വളര്‍ന്നപ്പോള്‍ പല നാട്ടുകാരായ ചിത്രശലഭങ്ങളേയും കണ്ടു.  പക്ഷേ, അവയൊന്നും എന്‍റെ അനുജത്തി സ്നേഹിച്ചിരുന്ന, അശോക്‌ നഗറിലെ ചിത്രശലഭാങ്ങലെപ്പോലെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല.

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍ക്ക്‌ ഭാഷ അറിയില്ല. എങ്കിലും ഇതളുകളിലിരുന്ന് പൂക്കളോട് എന്തൊക്കെയോ പറയാറുണ്ട്‌.  പിന്നെ, കുട്ടികളെപ്പോലെ കൈകൊട്ടി ചിരിയ്ക്കും.

അവയ്ക്ക് കൈകളില്ലന്നാരു പറഞ്ഞു?

ചിറകുകള്‍ അവയുടെ കൈകളല്ലേ!

മനുഷ്യന്‍റെ ഭാഷ സാര്‍വത്രികമായത് കൊണ്ടാവാം അവയിങ്ങനെ അടക്കം പറയുന്നത്!  അതുപോലെ, വര്‍ണ്ണങ്ങളുടെ ഭാഷയും സുഗന്ധങ്ങളുടെ ഭാഷയും  അവയ്ക്ക് വശമുണ്ടെന്ന് തോന്നും മട്ടിലായിരുന്നു, ചിത്രശലഭങ്ങളുടെ പെരുമാറ്റം.

അശോക്‌ നഗറിലെ ആ ചിത്രശലഭങ്ങളും ചിന്നുക്കുട്ടിയും ഇന്ന് നക്ഷത്രങ്ങളുടെ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്നു.

അന്ന് അവധി ദിവസമായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ നെഴ്‌സറിയില്‍ പോയിരുന്നില്ല. വല്ലപ്പോഴും വീണുകിട്ടുന്ന അവധി എനിക്ക് സന്തോഷത്തിന്‍റെതായിരുന്നു.

കിഴക്കുദിച്ച സൂര്യന്‍ അശോക്‌ നഗറിലെ നാല്പത്തിയഞ്ചാം നമ്പര്‍ വീടിന് മുകളിലെത്തി. സൂര്യന്‍റെ ചൂടില്‍ ചെടികളുടെ ഉന്മേഷം നഷ്ടപ്പെട്ടിരുന്നു.  അവയ്ക്കിടയിലൂടെ അപ്പോഴും ചിത്രശലഭങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. ഉമ്മറപ്പടിയില്‍ നിന്നും ഞാനകത്തേയ്ക്ക് പോയി.

ചിന്നു അമ്മൂനെ ഒരുക്കുന്നു.  ഉറക്കത്തിലും ആ പാവക്കുട്ടി ചിന്നൂനോടൊപ്പം കാണും.  അമ്മ എന്തോ വായിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ ചിന്നൂന്റൊപ്പമിരുന്നു.  കളിക്കൊപ്പുകള്‍ക്കിടയില്‍ നിന്നും ഞാനൊരു ഫോണെടുത്തു.

"ഹലോ.. അമ്മേല്യെ; ഞാനവ്ടുണ്ടോ?"

വായന നിറുത്തി അമ്മ ചിരിച്ചു.

"അമ്മെന്തിനാ ചിരിക്ക്ന്നേ?"

അമ്മ ഒന്നൂടെ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.  ചിന്നു  അമ്മൂനെക്കളഞ്ഞ് ഫോണില്‍ പിടിച്ചു.

"പോന്‍ മോക്ക് വേനം."

"ഇതെന്റ്യാ  നെന്ക്ക് തരൂല്ലാ..."   ഞാന്‍ അലറാന്‍ തുടങ്ങി.

"അമ്മേടെ അനുസരണയുള്ള മോനാണേല്‍ ചിന്നൂന് കൊടുക്ക്."

അമ്മയുടെ അനുസരണയുള്ള മോനാകാന്‍ വേണ്ടിമാത്രം ഞാനത് ചിന്നൂന് കൊടുത്തു.  അവള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോള്‍, അവളുടെ കൊച്ചു പല്ലുകള്‍ പുറത്തു കാണാമായിരുന്നു.

ഞാന്‍ കട്ടിലിനടിയില്‍ നിന്നും എന്‍റെ വിമാനം തപ്പിയെടുത്തു.  നിമിഷനേരം കൊണ്ട് മുറിയില്‍ എയര്‍ റൂട്ടുകളുണ്ടായി.  ഒരു നാല് വയസ്സുകാരന്‍ പൈലറ്റായി മാറുന്നു.  ഒരു വിമാനത്തിന്‍റെ എല്ലാ ഉടമസ്ഥതയും സകല നിയന്ത്രണവും അവന് സ്വന്തമാകുന്നു.

ഇടയ്ക്ക് ചില മൂളലുകളും ഇരമ്പലുകളും കൊണ്ട്  അന്തരീക്ഷം സജീവമാകുന്നു. എനിയ്ക്ക്മാത്രം സ്വന്തമായുള്ളൊരു ലോകത്തിന്‍റെ സ്വകാര്യതയിലേക്ക്  ഞാന്‍ സ്വയം നഷ്ടപ്പെടുന്നു.

"എന്താ മോനേത്!  ഒച്ചവെയ്ക്കാതെ."

" അമ്മേ... ഞാനേയ് വല്യൊരു വിമാനം വാങ്ങാപ്പൂവ്വാ.  എന്‍റെ വിമാനത്തേല് അമ്മെക്കേറ്റാമേ."

അമ്മ ചിരിച്ചു.  " മോനൂ... നീയിങ്ങനൊന്നുമായാപ്പറ്റില്ല.  വല്യ കുട്ടിയായിത്തുടങ്ങി.  അടുത്തര്‍ഷം നെനക്ക് സ്കൂളിപ്പോണ്ടെ!  ന്നിട്ട്  പഠിച്ച് വല്യാളാവണ്ടെ!  അപ്പൊ, അമ്മയ്ക്കെന്തു തരും?"
എനിക്ക് ലേശം നാണം തോന്നിത്തുടങ്ങി. ഇടതു കൈയുയര്‍ത്തി കണ്ണുകളില്‍ തിരുമ്മി.

"എനിക്ക് വല്യാളൊന്നാവണ്ടാ..."

അമ്മ വീണ്ടും ചിരിച്ചു.  പിന്നെ, എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

വിമാനം മേഘപാളികള്‍ക്കിടയിലൂടെ  ഒരു  പക്ഷികണക്കെപ്പറന്നു.  വിമാനത്തോടൊപ്പം മുട്ടിന്മേലിഴഞ്ഞ എന്‍റെ കാലുകളെ മറികടന്ന് ചിന്നുകുട്ടിയും പോയി.
 ആ നാല് ചുമരുകള്‍ക്കുള്ളില്‍ ഞാനും എന്‍റെ വിമാനവും മാത്രമായി.  എന്‍റെ സ്വകാര്യതയില്‍ ഞാന്‍ ചിറകില്ലാതെ പറന്നുനടന്നു.

പെട്ടന്ന് ആരുടെയൊക്കെയോ തേങ്ങലുകളുള്‍ക്കൊണ്ട ഞാന്‍ അവിടെ നിന്നും പിടഞ്ഞെണീറ്റു.  തേങ്ങലുകളുടെ ഉറവിടം തേടി ഞാന്‍ പുറത്തേക്ക് നടന്നു.   മുന്‍വശത്തെ മുറിയില്‍ കൊളുത്തിവെച്ചിരിക്കുന്ന നിലവിളക്കിനു മുന്നില്‍ ചിന്നുക്കുട്ടി സുഖമായി ഉറങ്ങുന്നു. അവള്‍ക്കരികില്‍ അമ്മ അലമുറയിട്ട് കരയുന്നു. കൂടെ അടുത്ത വീട്ടിലെ ചില ആണ്‍ടിമാരുമുണ്ട്. പിന്നെ, ചില അപരിചിത മുഖങ്ങളും.

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വാതില്‍ക്കല്‍ നിന്നു.  എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

ഞാന്‍ അമ്മയുടെ അടുത്തേക്ക്‌ പതിയെ നടന്നു.

എന്നെ കെട്ടിപ്പിടിച്ച് അമ്മ എന്തൊക്കെയോ പറഞ്ഞു; കരഞ്ഞു.

അമ്മയുടെ ദു:ഖം വര്‍ദ്ധിച്ചതു കൊണ്ടാവാം വിമലാണ്‍ടി എന്നെ പിടിച്ചുകൊണ്ടുപോയത്. എപ്പോഴും ചിരിച്ചുകണ്ട വിമലാണ്‍ടിയുടെ മുഖത്തും ദു:ഖത്തിന്‍റെ നേരിയ നിറം മങ്ങല്‍ വ്യാപിച്ചിട്ടുണ്ടായിരുന്നു.

"ആണ്‍ടീ .. ആണ്‍ടീ... അമ്മേന്തിനാ കരേന്നെ?"

"ഒന്നൂല്ല; അനിയത്തിക്ക് പനിയായോണ്ടാ."

"അതിനമ്മ കുത്തീച്ചാ മതീല്ലോ."

വിമലാണ്‍ടീടെ കണ്ണുകള്‍ നിറഞ്ഞു.

അവിടെയിരുന്ന ഏതോ അപരിചിതരുടെ അടുത്ത് എന്നെയിരുത്തി.  അവരുടെ മുഖത്തും  എന്തോ ഒരു മ്ലാനത.

ഞാന്‍ അകത്തേക്ക് നോക്കി.  എന്‍റെ വിമാനം കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അനാഥമായിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ.

അപരിചിതരുടെ ശ്രദ്ധ എന്നില്‍ നിന്നും മാറിയപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തെത്തി. അമ്മ ചുമരില്‍ ചാരിയിരുന്ന് കരയുന്നു.

എന്നെ ചുറ്റിപ്പിടിച്ച അമ്മയുടെ കൈകളില്‍ ഒതുങ്ങിക്കൊണ്ട് ഞാന്‍ അമ്മയോട് ചോദിച്ചു:

"അമ്മേന്തിനാ കരേന്നേ ?"

എന്‍റെ ചോദ്യം അമ്മയുടെ ജ്വലിക്കുന്ന വിഷാദാഗ്നിയില്‍ ഇറ്റുവീഴുന്ന എണ്ണയായി. അമ്മയുടെ നിലക്കാത്തകരച്ചില്‍ കേട്ട് ഞാന്‍ പരിഭ്രമിച്ചു.

"ഇങ്ങനെ കരേണ്ടാമ്മേ... ഇങ്ങനെ കരേണ്ടാ..."

എന്നെ ചുറ്റിപ്പിടിച്ചിരുന്ന അമ്മയുടെ കരങ്ങള്‍ മുറുകി.  അമ്മ എന്നെ തുരുതുരെ ചുംബിച്ചു; കരഞ്ഞു.

"അമ്മേന്തിനാ കരേന്നേ... കുത്തീച്ചാ ചിന്നൂന്‍റെ പനി പോവ്വോല്ലോ."

എന്‍റെ സാന്ത്വനം ഏശിയില്ല.  അമ്മയുടെ കരച്ചില്‍ ഉച്ചത്തിലായി.

ഞാന്‍ പുറത്തേക്ക് നടന്നു.
പൂത്തു നില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ ചിത്രശലഭങ്ങള്‍ പറന്നുനടക്കുന്നു.  മഞ്ഞ, നീല, ചുവപ്പ്, വെള്ള പിന്നെ പല നിറങ്ങളിലുമുള്ളവ.

ഞാന്‍ അവയെ നോക്കിനിന്നു.

ചിത്രശലഭങ്ങള്‍ ഇതളുകളിലിരുന്ന് പൂക്കളോട് ചോദിച്ചു:

"ചിന്നുക്കുട്ടിയെവിടെ?"

എവിടെനിന്നോ ഓടിവന്ന നേര്‍ത്തകാറ്റില്‍ ചെടികള്‍ തലയാട്ടി.

"കണ്ടില്ല"

പായല്‍ പിടിച്ച് നിറം മങ്ങിയ മതിലിന് മുകളിലൂടെ ചിത്രശലഭങ്ങള്‍ പറന്നു.  പലനിറങ്ങളിലുമുള്ളവ. ചെറുതും വലിതുമായവ.

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍ ഒരത്ഭുതമായി എന്നില്‍ നിറയുന്നു .  ഇന്നവ കൈകൊട്ടി       ചിരിക്കുന്നില്ല.

ചിരിക്കാന്‍ മറന്നതുപോലെ!
കൈകളില്ലാത്തതുപോലെ!!

ആരൊക്കെയോ വന്നു. അകത്തുനിന്നും തേങ്ങലുകളുടെ ശക്തി വര്‍ദ്ധിച്ചു.  വന്നുകൊണ്ടിരുന്ന ഓരോ മുഖങ്ങളിലും ഞാന്‍ ആകാംക്ഷയോടെ നോക്കി.  എല്ലാവരിലും ഒരേ ഭാവം മാത്രം.

ഗേറ്റിനരികില്‍ അച്ഛനും ബാബു അങ്കിളും കുറച്ചപരിചിതരും നില്‍ക്കുന്നു.

ഞാന്‍ അച്ഛന്‍റെ അടുത്തു ചെന്നു. അന്നാദ്യമായി അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു.  എപ്പോഴുംഎന്നോട് കളിക്കുന്ന ബാബു അങ്കിളും എന്നെ കണ്ടതായി നടിച്ചില്ല.

"ആമ്പല് പറിക്കാന്‍ നോക്കിയതാവും"  ബാബു അങ്കിള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

എന്നെ അവഗണിച്ചുകൊണ്ടുള്ള  അവരുടെ നില്‍പ്പില്‍ അന്നാദ്യമായി എനിക്കവരോട് വെറുപ്പ്‌ തോന്നി.  ഞാന്‍ അലസമായി വെളിയിലേക്ക് നോക്കി.

ഇടനിരത്തിന്‍റെ അങ്ങേ ഓരത്തെ ചെറിയ കുളത്തില്‍ എന്‍റെ ഫോണ്‍ ഒഴുകി നടക്കുന്നു.

ബാബു അങ്കിളിന്‍റെ വിരലുകള്‍ എന്‍റെ തലമുടിയിലൂടെ പരതിനടന്നു.  ഞാന്‍ തലയുയര്‍ത്തി നോക്കി.

"വണ്ടിയ്ക്ക് ഞാന്‍ പറഞ്ഞിട്ടുണ്ട്"  ബാബു അങ്കിള്‍ അച്ഛനോട് പറഞ്ഞു. പിന്നെ, എന്നെയും പിടിച്ച് വീട്ടിലേക്ക് നടന്നു.

"ബങ്കിളേ...ബങ്കിളേ... അമ്മേന്തിനാ കരേന്നേ?"

"വെറുതെ"

വിമലാണ്‍ടി പറഞ്ഞു ചിന്നുമോക്ക് പണിയായോണ്ട്ന്ന്, തന്നെ ബങ്കിളേ?

"ങാ.. അതെ."

ബാബു അങ്കിള്‍ വിമലാണ്‍ടിയെ വിളിച്ച് എന്തോ പറഞ്ഞു.  വിമലാണ്‍ടി എന്നെയും കൊണ്ട് അകത്തു പോയി. അമ്മു കട്ടിലില്‍ കിടക്കുന്നു.  ആ പാവക്കുട്ടിയ്ക്ക് കൂട്ടായി ചിന്നുവുണ്ടായിരുന്നില്ല.

വിമലാണ്‍ടി മുട്ടിന്മേലിരുന്ന് എന്‍റെ ഷര്‍ട്ടും നിക്കറുമൊക്കെ ഊരി മറ്റൊന്നിടിയിച്ചു.  ചുവപ്പില്‍ കറുത്ത കള്ളികളുള്ള ഷര്‍ട്ടിന്‍റെ ബട്ടണിടുമ്പോള്‍ ഞാന്‍ വിമലാണ്‍ടിയോട് ചോദിച്ചു:

"എവ്ട്യാ ആണ്‍ടി പോവ്ന്നേ?"

"മോന്‍റെ അപ്പൂപ്പന്‍റെ വീട്ടില്"

"നാട്ടിപ്പൂവ്വാ"  എന്‍റെ സന്തോഷത്തിന് അതിര്കളില്ലായിരുന്നു.

ഓല പമ്പരമുണ്ടാക്കിക്കളിക്കാം... കുമ്പള വള്ളിക്കിടയില്‍ ഒളിച്ചുകളിക്കുന്ന തുമ്പിയെ പിടിക്കാം. അതിന് മിടുക്കന്‍ വടക്കേലെ പ്രകാശാ. കൊടിലിന്‍റെ ആകൃതിയിലാക്കിയ കൈവിരലുകള്‍  അവന്‍ തുമ്പിയുടെ പിന്നിലൂടെ കൊണ്ടുപോകും. അതിന്‍റെ ചുവന്ന വാല്‍ കൈവിരലുകള്‍ക്കുള്ളിലായാല്‍ ഇമവെട്ടും പോലെ വിരലുകള്‍ പൂട്ടും. അപ്പോള്‍, ആ വിരലുകള്‍ക്കിടയിലിരുന്ന് അത് ചിരകിട്ടടിക്കും.

പിന്നെയാ അവന്‍റെ പവറ് മുഴുവന്‍ കാട്ടുക. മിന്നല്‍പ്പിണര്‍ പോലെ ഒന്ന് പുളഞ്ഞ് അട്ടഹസിച്ച് ഓടിമറയും. എങ്കിലും, അവന്‍ പാവാ... അവസാനം എനിക്കും ഒരെണ്ണത്തിനെ തരും.

ഞാന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ മുന്‍വശത്തേക്ക് വന്നു. അവിടെത്തെ തേങ്ങലുകളില്‍ എന്‍റെ സന്തോഷം അലിഞ്ഞില്ലാതായി.

ഞാന്‍ ചുമരില്‍ ചാരി നിന്നു. എന്‍റെ വലതു കൈ ഞാനിട്ടിരുന്ന കറുത്ത നിക്കറിന്‍റെ പോക്കറ്റില്‍ എന്തോ പരതിക്കൊണ്ടിരുന്നു.

രാജിച്ചേച്ചിയ്ക്ക് പിന്നിലായി വെളുത്ത ചുവരിലൂടെ ഉറുമ്പുകള്‍ വരിവരിയായി പോകുന്നു. അവയുടെ എണ്ണമെടുക്കാനുള്ള ശ്രമം തോല്‍ക്കുന്ന കളിയായിത്തീര്‍ന്നു.

എനിക്കൊന്നിരിക്കണമായിരുന്നു. ഞാന്‍ പുറത്തേക്ക് നോക്കി. അവിടവിടെയായി കുറച്ചുപേര്‍ സംസാരിച്ചു നില്‍ക്കുന്നു.  ഞാന്‍ തല തിരിച്ച് അമ്മയെ നോക്കി. ചിന്നുക്കുട്ടിയെ നോക്കി. പാകമാകാത്ത ഒരു വലിയ, ചുവന്ന ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന രാജിച്ചേച്ചിയെ നോക്കി.

ഞാന്‍ ചുവരില്‍ ചാരിയിരുന്നു  .

എനിക്കരികിലൂടെ കൂട്ടം തെറ്റിയ ഒരുറുമ്പ് ധൃതിയില്‍ എങ്ങോട്ടോ പോകുന്നു.  നിവര്‍ത്തി വെച്ചിരുന്ന, എന്‍റെ ഇടതുകാല്‍ മടക്കി മുട്ടിനു മുകളില്‍ തലയുറപ്പിച്ച് ഞാന്‍ ഉറുമ്പിനെ നോക്കിയിരുന്നു.  അതിന്‍റെ യാത്രയുടെ ഓടുങ്ങലുകളില്‍ ഞാനുറങ്ങിപ്പോയി.

രാജിച്ചേച്ചിയുടെ സ്പര്‍ശനത്താല്‍ ഞാനുണര്‍ന്നു.

"മോനുറക്കം വരുന്നോ?"

ഞാനൊന്നും പറഞ്ഞില്ല. രാജിച്ചേച്ചിയെ നോക്കി.   ഉറുമ്പിനെ നോക്കി; കണ്ടില്ല. മടക്കിവെച്ചിരുന്ന കാല്‍ നിവര്‍ത്തു.

രാജിച്ചേച്ചിയുടെ വലതു കൈ  എന്‍റെ തോളിലൂടെ ഊര്‍ന്നിറങ്ങി. ചേച്ചിയുടെ മാറില്‍ ചാരിയിരിക്കുമ്പോള്‍, ഗേറ്റിന് പുറത്ത് ഇടനിരത്തില്‍ ഒരു വാന്‍ വന്നു നിന്നു. വാനിന്‍റെ വെളുത്ത പുറത്തെ ചുവന്ന ക്രോസ്സിനുതാഴെ AMBULANCE എന്നെഴുതിയിരിക്കുന്നു.

വാനില്‍ വിമലാണ്‍ടിയുടെ മടിയിലിരുന്ന് ഞാന്‍ പുറത്തേക്ക് നോക്കി.

അശോക്‌ നഗറിലെ  നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ ഗേറ്റിന് പുറത്തെ ഇടനിരത്തില്‍ രാജിച്ചേച്ചിയും മറ്റും കാഴ്ചക്കാരായി നില്‍ക്കുന്നു.  അവര്‍ക്ക് പിറകില്‍ ആമ്പല്‍ക്കുളത്തില്‍ ഒഴുകിനടക്കുന്ന ഫോണ്‍ ഒരു വേദനയായി എന്നില്‍ നിറയുന്നു.  ഞാന്‍ മുഖം തിരിച്ച് ചിന്നുക്കുട്ടിയെ നോക്കി.

വാന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങി.  അശോക്‌ നഗറിലെ വീടുകളും ഇടനിരത്തിലെ  ഇലക്ട്രിക്  പോസ്റ്റുകളും പിന്നിലേക്ക്‌ നീങ്ങുന്നു.

രാജിച്ചേച്ചിയും മറ്റും കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.  ഇടനിരത്ത് കടന്ന് വാന്‍ മെയിന്‍ റോഡിലിറങ്ങി വലത്തോട്ട് തിരിഞ്ഞു.

സൈഡ് ഗ്ലാസിലൂടെ സായന്തന സൂര്യന്‍റെ ചുവന്ന കിരണങ്ങള്‍ മടിച്ചു മടിച്ച് വാനിനകത്തേക്ക് കടന്നുവന്നു.

കവലകള്‍ പലതും പിന്നിട്ടു. പാടങ്ങളും കുന്നുകളും പിന്നിലാക്കി വാന്‍ മുന്നോട്ടുപോയി.  പോസ്റ്റുകള്‍ ധാരാളം പിന്നിലേക്കോടി മറഞ്ഞു. ഒടുവില്‍, നിറഞ്ഞൊഴുകുന്ന കല്ലടയാറും റോഡിനരികില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കളമലപ്പള്ളിയും ചെമ്മണ്‍പാതയ്കരികില്‍ നില്‍ക്കുന്ന, പടിഞ്ഞാറ്റേക്കാരുടെ കൂറ്റന്‍ പ്ലാവും കണ്ടപ്പോള്‍, നാട്ടിലെത്തീന്ന് മനസ്സിലായി.

ചെമ്മണ്‍പാതയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാന്‍ മുറ്റത്തു നിന്നു,

വീട്ടില്‍ നിന്നൊരു കൂട്ട നിലവിളിയുയര്‍ന്നു. ഞങ്ങളുടെ വരവ് അവിടെ നേരത്തേ അറിഞ്ഞിരിക്കുന്നു.  ബന്ധുക്കളും പരിചയക്കാരെയും കൊണ്ട് അവിടം നിറഞ്ഞിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് ചിന്നുക്കുട്ടിയെ വാനില്‍ നിന്നെടുത്ത് ഉമ്മറത്ത് കൊളുത്തിവെച്ച നിലവിളക്കിനു മുന്നില്‍ കിടത്തി.

അശോക്‌ നഗറിലെ ആമ്പല്‍ക്കുളവും അതിലൊഴുകി നടന്ന ഫോണും ഒരു കറുത്ത ബിന്ദുവായി എന്നില്‍ നിറയുന്നു.  ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു.

മഞ്ഞും മങ്ങിയ നിലാവും ചന്ദനത്തിരിയുടെ കൂര്‍ത്ത മണവും ചേര്‍ന്ന് ദു:ഖത്തിന്‍റെ സ്പന്ദനങ്ങള്‍ നിറച്ചു.

പൊടുന്നനെ തേങ്ങലുകള്‍ ഉച്ചത്തിലായി.  ആരൊക്കെയോ ചിന്നുക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകുന്നു. അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ എന്നെ കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞു.

"നമമ്ടെ ചിന്നുമോള്  പോയ്‌ മോനെ. അമ്മയ്ക്കിനി മോന്‍ മാത്രേള്ളൂ"

ഞാന്‍ മാത്രമേയുള്ളു പോലും! അമ്മയെന്തു വിഡ്ഢിത്തമാ  പറയുന്നത്!! പക്ഷേ, ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.

മഞ്ഞും മങ്ങിയ നിലാവും ചന്ദനത്തിരിയുടെ കൂര്‍ത്ത മണവും ചേര്‍ന്ന അന്തരീക്ഷത്തിലൂടെ, ഒരിക്കലും അവസാനിക്കാത്ത ഒരു സംഗീതം പോലെ, ചിത്രശലഭങ്ങള്‍ പറന്നു പോവുകയായിരുന്നു.


Wednesday, 14 May 2014

കാവ്യനഭസ്സിലെ വെള്ളിനക്ഷത്രം - പ്രോമോമഹാകവി എം.പി അപ്പനെ കുറിച്ച് മീഡിയാ കെയര്‍  നിര്‍മ്മിച്ച 'കാവ്യനഭസ്സിലെ വെള്ളിനക്ഷത്രം' എന്ന ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പ്രോമോ ഫിലിം.

ഇക്കഴിഞ്ഞ ഏപ്രില്‍ 30ന്, തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍, സിംഫണി ഹാളില്‍ നടന്ന പ്രഥമ എം.പി അപ്പന്‍ പുരസ്കാരദാനച്ചങ്ങില്‍ വെച്ച് ബഹു: കേരള ആഭ്യന്തരമന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തല ഈ പ്രോമോ ഫിലിം റിലീസ് ചെയ്തു.

വിവരണം: പ്രൊഫ. അലിയാര്‍.
ആലാപനം: ലക്ഷ്മി ദാസ്‌.
ഛായാഗ്രഹണം: ബൈജു.
ചിത്ര സന്നിവേശം: വിപിന്‍.
രചന, സംവിധാനം: എ.എല്‍ അജികുമാര്‍.

Sunday, 11 May 2014

വിവാഹ സമ്മാനം

വളരെ മുന്‍പ് കേട്ട ഒരു കഥയാണിത്.  വിവാഹമോചനം  വര്‍ദ്ധിച്ചുവരുന്ന നമ്മുടെ നാട്ടില്‍ ഈ കഥയ്ക്ക്‌ ഇന്നും പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നു.   
മകളുടെ വിവാഹത്തലേന്ന് അമ്മ അവളുടെ കൈയിൽ
ഒരു ബാങ്ക് പാസ്ബുക്ക് നല്കിയിട്ട് പറഞ്ഞു:  ''നിന്‍റെ വിവാഹത്തിന്‍റെ ഓർമക്കായി ഞാൻ ആരംഭിച്ച അക്കൗണ്ടാണ്. ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു തുക നിക്ഷേപിക്കണം.  പാസ്ബുക്കിന്‍റെ മറുവശത്ത് എന്തിനാണത് നിക്ഷേപിക്കുന്നതെന്ന് എഴുതുകയും വേണം.'' 
മകൾസന്തോഷത്തോടെ സമ്മതിച്ചു. 
അവളത് തുറന്നുനോക്കിയപ്പോൾ തലേദിവസത്തെ തീയതിയിൽ 1000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറുഭാഗത്ത് വിവാഹത്തിന്‍റെ ഓർമ്മയ്ക്ക് എന്ന് എഴുതിയിരുന്നു.
മൂന്ന് വർഷങ്ങൾക്കുശേഷം, ഒരു ദിവസം രാവിലെ മകൾ അമ്മയ്ക്ക് ഫോൺചെയ്ത് 
തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം അറിയിച്ചു.
''എന്താണ് കാരണം?'' അമ്മ ചോദിച്ചു.
ഇങ്ങനെ ഒരാളുടെ കൂടെ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്നാണ് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതെന്നായിരുന്നു അതിന് നല്കിയ മറുപടി.  
അമ്മ എത്ര സമാധിനിപ്പിച്ചിട്ടും  മകൾ തീരുമാനത്തിൽ ഉറച്ചുനിന്നു.  
ഞങ്ങൾ രണ്ടു പേരും പര്സ്പരമാലോചിച്ച് തീരുമാനിച്ചതാണെന്ന വിവരവും അമ്മയെ അറിയിച്ചു.
''നിങ്ങളുടെ തീരുമാനം ഉറച്ചതാണെങ്കിൽ വിവാഹാവസരത്തിൽ ആരംഭിച്ച അക്കൗണ്ടിലെ പണം 
രണ്ടു പേരും കൂടി ചെലവഴിച്ചിട്ട് വന്നാൽമതി.  പരാജയപ്പെട്ട വിവാഹത്തിന്‍റെ ഓർമയ്ക്കായി 
ഇനിയൊന്നും സൂക്ഷിക്കുന്നതിൽ അർത്ഥമില്ല.''  അമ്മ പറഞ്ഞത് കേട്ട് മകൾ ഉടനെ അലമാരിയിൽനിന്നും പാസ്ബുക്ക് എടുത്തു.  മൂന്നു വർഷംകൊണ്ട് വലിയൊരു തുക നിക്ഷേപിച്ചിരുന്നു.  അവൾ മറുവശത്ത് നിക്ഷേപിച്ചതിന്‍റെ കാരണങ്ങൾ വായിച്ചു. വിവാഹശേഷമുള്ള 
ആദ്യ ക്രിസ്മസ് - 2000 രൂപ. വിവാഹശേഷമുള്ള ഭർത്താവിന്‍റെ ആദ്യത്തെ പിറന്നാൾ - 1000 രൂപ.
ഭർത്താവിന് പ്രമോഷൻ ലഭിച്ചു - 2000 രൂപ. വിവാഹ വാർഷികം - 2000 രൂപ. ഭർത്താവിന്‍റെ സ്നേഹനിധികളായ മാതാപിതാക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിനായുള്ള യാത്ര - 1000 രൂപ. ഗർഭിണിയായതിന്‍റെ സന്തോഷത്തിന് - 1000 രൂപ. മോന്‍റെ ആദ്യത്തെ ജന്മദിനം - 1000 രൂപ. ഞാൻ ആശുപത്രിയിൽ കിടന്ന ഒരു മാസം മുഴുവൻ ഭർത്താവ് അവധിയെടുത്ത് ശുശ്രൂഷിച്ചതിന്‍റെ ഓർമയ്ക്ക് - 2000രൂപ. നഗരത്തിലെത്തിയ സർക്കസ് കാണാൻ പോയി - 500രൂപ.....  അങ്ങനെ ഏതാനും വർഷങ്ങളിലെ സന്തോഷകരമായ അനുഭവങ്ങളുടെ നീണ്ട പട്ടികയായിരുന്നു അതിൽ ഉണ്ടായിരുന്നത്.  വൈകുന്നേരം ഭർത്താവ് ഓഫീസിൽനിന്നും എത്തിയപ്പോൾ പാസ്ബുക്ക് നീട്ടിയിട്ട് അമ്മയുടെ നിർദ്ദേശം അറിയിച്ചു.  അല്പം കഴിഞ്ഞ് എന്തോ സാധനങ്ങൾ എടുക്കാനായി മുറിയിലേക്ക് കയറാൻ തുടങ്ങിയ
അവൾ കണ്ടത്.  ഭർത്താവ് പാസ്ബുക്കിന്‍റെ മറുവശത്ത് എഴുതിയിരുന്ന ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുന്നതാണ്.  അര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ പാസ്ബുക്കുമായി അവളുടെ അടുത്തെത്തി. നീ എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും നല്കിയ സന്തോഷങ്ങളുടെയും ഓർമയ്ക്കായി എന്ന് ബുക്കിൽ രേഖപ്പെടുത്തിയിട്ട് തുക എഴുതാത്ത ഒരു ചെക്കും അതിൽ വച്ചിരുന്നു. 
അവൾഅമ്പരപ്പോടെ ഭർത്താവിനെ നോക്കി. അയാൾ അവളുടെ കരങ്ങളിൽ പിടിച്ചിട്ടു ചോദിച്ചു: "കഴിഞ്ഞതൊക്കെ രണ്ടു പേർക്കും മറക്കാനുള്ളതല്ലേ ഉള്ളൂ?" 
അതെയെന്ന്അവൾ തലയാട്ടുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അംഗീകരിക്കാനും പൊരുത്തപ്പെടാനും വിഷമമുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ
കഴിഞ്ഞകാലത്തെ നന്മകളെപ്പറ്റിയും പങ്കാളിയുടെ സ്നേഹത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചാല്‍ മതി, 

ആ സമയത്ത് വൈകാരികമായി തീരുമാനങ്ങളെടുത്താൽ അതു നമ്മെ വഴിതെറ്റിക്കും

'ദൈവ' പുത്രന്‍

തലച്ചോറില്‍ അർബുദം ബാധിച്ച കുട്ടിയായിരുന്നു ചെൻ ക്സിയോറ്റ്യൻ.       ചെന്നിന്‍റെ അമ്മ  സു ഒ ലുവാകട്ടെ വൃക്ക രോഗ ബാധിതയും. ഇരുവരും ആശുപത്രിയും ചികിത്സയും മരുന്നും മാത്രമായി കഴിയുകയായിരുന്നു. ചെന്നിന്‍റെ അവസ്ഥ വളരെ മോശമായി തുടങ്ങി. അവൻ മരിച്ചാൽ അവന്‍റെ അമ്മയ്ക്ക് പുതിയൊരു ജീവിതം കിട്ടുമെന്ന് അറിയാമായിരുന്ന അവൻ തന്നെയാണ് അവനെ മരിക്കാൻ അനുവദിക്കണമെന്ന് അവന്‍റെ അമ്മയോട് അപേക്ഷിച്ചത്. ചെന്നിന്‍റെ അമ്മ വൃക്കരോഗബാധിത ആയത്തിനു കുറച്ചു മാസങ്ങൾക്ക് മുൻപാണ്‌ ചെന്നിന്‍റെ അർബുദം കണ്ടെത്തിയത്. വർഷങ്ങളോളം ഇരുവരും രോഗത്തിന് ചികിത്സ  ചെയ്തു വരികയായിരുന്നു. രോഗം മൂർച്ഛിക്കാൻ തുടങ്ങിയതോടെ ചെന്നിന്‍റെ കാഴ്ച്ച നഷ്ടപ്പെടുകയും ശരീരം തളർന്നു പോവുകയും ചെയ്തതോടെ,  ഡോക്ടർമാർ ചെൻ അധിക കാലം ജീവിച്ചിരിക്കില്ല എന്നും താല്പര്യമുണ്ടെങ്കിൽ ചെന്നിന്‍റെ വൃക്ക സുഒ യുടെ ശരീരത്തിൽ യോജിക്കുമെന്നും ഡോക്ടർമാർ അറിയിച്ചത്. എന്നാൽ, സുഒ അത് കേട്ടപാടെ നിരസിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അറിഞ്ഞ ചെൻ ആണ് അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അമ്മയെ തന്‍റെ വൃക്ക സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. ചെന്നിന് അവന്‍റെ അമ്മയ്ക്ക് ഒരു പുതിയ ജീവിതം നൽകി രക്ഷിക്കുക എന്ന ഉറച്ച തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം തന്‍റെ മകന്‍റെ ഒരു ചെറിയ ഭാഗമെങ്കിലും തന്നിലൂടെ ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിൽ സുഒ അതിനു സമ്മതിക്കുകയായിരുന്നു. ഏപ്രിൽ 2 നു മരിച്ച ചെന്നിന്‍റെ വൃക്ക അവന്‍റെ അമ്മയ്ക്ക് ഘടിപ്പിക്കുകയും ചെയ്തു. സുഒ ഇപ്പോൾ ആരോഗ്യവതിയായിരിക്കുകയാണ്.
ഇങ്ങനെ ഒരു മകന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിന്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..

Friday, 9 May 2014

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...

കുറച്ചുകാലം മുന്‍പുവരെ ഈ കാഴ്ച കേരളത്തില്‍ സര്‍വ്വസാധാരണമായിരുന്നു. പക്ഷേ, ഒരു ഡോക്യുമെന്‍ററി ചിത്രത്തിനായി ഈ ദൃശ്യം ചിത്രീകരിക്കുന്നതിനു വേണ്ടി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഞങ്ങള്‍ക്ക് അന്വേഷിച്ചു നടക്കേണ്ടി വന്നു. ആളുകള്‍ പശുവളര്‍ത്തല്‍ നിറുത്തിയിട്ടല്ല; പുഴകള്‍ അന്യംനിന്നുപോയിട്ടുമല്ല.  ഒരുപാടുപേര്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പലരും കന്നുകാലി ഫാം നടത്തി ഉപജീവനം കഴിക്കുന്നവരുമാണ്.  അവര്‍ക്കൊന്നും മുഴുവന്‍ കന്നുകാലികളെയും പുഴയില്‍ കൊണ്ടുവന്നു കുളിപ്പിക്കുക എന്നത് എളുപ്പമല്ല. കാലികളുടെ എണ്ണം കൂടുതലാണ് എന്നതുകൊണ്ടുതന്നെ.  എന്നാല്‍, ഒന്നോരണ്ടോ പശുക്കളെ വളര്‍ത്തുന്നവരുടെ കാര്യം അങ്ങനെയല്ല.  അവര്‍ക്ക് കന്നുകാലികളെ പുഴയില്‍ കൊണ്ടുപോകാന്‍ കഴിയും.  പക്ഷേ, ഇപ്പോള്‍ അവരും പുഴയിലേക്ക് പോകുന്നില്ല. വീടിലെ പൈപ്പില്‍ നിന്നു ഹോസ് ഉപയോഗിച്ചു കാലികളെ കുളിപ്പിക്കുകയാണ് ചെയ്യുന്നത് . കുറച്ചിലായി കണ്ടിട്ടൊന്നുമല്ല ആരും പുഴയിലേക്കു കാലികളെകൊണ്ട് പോകാതിരിക്കുന്നത്.  മണല്‍ എടുത്ത് പല പുഴകളിലും വലിയ കയങ്ങളുണ്ടായി.  പുഴ ഒരു വലിയ അപകടമെഖലയായിത്തീര്‍ന്നു.  എന്നാല്‍, ഡോക്യുമെന്‍ററി ചിത്രത്തില്‍ ഇങ്ങനെ ഒരു ദൃശ്യം വേണമെന്നത് എന്‍റെ ഒരു വാശിയായിരുന്നു.  ഒടുവില്‍, തിരുവനന്തപുരം ജില്ലയില്‍പ്പെട്ട പാലോട് എന്ന ഗ്രാമത്തിലൂടെ സഞ്ചരികുമ്പോള്‍ കൈയില്‍ പാല്‍പ്പാത്രവും പിണ്ണാക്കുമായി പോകുന്ന ഈ ചേട്ടനെ കണ്ടത്. വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി, ഒറ്റ ശ്വാസത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. എന്‍റെ ശബ്ദത്തിലെ നിരാശ തിരിച്ചറിഞ്ഞിട്ടാണോ എന്തോ, അദ്ദേഹം ഒരു തടസ്സവും പറയാതെ സമ്മതിച്ചു.  ഞങ്ങളെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. സമീപത്തെ ആറ്റില്‍ പശുവിനെയും കിടാവിനെയും കൊണ്ടുവന്നു, ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ അവയെ കുളിപ്പിച്ചു.  ആ പശുവും കിടാവും ചേട്ടനുമൊക്കെ ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

Thursday, 24 April 2014

കാളിയന്‍റെ വാസസ്ഥലങ്ങള്‍


കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി, ഈണം മുഴങ്ങും പഴംപാട്ടില്‍ മുങ്ങി, മലയാളി മനസ്സുകളിലൂടെ ഒഴുകിയ ഈ തോട് ഇന്ന് പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞു നശിച്ചു കൊണ്ടിരിക്കുന്നു.  കൌമാര കുതൂഹങ്ങളാലോ നെഞ്ചുനിറയെ സിനിമ ഉണ്ടായിരുന്നതുകൊണ്ടോ 'കിരീടം' എന്ന ചലച്ചിത്രം കണ്ട് വെള്ളയാണിയിലെ ഈ തോട് കാണാന്‍ എന്‍റെ ബി.എസ്.എ - എസ്. എല്‍. ആര്‍ സൈക്കിള്‍ ചവിട്ടി പോയത് ഞാനിന്നുമോര്‍ക്കുന്നു.  അവിടെ തോടിനു കുറുകെയുള്ള പാലത്തിന്‍റെ സിമന്‍റ് കൈവരിയില്‍ മോഹന്‍ലാലിനെ അനുകരിച്ചു ചാരിയിരിക്കുമ്പോള്‍, മനസ്സില്‍ പറയുന്നുണ്ടായിരുന്നു ഇവിടെവെച്ചു ഒരുനാള്‍ ഞാനും എന്‍റെ സിനിമ ചെയ്യുമെന്ന്.  വര്‍ഷങ്ങള്‍ക്കുശേഷം എന്‍റെ ഒരു ഡോക്യുമെന്‍ററി ചിത്രത്തിനായി ഞാന്‍ അവിടെ പോയി.  വീണ്ടും അവിടം കാണുമ്പോള്‍ മനസ്സ് പുള്ളോര്‍ക്കുടം പോലെ തേങ്ങുന്നു.  പണ്ട് ഒരുപാടുപേര്‍ അവിടെ കുളിക്കുകയും തുണി അലക്കുകയും ഒക്കെ ചെയ്തിരുന്നു.  പക്ഷേ, ഇന്ന് ആ വെള്ളം തൊട്ടാല്‍ ചൊറി പിടിക്കും.  നമ്മുടെ ജലസ്രോതസ്സുകള്‍ മുഴുവന്‍ ഇന്ന് കാളിയന്‍റെ വാസസ്ഥലം ആയിരിക്കയാണല്ലോ!  സഹിക്കാനാവുന്നില്ല.  വരും തലമുറയ്ക്ക് വിഷം മാത്രം ബാക്കിവെച്ചവര്‍ എന്ന ദുഷ്പ്പേരുമായി നമുക്ക് മരിക്കേണ്ടിവരുമോ!!!

Monday, 21 April 2014

പാടം പോയ കാലം!

ഒരു ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി നെല്‍പ്പാടം അന്വേഷിച്ചു ഞങ്ങള്‍ ഇറങ്ങി.  കൃഷി എത്രയൊക്കെ ഇല്ലാതായി എന്നു പറഞ്ഞാലും അരിയല്ലേ ഇന്നും നമ്മുടെ മുഖ്യ ഭക്ഷണം! അപ്പോള്‍ കുറെയൊക്കെ നല്ല പാടങ്ങള്‍ ഉണ്ടാകാതെ തരമില്ല എന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചു.  പല യാത്രകളിലും കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടങ്ങളും അതിനിടയില്‍ ഒറ്റക്കാലില്‍ താപസ്സുചെയ്യുന്ന കൊക്കുകളെയും നാം എത്ര തവണ കണ്ടിരിക്കുന്നു!  ആ ഓര്‍മ്മകളിലേക്കു തന്നെയായിരുന്നു വയല്‍ അന്വേഷിച്ചുള്ള ഞങ്ങളുടെ ആദ്യ യാത്രകള്‍.  പക്ഷേ, സ്ഥലത്ത് എത്തിയപ്പോഴാണ്, 'ഇവിടെ പണ്ട് ഒരു വയലുണ്ടായിരുന്നു' എന്ന് ഞങ്ങള്‍ക്ക് തിരുത്തി പറയേണ്ടിവന്നത്.  ഇത്തരം തിരുത്തലുകള്‍ ഒത്തിരി നടത്തേണ്ടിവന്നു ഞങ്ങള്‍ക്ക്. ചിലയിടങ്ങളില്‍ നാമമാത്രമായി പാടങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ട്.  പക്ഷേ, അവിടെയൊന്നും ഞാറ്റുപാട്ടും കൊയ്ത്തുപാട്ടുമൊന്നുമില്ല കേട്ടോ. അരിവാളും കലപ്പയും കാളയും പോത്തുമൊക്കെ ഇന്ന് നമ്മുടെ പാടങ്ങളില്‍ നിന്നും നിഷ്കാസിതമായിക്കഴിഞ്ഞു.   കണ്ടമൊരുക്കാനും ഞാറ് നടാനും കളപറിക്കാനും കൊയ്യാനുമൊന്നും ഇന്ന് പെണ്ണാളും ആണാളുമില്ല.  അവയ്ക്കെല്ലാമിന്ന് യന്ത്രങ്ങളും അതിന്‍റെ ഓപ്പറേറ്ററും മാത്രം.  നമ്മുടെ നാട്ടുരാജ്യങ്ങളെ കീഴടക്കി വിദേശികള്‍ അധികാരം പിടിച്ചെടുത്തപ്പോഴും വിലയേറിയ രത്നങ്ങള്‍ കൈയടക്കിയപ്പോഴും നാം ഊറ്റം കൊണ്ടിരുന്നു; നമ്മുടെ തിരുവാതിരയും ഞാറ്റുവേലയുമൊന്നും അവര്‍ക്ക് കട്ടുകൊണ്ട് പോകാനാവില്ല എന്ന്.  പക്ഷേ, ഇന്ന് നാം തന്നെ അവയെയൊക്കെയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.  മലയാളികള്‍ക്ക് സ്വത്വം നഷ്ടപ്പെടുകയാണോ?!

Sunday, 20 April 2014

ഒരു പേരില്‍ എന്തൊക്കെയോ ഇരിക്കുന്നു!

സിനിമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം മുതല്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം, കഴിഞ്ഞദിവസം എന്‍റെ ഒരു സുഹൃത്തില്‍ നിന്നും ഉണ്ടായി. സിനിമയുടെ ക്രെഡിറ്റ് ടൈറ്റിലില്‍ എന്‍റെ പേരിനൊപ്പം സ്ഥലപ്പേരുകൂടെ ചേര്‍ക്കാത്തതെന്ത്?  നായ സ്വന്തം വാല് ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നതുപോലെ പേരിനൊപ്പം ചേര്‍ത്തുവെയ്ക്കാന്‍ എനിക്കൊരു സ്ഥലമില്ല!  കല്ലടയാറിന്‍റെ തീരത്തെ ഒരു കൊച്ചു ഗ്രാമത്തില്‍ സാമാന്യം നല്ല ഗൃഹാന്തരീക്ഷവും ഉയര്‍ന്ന രാഷ്ട്രീയബോധവുമുള്ള ഒരു കുടുംബത്തിലെ അംഗമായി തലസ്ഥാന നഗരിയില്‍ ഞാന്‍ ജനിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍റെ സ്ഥലം മാറ്റത്തിനനുസ്സരിച്ച് പല നാടുകളിലായിട്ടായിരുന്നു എന്‍റെ ബാല്യകൗമാരങ്ങള്‍.  ആ നാടുകളിലെ ജീവിതവും സംസ്കാരവും എന്നില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  അപ്പോള്‍ ആ സ്ഥലങ്ങളെ ഞാന്‍ മറക്കാന്‍ പാടില്ല.  പിന്നീട്, തിരുവനന്തപുരത്ത്‌ സ്ഥലവും വീടും വാങ്ങി.  ചില പേപ്പറുകളിലും മറ്റും അതിന്‍റെ അവകാശം എന്‍റെ പേര്‍ക്കാണെങ്കിലും വേറെ ചിലരും ആ സ്ഥലത്തിന് അവകാശികളാണ്.  ഒരു ഏഴെട്ടു കാക്കകള്‍, രണ്ടോ മൂന്നോ അണ്ണാന്‍, ഒന്നുരണ്ടു പൂച്ചകള്‍ ഇവരൊക്കെ രാവിലെ വന്നു ബഹളം വെച്ച് എന്തെങ്കിലും വാങ്ങി കഴിച്ചു നാല് പാടും പോകും... ഇനി ഞങ്ങള്‍ അറിയാതെ, ഒരു അവകാശം എന്നവണ്ണം, വീട്ടില്‍ കടന്നു കയറി തേങ്ങയും മറ്റു ഭക്ഷണസാധനങ്ങളും കരണ്ട് തിന്നുന്ന എണ്ണമറിയാത്ത എലികള്‍.  ചിലപ്പോള്‍, ദേഷ്യം തീര്‍ക്കാനെന്നവണ്ണം എന്‍റെ ചില പഴയ പുസ്തകങ്ങളും ഇവര്‍ കരണ്ട് നശിപ്പിക്കാറും ഉണ്ട് ! ഇവരൊക്കെയും ആ ഭൂമിക്ക് അവകാശികളാണ്.  ഒരുപക്ഷേ, അവരുടെ സ്ഥലത്തേക്ക് ഞാന്‍ നുഴഞ്ഞുകയറിയതും ആവാം!  ഇപ്പോള്‍ മനസ്സിലായില്ലേ അവരെപ്പോലെ ഞാനും ഒരു വിശ്വപൗരനാണ്.  അപ്പോള്‍ ഞാന്‍ ഏതു സ്ഥലപ്പേരു ചേര്‍ക്കും എന്‍റെ പേരിനൊപ്പം?

Friday, 18 April 2014

ഒരു മിന്നാമിനുങ്ങിന്‍റെ താരാട്ട്.

ഇന്നലെ രാത്രി ഇടിയുടെയും മിന്നലിന്‍റെയും അകമ്പടിയോടെ ഒരു മഴ കടന്നു വന്നു. പെട്ടന്ന് കറണ്ട് പോയി. ഫെയിസ്ബുക്ക് അടച്ചുവെച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു. തുറന്നു കിടന്ന ജനാലയിലൂടെ അപ്രതീക്ഷിതമായി ഒരു മിന്നാമിനുങ്ങ് എന്‍റെ മുറിയിലേക്ക് പറന്നു വന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിരുന്നു; ഞാന്‍ ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട്. അച്ഛന് സര്‍ക്കാര്‍ജോലി ആയിരുന്നതിനാല്‍ മാറി മാറി ഒരുപാട് ഗ്രാമങ്ങളിലായാണ് ഞാന്‍ വളര്‍ന്നത്‌. അവിടങ്ങളിലോക്കെയും ഒരുപാട് മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവയൊക്കെയും പേടിയും അത്ഭുതവും എന്നില്‍ നിറച്ചിരുന്നു. ഫോസ്ഫറസ് ആണ് മിന്നാമിനുങ്ങിന്‍റെ വെളിച്ചത്തിന്‍റെ രഹസ്യം എന്ന് ഞങ്ങളുടെ സയന്‍സ് സാര്‍ പറഞ്ഞുതന്നതോടെ അത്ഭുതം ഒരു സത്യമായി മനസ്സ് സമ്മതിച്ചു. എന്നാല്‍ പേടിയുടെ കഥ മറ്റൊന്നാണ്. മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്കിനു മുന്നിലിരുന്നു പാഠപുസ്തകങ്ങള്‍ ഉരുവിട്ട് പഠിക്കുന്നതിനിടയില്‍ എന്‍റെ കാതുകള്‍ പുറത്തെ കട്ടപിടിച്ച ഇരുട്ടില്‍നിന്നും ചില കാലൊച്ച‍ കേള്‍ക്കും. പിന്നെ മനസ്സ് അര്‍ജുനന്‍റെ പത്തു നാമങ്ങള്‍ വേഗത്തില്‍ ചൊല്ലാന്‍ തുടങ്ങും: ” അര്‍ജുനന്‍ , പാര്‍ഥന്‍…..” ഇടയ്ക്കു അറിയാതെ കണ്ണുകള്‍ പുറത്തെ ഇരുട്ടിലേക്കൊന്നു പാളിനോക്കും. ഭൂതമായി വേഷം മാറുന്ന മിന്നാമിനുങ്ങുകള്‍ വാഴകള്‍ക്കിടയിലൂടെ പാറിനടക്കുന്നു. പെട്ടന്നാണ് കളിക്കൂട്ടുകാരി പ്രേമലത പകര്‍ന്ന വിജ്ഞാനം മനസ്സില്‍ ഓടിയെത്തുന്നത്: “കുട്ടീ.. അത് പ്രേതങ്ങള്‍ ബീഡി വലിക്കുന്നതാ… പ്രേതങ്ങളെ മനുഷ്യര്‍ക്ക്‌ കാണാന്‍ പറ്റൂല… തീ മാത്രമേ കാണാന്‍ പറ്റു.” പുസ്തകം മടക്കി ഞാന്‍ പെട്ടന്ന് അകത്തു കയറും. പിന്നെ ഉറക്കെ വിളിച്ചു പറയും: “അമ്മെ വിശക്കുന്നു, ചോറ് വിളമ്പ്”.
ഓര്‍മകളെ തിരികെ തന്നുകൊണ്ട് ആ മിന്നാമിനുങ്ങ് എനിക്ക് മുകളില്‍ പാറി നടക്കുന്നുണ്ടായിരുന്നു. പഴയ ഭയം എന്നില്‍നിന്നും മാറി എന്നറിഞ്ഞിട്ടാവും പതിയെ താഴ്ന്നു വന്നു എന്‍റെ തലയിണയുടെ അരികിലായി ഇരുന്നു. അതിന്‍റെ വെളിച്ചത്തെ നോക്കി ഞാന്‍ കിടന്നു. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി. സുഖമായി ഉറങ്ങി. ഒരുപക്ഷേ, മിന്നമിനുങ്ങുകളെ തെറ്റിദ്ധരിച്ച ആ പഴയ ചെക്കനെ ആ മിന്നാമിനുങ്ങുകള്‍ ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം. അവനെ ഒന്ന് താരാട്ടുപാടി ഉറക്കാന്‍ വന്നതായിരിക്കണം ആ മിന്നാമിനുങ്ങ്!

മുന്‍മൊഴി

ആഴവും പരപ്പുമേറിയ ബ്ലോഗിന്‍റെ ലോകത്തിലേക്ക് ഭയാശങ്കകളോടെയും അതീവ സന്തോഷത്തോടെയും ഞാന്‍ കടന്നുവരുകയാണ്.  ഈ മാന്ത്രിക വലയുടെ സാങ്കേതികവശങ്ങള്‍ ഇനിയും പൂര്‍ണമായി വഴങ്ങിയിട്ടില്ല എന്നതാണ് എന്‍റെ ഭയാശങ്കകള്‍ക്ക് കാരണം.  എന്നാല്‍, മനസ്സിലെ തോന്നലുകളെ മറ്റൊരാളുടെയും അനുവാദത്തിനായി കാത്തുനില്‍ക്കാതെ ഈ ലോകത്തിനോടായി വിളിച്ചുപറയാന്‍ സാധിക്കുമെന്നതാണ് ബ്ലോഗ്‌ എന്നെ സന്തോഷിപ്പിക്കുന്നത്.
‘സ്വന്തം’ എന്ന ഈ ബ്ലോഗിലൂടെ ആശയ സംവേദനത്തിനായി പുതിയൊരു മാധ്യമം എനിക്ക് തുറന്നു കിട്ടുമ്പോള്‍ ഞാന്‍ സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന മുഖങ്ങള്‍ നിരവധിയാണ്.  ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന് വാക്കുകളുടെ വര്‍ണ്ണപ്രപഞ്ചം എനിക്ക് പ്രാപ്തമാക്കിയ കുഞ്ഞുകൃഷ്ണന്‍ സാറിന്‍റെ മുഖം.  പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സ്കൂള്‍ നാടകങ്ങള്‍ രചിച്ചപ്പോള്‍ കഥാപാത്രങ്ങളുടെ മാനസികനിലമാത്രം നോക്കിയല്ല അവരുടെ വിദ്യാഭ്യാസ – സാംസ്കാരിക നിലവാരങ്ങള്‍ കൂടി നോക്കി വേണം സംഭാഷണങ്ങളെഴുതുവാനെന്ന് രചനയുടെ ബാലപാഠം ഉപദേശിച്ചുതന്ന രാമഭദ്രന്‍ സാറിന്‍റെ മുഖം.  രസകരമായി കഥകള്‍ പറഞ്ഞുതന്ന് കഥകളുടെ മായാപ്രപഞ്ചം തേടി യാത്രയാകുവാന്‍ എനിക്ക്  പ്രേരണ നല്‍കിയ പോറ്റി സാറിന്‍റെ മുഖം.   ‘ചണ്ഡാലഭിക്ഷുകി’യും ‘മാടവനപ്പറമ്പിലെ ചിത’യുമൊക്കെ ഈണത്തില്‍ ചൊല്ലി കഥകളുടെ വാങ്മയ ചിത്രങ്ങള്‍  മനസ്സില്‍ വരച്ചുതന്ന കുമ്പളത്ത്‌ ശാന്തകുമാരിയമ്മ  ടീച്ചറുടെ മുഖം.  എന്‍റെ ആദ്യ കഥ പ്രസിദ്ധീകരിച്ച കോളിജ് മാഗസിന്‍ എഡിറ്റര്‍ ജ്വാല രാജേന്ദ്രന്‍റെ മുഖം.  ആദ്യമായി എഴുതി,  വായിച്ച് തെറ്റ് തിരുത്താന്‍ കൊടുത്ത ചലച്ചിത്ര നിരൂപണത്തെ  ’ ക്രിട്ടിക്സ് വ്യു’ വില്‍  പ്രസിദ്ധീകരിച്ചു കൊണ്ട് എന്നെ വിസ്മയിപ്പിച്ച മണ്ണാറക്കയം ബേബിസാറിന്‍റെ മുഖം. ഒരപകടം മൂലം എന്‍റെ വലതു കൈയിലെ പെരുവിരലിന് മുറിവും ചതവും സംഭവിക്കുന്നതു വരെയെങ്കിലും  എന്‍റെ കൈയക്ഷരങ്ങളെ ഇഷ്ടപ്പെടുകയും അതെന്നോട്‌ ആദ്യമായി തുറന്ന് പറയുകയും ചെയ്ത,  പില്‍ക്കാലത്ത് എന്‍റെ ആദ്യ ചലച്ചിത്ര പഠന ഗ്രന്ഥത്തിന് പ്രൌഡഗംഭീരമായ അവതാരിക എഴുതിത്തന്ന്‍ എന്നെ അനുഗ്രഹിക്കുകയും എഴുത്ത് തുടരണമെന്ന് സ്നേഹപൂര്‍വ്വം ഉപദേശിക്കുകയും ചെയ്ത എന്‍റെ ഗുരുനാഥനും വിഖ്യാത ചലച്ചിത്രകാരനുമായ കെ.പി കുമാരന്‍ സാറിന്‍റെ മുഖം.  മലയാളം ടൈപ്പ് ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ എന്‍റെ ലാപ്  ടോപ്പിനെ സജ്ജമാക്കിത്തന്ന രഞ്ജിത്തിന്‍റെ മുഖം.  ആനുകാലികങ്ങളില്‍ അച്ചടിച്ചുവന്ന എന്‍റെ ചലച്ചിത്ര നിരൂപണങ്ങള്‍ ‘ഒരു ഊളന്‍ ചിരി’യോടെ വായിച്ച് എന്നോട് നിരന്തരം ചോദ്യങ്ങളുയര്‍ത്തുന്ന,  എന്‍റെ ആദ്യ ഗ്രന്ഥം,  സ്വന്തം കുഞ്ഞിനെ ഏറ്റുവാങ്ങുന്ന ഒരു പിതാവിന്‍റെ മാനസികഭാവങ്ങളോടെ സ്വീകരിച്ച,  ഞാനൊരു ചലച്ചിത്ര സംവിധായകനാകണം എന്ന മോഹത്തോടെ  ഉച്ചഭക്ഷണം ഉപേക്ഷിച്ച് ആ  കാശിന് ലോട്ടറി ടിക്കറ്റെടുത്ത് പ്രതീക്ഷയോടെ നിരന്തരം കാത്തിരുന്ന എന്‍റെ പ്രിയ ചങ്ങാതി ജോയിയുടെ മുഖം.  രാത്രി ഏറെ വൈകിയും ഉറങ്ങാതെ കുത്തിക്കുറിച്ചിരിക്കുമ്പോള്‍ ലൈറ്റണച്ച് കിടന്നുറങ്ങാന്‍ സ്നേഹപൂര്‍വ്വം ശാസിച്ചിരുന്ന,  എന്‍റെതായി അച്ചടിച്ചുവന്നതെല്ലാം ഞാന്‍ അറിയാതെ കാത്തുവെച്ചിരുന്ന എന്‍റെ അമ്മയുടെ മുഖം.
ഈ പ്രിയമുഖങ്ങളെയെല്ലാം മനസ്സാ ധ്യാനിച്ചുകൊണ്ടും നിങ്ങളെല്ലാവരും എന്നും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ടും  ’സ്വന്തം’ ബ്ലോഗെഴുത്ത് ഇവിടെ സമാരംഭിക്കുകയാണ്.

മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം

                                                    മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം മറ്റുള്ളവരുടെ ചോദ്യങ്ങക്ക് മറുപടി പറയുമ്പോൾ...