Thursday 31 January 2019

സ്റ്റീഫൻ ഹോക്കിങ്: കാലം ഓർത്തുവെയ്ക്കുന്ന ദാർശനികവാദി



                             സ്റ്റീഫൻ ഹോക്കിങ്:  കാലം ഓർത്തുവെയ്ക്കുന്ന ദാർശനികവാദി


ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ള യുവാവിനോട് ഡോക്ടർ പറഞ്ഞു :"ഹോക്കിങ്
നിങ്ങൾക്ക് A.L.S എന്ന രോഗമാണ്. രണ്ടു വർഷം; ഏറിയാൽ ഒരു അഞ്ചു വർഷം." പതുക്കെ പതുക്കെ ആ ചെറുപ്പക്കാരന്റെ തലച്ചോർ പറയുന്നത് ശരീരം കേൾക്കാൻ മടിച്ചു തുടങ്ങി. ഒടുവിൽ ആ യുവാവിന് ഒരു വീൽ ചെയറിൽ അവശേഷിക്കേണ്ടിവന്നു. അവിടെ നിന്നുമാണ് ഭൂമിയേയും ആകാശത്തേയും തന്റെ മസ്തിഷ്ക്കത്തിനുള്ളിൽ ഒതുക്കിയ, ഒരുപക്ഷേ, ഭൂമിയിലെ ഏറ്റവും മികച്ച കോസ്മോളജിസ്റ്റ്. അതുമല്ലെങ്കിൽ, ഐസ്റ്റീനും ന്യൂട്ടണും ശേഷം ഏറ്റവും മികച്ച തിയററ്റിക്കൽ ഫിസിസ്റ്റ് പിറക്കുന്നത്. "എന്ത് നഷ്ടപ്പെടുത്തി എന്നതിലല്ല; എന്ത് ബാക്കിയുണ്ട് എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. എനിക്ക് ബാക്കിയുണ്ടായിരുന്നത് വിശ്വാസവും വിജയിക്കാനാവുമെന്ന ഉറപ്പും മാത്രമായിരുന്നു." സ്റ്റീഫൻ ഹോക്കിങ് ഓർമ്മപ്പെടുത്തുന്നു.
ഗലീലിയോ ഗലീലിയോയുടെ മുന്നൂറാം ചരമദിനത്തിന്റെയന്ന്, കൃത്യമായിപ്പറഞ്ഞാൽ, 1942 ജനുവരി 8ന് ബ്രിട്ടണിലെ ഓക്സ്ഫോർഡിൽ ജനനം. ശരാശരി കേരളീയരെപ്പോലെ സ്റ്റീഫൻ ഹോക്കിങിന്റെ പിതാവും മകനെ മെഡിസിൻ പഠിപ്പിക്കണമെന്ന് ചിന്തിച്ചു. എന്നാൽ, അത്രമികച്ച വിദ്യാർത്ഥിയല്ലാത്ത ഹോക്കിങിന് നിലവിലുള്ള വിദ്യാഭ്യാസരീതിയോട് പുച്ഛമായിരുന്നു. തനിക്കിഷ്ടമുള്ള വിഷയം പഠിപ്പിക്കാതെ, ഇഷ്ടമില്ലാത്ത അനവധി അനാവശ്യ വിഷയങ്ങൾ താനെന്തിനു പഠിക്കണം?
ബിരുദ പഠനത്തിന് ഓക്സ്ഫോർഡ് സർവകലാശാലയിൽ ചേർന്ന ഹോക്കിങിന് ജീവിതം കൂടുതൽ ആനന്ദകരമായി. ബോട്ടുയാത്രകൾ, സുഹൃത്തുക്കൾ, പ്രണയം. എന്നാൽ അവന്റെ ചാട്ടുളി പോലത്തെ ചോദ്യങ്ങൾ അദ്ധ്യാപകർക്ക് തലവേദനയായി. വൈവാ സമയം അവൻ അവർക്ക് രണ്ട് ഓപ്ഷനുകൾ നൽകി. ഫസ്റ്റ് ക്ലാസ് തന്നാൽ ഞാൻ സ്ഥലം വിട്ടോളം. കേംബ്രിഡ്ജിൽ ചേരണം. സെക്കന്റ് ക്ലാസ് തന്നാൽ ഞാൻ നിങ്ങൾക്ക് ശല്യമായി ഇവിടെ തന്നെ തുടരും. ഹോക്കിങിന്റെ ഭീഷണി ഫലിച്ചു. അങ്ങനെ, 1962ൽ ഫസ്റ്റ് ക്ലാസ് കിട്ടിയ ഹോക്കിങ് ഗവേഷണത്തിനായി കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രവേശിച്ചു. ഇവിടെ പടികളിൽ നിന്നും വീഴുന്ന ഹോക്കിങ്, തന്റെ ഇഷ്ട വിനോദമായ വഞ്ചി തുഴയുന്ന സമയം കൈകൾ കുഴഞ്ഞുപോയ ഹോക്കിങ്. അങ്ങനെ, 1963ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ 'മോട്ടോർ ന്യൂറോൺ' രോഗം സ്ഥിതീകരിക്കുന്നു. ശരീരത്തിലെ പേശികളുടെ ചലനശേഷി നഷ്ടമാകുന്ന ഈ രോഗത്തിന്റെ ഡൈഗ്നോസസ് നടത്തിയ ഡോക്ടർ പറഞ്ഞു : "ഭാഗ്യവശാൽ നിങ്ങളെ ഈ രോഗം പതിയെപ്പത്തിയേ തളർത്തുകയുള്ളൂ."
വഴിമുട്ടിയ തന്റെ ഗവേഷണം, തന്റെ പ്രണയിനി, തന്റെ സ്വപ്‌നങ്ങൾ, രണ്ടു വർഷം അല്ലെങ്കിൽ അഞ്ചു വർഷം അത്രയുമുള്ള തന്റെ ആയുസ്സ് !
ചികിത്സാ സമയത്ത് തന്റെ അടുത്ത ബെഡിലെ ക്യാൻസർ രോഗി രാവിലെ എഴുന്നേറ്റ് പതിവായി സ്വയം ബോധ്യപ്പെടുത്തുമായിരുന്നു : "ഭാഗ്യം; ഞാനിന്നു ജീവിച്ചിരിക്കുന്നു! " ഈ കാഴ്ച നിർവികാരനായി നോക്കിനിന്ന ഹോക്കിങ് സ്വയം തീർച്ചപ്പെടുത്തി; തനിക്കു ബാക്കിയുള്ള അഞ്ചുവർഷങ്ങൾ മികച്ചതായി ഉപയോഗിക്കണമെന്ന്.
നമ്മുടെ ജീവിതം എത്ര ബുദ്ധിമുട്ടു നിറഞ്ഞതായാലും ഒരു വിഷയത്തിൽ നമുക്ക് വിജയിക്കാനാകും. അതിനെ തേടിപ്പോവുക. അതെ, ഹോക്കിങ് അന്വേഷിച്ചു. ശരീരത്തിനോടും മനസ്സിനോടും പടവെട്ടുന്നതിനപ്പുറം തമോഗർത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സമയത്തെക്കുറിച്ചും. ക്വാണ്ടം ഫിസിക്സ് മുതൽ കോസ്മിക് ഫിസിക്സ് വരെ.
അസുഖം അദ്ദേഹത്തിന്റെ സംസാരശേഷിയേയും തട്ടിയെടുത്തു. പക്ഷേ, തോറ്റുകൊടുക്കാൻ ഹോക്കിങിന് മനസ്സില്ലായിരുന്നു. കവിളിലെ പേശികളനക്കി ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും തിരഞ്ഞെടുത്ത് അത് യന്ത്രം ശബ്ദമായി പ്രതിഫലിപ്പിക്കുന്ന വിദ്യ അദ്ദേഹം സ്വീകരിച്ചു. ഒരു വാക്ക് പൂർത്തിയാക്കാൻ ഏകദേശം ഇരുപത്തുമിനിറ്റ്. അങ്ങനെ പതുക്കെ പതുക്കെ തന്റെ പേശികൾ ചലിപ്പിച്ച് തന്റെ ചിന്തകളെ പ്രതിഫലിപ്പിച്ച, ലോകം കണ്ടതിൽവെച്ച് ഏറ്റവും മികച്ച വില്പന നടത്തിയ ആ അത്ഭുതം - 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ബുക്ക് 1988ൽ പുറത്തിറങ്ങി.
ഭൂമിയിലിന്നു വംശനാശം നേരിടുന്ന ഒരു സ്പീഷീസ് ഏതാണ് എന്ന ചോദ്യത്തിന് മനുഷ്യൻ എന്നായിരിക്കും ശരിയായ ഉത്തരം. കാരണം, ഭൂമിയിൽ നിലനിൽക്കണമെന്നും എവിടേയും ആധിപത്യം ചെലുത്തണമെന്നുമുള്ള മനുഷ്യന്റെ ശക്തമായ ആഗ്രഹങ്ങളുടെ പരിണിതഫലമാണ് ശാസ്ത്രജ്ഞാനം. എന്നാൽ, അടുത്ത നൂറു വർഷത്തിനുള്ളിൽ ഈ ശാസ്ത്രജ്ഞാനം തന്നെ ആണവായുധം, ആഗോളതാപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാൽ മനുഷ്യനാശത്തിനു കാരണമാവും എന്ന് പ്രവചിച്ചിടത്താണ്, കസേരയിൽ ചാരിവെച്ച നനഞ്ഞ തലയിണപോലെയുള്ള ഈ മനുഷ്യൻ പ്രസക്തനാകുന്നത്. അദ്ദേഹം ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല. ദൈവം പകിട കളിക്കുകയല്ല എന്നു പ്രസ്താവിച്ച ഐസ്റ്റീനും നാമെല്ലാം നക്ഷത്ര ധൂളികളാണ് എന്നുള്ള ഭൗതിക അദ്വൈതം ദർശിച്ച കാൾ സാഗനുമൊപ്പമാണ് സ്റ്റീഫൻ ഹോക്കിങ് എന്ന ദാർശനികവാദിയേയും കാലം ഓർത്തുവയ്ക്കുക.

Sunday 27 January 2019

ഭാവി നല്ലതാകാൻ ഭൂതകാലത്തെ ചുമക്കരുത്



                                       ഭാവി നല്ലതാകാൻ ഭൂതകാലത്തെ ചുമക്കരുത് 


നമ്മുടെ ജീവിതം സാഹചര്യങ്ങളുടെ ഒരു ശൃഖലയാണ്. എല്ലാ സാഹചര്യങ്ങളും നമ്മുടെ പ്രതീക്ഷയ്ക്കനുസ്സരിച്ച് വരണമെന്നില്ല. പരാജയങ്ങളുണ്ടായിട്ടുണ്ടാവാം, രോഗങ്ങൾ വന്നിരിക്കാം, ഒരുപാട് വേദനിപ്പിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടാവാം. എന്നാൽ, അതെല്ലാം കഴിഞ്ഞകാലം ആണ്. എന്നാൽ, നാം അതുതന്നെ പിന്നെയും ചിന്തിച്ചുകൊണ്ടിരിക്കുന്നു,. 'അതെല്ലാം വീണ്ടും ഉണ്ടായാലോ!' 'വീണ്ടും പരാജയപ്പെട്ടാലോ!' 'വീണ്ടും രോഗം വന്നാലോ!' 'ഇപ്പോൾ ഞാൻ ഒക്കെയാണ്. ഇപ്പോൾ ഞാൻ പെർഫെക്ട് ആണ്. എനിക്കിപ്പോൾ സുഖം തന്നെയാണ്. പക്ഷേ, വീണ്ടും അസുഖം വന്നാൽ!  വീണ്ടുമെന്റെ പരിശ്രമം വൃഥാവിലായാൽ! എന്റെ ബന്ധങ്ങളിൽ എന്തെങ്കിലും ഉലച്ചിലുണ്ടായാൽ! ഞാൻ അവരെ വിശ്വസിച്ചു. പക്ഷേ, അവർ എന്നെ വീണ്ടും ചതിച്ചാൽ! ഇങ്ങനെയൊക്കെ ചിന്തിച്ചാൽ എന്താണ് സംഭവിക്കുക?

കഴിഞ്ഞകാല അനുഭവങ്ങളുടെ ഇമോഷൻസ് ഇന്നിലേക്ക് കൊണ്ടുവരുകയാണെങ്കിൽ! അത്‌ കഴിഞ്ഞുപോയ സീൻ ആണ്, കടന്നുപോയ ഇമോഷനാണ്. പക്ഷേ, അത്‌ മനസ്സിൽ സൂക്ഷിക്കുന്നിടത്തോളം പാസ്റ്റിലെ വൈബ്രേഷൻസിനെ പ്രെസെന്റിലേക്ക് റേഡിയേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. വൈബ്രേഷൻ റീലിറ്റിയെ സൃഷ്ടിക്കുന്നു. ചിലപ്പോൾ നമുക്ക് തോന്നാറുണ്ട് സമാനമായ ദുരിതങ്ങൾ  വീണ്ടുംവീണ്ടും അനുഭവിക്കേണ്ടി വരുന്നുവെന്ന്. അസുഖങ്ങളുടെ ആവർത്തനം, തോൽവികളുടെ ആവർത്തനം വീണ്ടും ഒറ്റപ്പെടുത്തുന്നു, വീണ്ടും അവിശ്വാസം.  അത്‌ അവർ ചെയ്യുന്നതുകൊണ്ടല്ല; മറിച്ച്, ഞാൻ അത്തരം ചിന്തകൾ ആവർത്തിക്കുന്നതുകൊണ്ടാണ്. സമാനമായ തോന്നലുകൾ ഉണ്ടാകുന്നു. അത്‌ യാഥാർഥ്യമായിത്തീരുന്നു. എനിക്ക് മറിച്ചാണ് തോന്നുന്നതെങ്കിൽ, ഞാൻ എനിക്ക് പുതിയൊരുവിധി സൃഷ്ടിക്കുന്നു. സമാനമായ ദുരിതങ്ങൾ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. എന്റെ തന്നെ സമാനമായ ചിന്താതരംഗങ്ങളുടെ നിർമ്മിതിയാണത്. ശ്രദ്ധിക്കൂ... പരിശോധിക്കൂ...

നിങ്ങൾ ഭൂതകാലത്തിലെ ഏതെങ്കിലും സംഭവം ആവർത്തിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുണ്ടോ? സ്വയം ചോദിക്കൂ, നിങ്ങൾ അത്‌  ആവർത്തിക്കാൻ  ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ആ ചിന്ത ഇനി സൃഷ്ടിക്കരുത്. ഇനി ഇങ്ങനെ ചിന്തയെ ക്രിയേറ്റ് ചെയ്യൂ, അതിനെ മനസ്സിന്റെ സ്‌ക്രീനിനിൽ സേവ് ചെയ്തിടൂ...  'കഴിഞ്ഞത് കഴിഞ്ഞു.  അതൊരു കർമ്മഫലമായിരുന്നു. അത്‌ കഴിഞ്ഞു. കഴിഞ്ഞത് ഇനിയൊരിക്കലും സംഭവിക്കാൻപോകുന്നില്ല. എന്റെ പ്രെസെന്റ് സുന്ദരമാണ്. എന്റെ ഭാവി സുരക്ഷിതമാണ്. ഞാനാണ് എന്റെ സുന്ദരമായ ഭാവിയുടെ സൃഷ്ടാവ്'.

Thursday 24 January 2019

മര്യാദയും വിനയവും


                                                     
                                                        മര്യാദയും വിനയവും



മര്യാദയും മഹാമനസ്കതയും പ്രൊഫഷണലിസത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കിപ്പോരുന്നത്.  പ്രത്യേകിച്ചും ഒരാൾ ഉയർന്ന ഒരു സ്ഥാനത്തിരിക്കുമ്പോൾ മറ്റുള്ളവരോട് മര്യാദയോടും മഹാമനസ്കതയോടും പെരുമാറേണ്ടിയിരിക്കുന്നു.

പണ്ഡിറ്റ്‌ റാവു കുൽക്കർണിയുടെ പേരിലുള്ള ഒരു അവാർഡിനായി എൻ. ആർ നാരായണ മൂർത്തി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതാണ്ട് ഇരുപതുവർഷം മുമ്പാണ്.  അവാർഡ്ദാനദിനത്തിൽ പരിപാടിയുടെ മുമ്പായി പ്രശസ്തയായ ഒരു വനിതാ കോളമിസ്റ്റിനെ അദ്ദേഹം അവിടെ കണ്ടു. തന്നെ സ്വയം പരിചയപ്പെടുത്താനായി അദ്ദേഹം അവർക്കരികിലെത്തി. അവർ അദ്ദേഹത്തെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ. എന്നാൽ ചടങ്ങിന് തൊട്ടടുത്ത ദിവസം അവർ അദ്ദേഹത്തെ ഫോൺ ചെയ്യുകയും നാരായണ മൂർത്തിയെ തലേദിവസം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പറയുകയും ചെയ്തു. ഇതൊക്കെ ഇത്രവലിയ വിഷയമാണോ എന്ന് അദ്ദേഹം മറുപടിയായി  ചോദിക്കുകയും  ചെയ്തു.

വർഷങ്ങൾക്കുശേഷം നാരായണമൂർത്തിയുടെ സുഹൃത്തിന് ഒരു പ്രധാന പുരസ്‌കാരം ലഭിക്കുന്ന ചടങ്ങിൽവെച്ച് ആ കോളമിസ്റ്റിനെ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും നാരായണ മൂർത്തി ലോകം മുഴുവൻ പ്രശസ്തനായ ഒരാളായി വളർന്നിരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു അവാർഡ്ദാന ചടങ്ങിൽവെച്ച് തമ്മിൽ കണ്ടിരുന്നെന്നും തന്നെ ഓർമ്മയുണ്ടോ എന്നും അവർ നാരായണ മൂർത്തിയോട് ചോദിച്ചു. വളരെ വിനയത്തോടെ ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ, അന്ന് രണ്ടുപേരിലും വെച്ച് അവർ പ്രശസ്തയായിരുന്ന സമയത്ത് എത്ര പരുഷമായാണ് പെരുമാറിയതെന്ന കാര്യം അദ്ദേഹം മറന്നിരുന്നില്ല. ഇതേക്കുറിച്ച് നാരായണ മൂർത്തി പറയുന്നത് ഇങ്ങനെയാണ് :  'നിങ്ങൾ അമിതാഭ് ബച്ചനായിരിക്കുമ്പോൾ മര്യാദയും അലിവും കാണിക്കുകയാണെങ്കിൽ അതാണ്‌ കാര്യം. അല്ലാതെ ചെറിയൊരു അഭിനേതാവായിരിക്കുമ്പോൾ വിനയം കാണിക്കുന്നതിലല്ല.'

നിങ്ങളുടെ ജീവിതത്തിൽ ഉന്നതികളിലിരിക്കുമ്പോൾ മറ്റുള്ളവരോട് മഹാമനസ്കത, ദയ, മര്യാദ എന്നിവയോട് പെരുമാറുമ്പോൾ മാത്രമേ ആ വാക്കുകൾക്ക് മൂല്യമുണ്ടാവൂ.

Thursday 17 January 2019

'അഗ്രവശി' ആയിരിക്കേണ്ടതിന്റെ ആവശ്യകത

                                      


                                'അഗ്രവശി' ആയിരിക്കേണ്ടതിന്റെ ആവശ്യകത

മഹാനായ ഒരു രാജാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് രാമായണ കരാർത്താവായ വാല്മീകി എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ശ്രീരാമന്റെ വ്യക്തിത്വത്തിലൂടെ  അദ്ദേഹം അവതരിപ്പിച്ചു. അതിൽ ഒരു ഗുണത്തെ അദ്ദേഹം 'അഗ്രവശി' അഥവാ സംഭാഷണം തുടങ്ങിവെയ്ക്കുന്നയാൾ എന്നുവിളിച്ചു. രണ്ടു മഹാന്മാർ തമ്മിൽ കണ്ടുമുട്ടുന്നുവെന്ന് കരുതുക. രണ്ടിലൊരാൾക്ക്, പെട്ടെന്നാർക്കും കണ്ടെത്താനാവാത്ത വളരെ ചെറിയ സെക്കൻഡിലൊരംശം മാത്രം നിലനിൽക്കുന്ന ഒരു സജീവത കൈവരുന്നു. ചിലപ്പോൾ അയാൾ ഹസ്തദാനത്തിനായി ആദ്യം കൈ നീട്ടുന്നതാവാം. അല്ലെങ്കിൽ ആദ്യത്തെ വാക്ക്  ഉച്ചരിക്കുന്നതാവാം. തികച്ചും നിസ്സാരമെന്ന് തള്ളിക്കളയാനാവാത്ത ഇത്തരം വിഷയങ്ങളാണ് ഒരു രാജാവിന്റെ ലക്ഷണങ്ങൾ. ശരിയായ പ്രൊഫഷണലിന്റെ ലക്ഷണം കൂടിയാണിതെന്ന് ഞാൻ കരുതുന്നു.

സ്വയം താല്പര്യമെടുത്ത് ഒരു പ്രത്യേക സാഹചര്യം നിയന്ത്രക്കുക എന്നാൽ വളരെ മികച്ച സ്വഭാവശീലമാണ്. സ്വന്തം ജീവിതത്തിലും തൊഴിലിലും ഓർമ്മിക്കത്തക്ക ബന്ധങ്ങൾ ഇതു നമുക്കു നൽകും. ഇങ്ങനെ ഒരു സ്വഭാവശീലമുള്ളയാളുമായി ഇടപാടുകൾ നടത്താൻ ആരും ഇഷ്ടപ്പെടും.

എന്നാൽ പ്രഥമവും പ്രധാനപ്പെട്ടതുമായ ഒരു കാര്യം ഈ സ്വഭാവസവിശേഷതയുള്ളയാൾ രാജാവിനെപ്പോലെത്തന്നെ തികഞ്ഞ ആത്മവിശ്വാസമുള്ളയാളായിരിക്കുമെന്നതാണ്. തന്നെപ്പറ്റി ഉറപ്പില്ലാത്ത ഒരാൾ ഹസ്തദാനത്തിനായി ആദ്യം തുനിയില്ല. ഈ ആത്മവിശ്വാസം താൻ ആരാണ് എന്നതിലല്ല; മറിച്ച് ആരുമായാണോ സംസാരിക്കുന്നത്, ആ സംസാരം എങ്ങോട്ട് നയിക്കും എന്നതിലാണ്. ഞാൻ കൈ നീട്ടിക്കഴിഞ്ഞാൽ എന്തെങ്കിലും ഏറ്റെടുക്കേണ്ടിവരുമോ? അവർ ആവശ്യപ്പെടുന്നത് എനിക്ക് നൽകാൻ കഴിയുമോ?  ഇത്തരം പ്രതിജ്ഞാബദ്ധതകളെ കുറിച്ചുള്ള ഭയം നമ്മെ പുറകോട്ടു വലിക്കും. നമ്മുടെ കൈകളെയും വാക്കുകളെയും അത്‌ നമ്മളിൽത്തന്നെ പിടിച്ചുകെട്ടും.

Thursday 10 January 2019

അജ്ഞതമൂലം ഉണ്ടാകുന്നത്...


                                                   
                                                 അജ്ഞതമൂലം ഉണ്ടാകുന്നത്... 

"ഞാനൊരു വെള്ളാരം കല്ലാണ്. ആർക്കും ഞാൻ കീഴടങ്ങുകയില്ല. കാലത്തിനോ കാലാവസ്ഥയ്ക്കോ എന്നെ മാറ്റിമറിക്കാനാവില്ല. കാലം കടന്നുപോകുമ്പോളും ഞാൻ നിലനിൽക്കുന്നു. ഉരുകുന്ന വെയിലും കനത്ത കാലവർഷവും എന്നെ മാറ്റിയെടുക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ സാധിച്ചിട്ടില്ല. മൃദുവായ മഞ്ഞുതുള്ളി എന്നെ പുൽകി ഇണക്കാൻ നോക്കിയിട്ടുണ്ട്. എങ്കിലും ഞാൻ വഴങ്ങിയിട്ടില്ല. എന്റെ ജനനത്തെക്കുറിച്ച് ആർക്കും പറയാനാവില്ല. കാരണം ഞാൻ അത്രമാത്രം പ്രായമുള്ളവനാണ്. പുൽക്കൊടിപോലെ മനുഷ്യപുത്രന്മാർ ജനിച്ചു മരിക്കും. എന്നെ ചവിട്ടി പലരും കടന്നുപോയി. ഇനിയും പോകും. ഞാനൊരു വെള്ളാരം കല്ല്. എന്നാൽ, നീ ആരാണ്? കാറ്റത്ത് ആടിയിളകുന്ന വെറും ഒരു ഇല മാത്രം."

ഇതുകേട്ട ഓക്കുമരത്തിന്റെ വിത്ത് അമ്പരന്നുപോയി. ഒരു നിമിഷം അവൾക്ക് ശബ്ദിക്കാനായില്ല. എങ്കിലും പിന്നീട് അവൾ പറഞ്ഞു. ‘‘ഞാൻ ഒരു നിസാരയാണ്. എങ്കിലും കാറ്റോ മഴയോ സൂര്യനോ കാലമോ ഒന്നും എന്നെ കീഴടക്കുകയില്ല. ആരും എന്നെ ചവിട്ടി മെതിക്കുകയുമില്ല. എന്നെക്കൊണ്ട് ആളുകൾക്ക് ഗുണമുണ്ടാകും.‘‘

അധികം താമസിയാതെ ആ വിത്തിൽ നിന്ന് ഒരു ഓക്കുമരം കിളുത്തുവന്നു. അതു കണ്ട വെള്ളാരം കല്ല് അമ്പരന്നു. ക്രമേണ അതിന്റെ ശിഖരങ്ങൾ വ്യാപിച്ച് അവിടമാകെ നിറഞ്ഞപ്പോൾ ആ അദ്ഭുതം ഇരട്ടിച്ചു. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ആ മരത്തിനു താഴെ താനെത്ര നിസാരൻ എന്നവനു തോന്നി. ആളുകൾക്ക് ഉപകാരം ചെയ്യാനാവുന്ന ഓക്കുമരം നോക്കി നെടുവീർപ്പോടെ കിടന്ന ആ വെള്ളാരം കല്ല് പിന്നീട് ഒരിക്കലും ഗീർവാണം അടച്ചിട്ടില്ല.

ഗുണപാഠം— അഹന്ത അജ്ഞത മൂലമുണ്ടാവുന്നതാണ്. (എച്ച്. ഗൗൾഡ് എഴുതിയ കവിത)

Thursday 3 January 2019

വിജയത്തിന്റെ വിത്ത് വിതയ്ക്കാൻ അനുയോജ്യമായ സമയം



                          വിജയത്തിന്റെ വിത്ത് വിതയ്ക്കാൻ അനുയോജ്യമായ സമയം 


നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ നാം പലപ്പോഴും വിലയിരുത്തുന്നത് നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ ഇന്ന് നമുക്ക് സംഭവിച്ചുവെന്ന് നാം കരുതുന്ന പരാജയങ്ങൾ നാളെകളിൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ട മഹാവിജയത്തിന് അനിവാര്യമായിരിക്കാം.

 ചില കാര്യങ്ങൾ സംഭവിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.

വൈമാനികനാകാനുള്ള മോഹവുമായി ഇന്റർവ്യൂവിൽ പങ്കെടുത്ത അബ്ദുൾകലാം എന്ന യുവാവിന് ബോർഡ്, സെലക്ഷൻ നിഷേധിച്ചു. ഈ സംഭവം അയാളെ വളരെയധികം വേദനിപ്പിച്ചു. ജീവിതഗതി തന്നെ മാറ്റിമറിച്ച ആ സംഭവം, വിമാനം പറത്തുവാനാഗ്രഹിച്ച ആ യുവാവിനെ പിൽക്കാലത്ത്  വിമാനങ്ങളുടെയും അതിവേഗ റോക്കറ്റുകളുടെയും സൃഷ്ടാവായ ഡോ. എ.പി. ജെ അബ്‌ദുൾ കലാമാക്കി മാറ്റി.

പരാജയങ്ങൾ നമ്മെ മുറിപ്പെടുത്തിയേക്കാം മാനസികമായി തളർത്തിയേക്കാം. പക്ഷേ, പരാജയങ്ങളുടെ കാലമാണ് ഭാവിജീവിതത്തിലെ വിജയയത്തിന്റെ വിത്ത് വിതയ്ക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം.

Tuesday 1 January 2019

ആശംസകൾ അഥവാ ആശീർവാദം




                                            ആശംസകൾ അഥവാ ആശീർവാദം 


'Happy New Year'  പുതുവർഷാരംഭം നാം പരസ്പരം കൈമാറുന്ന ഗ്രീറ്റിങ്സ് ആണിത്. ഇത്‌ വെറുമൊരു ഗ്രീറ്റിങ്സ് മാത്രമല്ല, ആശീർവാദമാണ്. വർഷം മുഴുവൻ പുതുമയും സന്തോഷവും നിറഞ്ഞതാകട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹം. എന്നിൽ നിന്നും മറ്റുള്ളവരിലേക്കും ചുറ്റുമുള്ളവരിൽ നിന്നും എന്നിലേക്കും പകർന്നു കിട്ടുന്ന ശുഭമായ ഭാവനയുടെ തരംഗമാണ്. എല്ലാവരിലും ഒരു ശുഭമായ പ്രതീക്ഷ. ഈ വർഷം പുതുമകൾ നിറഞ്ഞതായിരിക്കും. ന്യൂ ഇയർ എന്നത് വെറുമൊരു കലണ്ടർ മാറ്റം  മാത്രമല്ല; നമ്മിലെ പുതുമ, പുതിയ വ്യക്തിത്വം, ജീവിതരീതികളിലെ പുതുമ തുടങ്ങിയവയാണ്.  എന്നാൽ, ഓരോ പുതുമയിലും നമ്മുടെ ലക്ഷ്യം നമ്മുടെ സന്തോഷം തന്നെയായിരിക്കും.

ഇന്ന് നമുക്ക് തിരിഞ്ഞുനോക്കാം, തിരുത്താം, ഉപേക്ഷിക്കാം; കഴിഞ്ഞുപോയ വർഷത്തെ തെറ്റുകൾ, സുഖകരമല്ലാത്ത ഓർമ്മകൾ, അസുഖകരമായ സംഭാഷണങ്ങൾ, പെരുമാറ്റങ്ങൾ, അസ്വസ്ഥത സൃഷ്ടിച്ച ഓരോ വാക്കും. ജീവിതയാത്രയിൽ നേരിട്ട എല്ലാ തോൽവികളെയും ഇന്നിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് ഉപേക്ഷിക്കാം. അതൊന്നും ഇനി നമ്മുടെ കൂടെയില്ല എന്ന് നമുക്കുറപ്പിക്കാം.

നമുക്ക് ലക്ഷ്യമുണ്ട്. നാം ഈ പുതുവർഷത്തിൽ എങ്ങനെയായി മാറാനാണ് ആഗ്രഹിക്കുന്നത്, എപ്രകാരമായിരിക്കണം നമ്മുടെ  ചിന്ത, നമ്മുടെ ഫീലിംഗ്സ്, നമ്മുടെ  ഇമോഷൻസ്, ബന്ധങ്ങൾ, ആരോഗ്യം അങ്ങനെ ഓരോ കാര്യത്തിലും ഇന്ന് നാം സ്വയം പ്രോമിസ് ചെയ്യേണ്ടതുണ്ട്. നമ്മുടെ ലക്ഷ്യം, നമ്മുടെ കമ്മിറ്റ്മെന്റ് കേവലം ദിവസങ്ങൾക്കോ മാസങ്ങൾക്കോ ഉള്ളതല്ല. മറിച്ച്, അത് നമ്മുടെ  ജീവിതയാഥാർഥ്യമാക്കി മാറ്റാനുള്ളതാണ്. അതിനായി നാം സ്വയം തീരുമാനമെടുക്കണം; 'എനിക്കായി ദിവസവും ഏറ്റവും കുറഞ്ഞത് 30മിനിറ്റെങ്കിലും എന്നോടൊപ്പം ചെലവഴിക്കുമെന്ന്'.

നമ്മുടെ ചില ലക്ഷ്യങ്ങൾ നടപ്പിലാകാത്തതിന്റെ കാരണമെന്താണ്? നമ്മൾ തീരുമാനങ്ങൾ എടുക്കാറുണ്ട്. പക്ഷേ, അത് യാഥാർഥ്യമാക്കിമാറ്റാൻ നമ്മളിൽ ശക്തിയില്ല എന്നുള്ളതാണ് അതിനുത്തരം. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ഊർജ്ജമാണ്. പണവും സ്ഥാനമാനങ്ങളും ഒക്കെ ഊർജ്ജമാണ്. അപ്പോൾ, നാം എന്താണോ നേടാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ എന്താണോ ആയിത്തീരാൻ ആഗ്രഹിക്കുന്നത് അതിന്റെ ഊർജ്ജ നിലവാരത്തിലേക്ക് നമ്മുടെ ഊർജ്ജത്തെ ഉയർത്തേണ്ടതുണ്ട്. തീരുമാനമെടുക്കുന്ന നാം ഒരു  ഊർജ്ജമാണ്. അതുപോലെതന്നെ ആയിത്തീരേണ്ട അവസ്ഥ അല്ലെങ്കിൽ നേടേണ്ട വസ്തു  മറ്റൊരു ഊർജ്ജമാണ്. പക്ഷേ, നാം നമ്മളെ സ്വയം  ശക്തിശാലിയാക്കുന്നില്ലെങ്കിൽ, മുഴുവൻ ദിവസവും നമ്മിൽ  നിന്നും ഊർജ്ജം ചോർന്നു കൊണ്ടിരിക്കുകയാണെങ്കിൽ, നാം എന്തായിത്തീരുവാൻ ആഗ്രഹിക്കുന്നുവോ അതായിത്തീരുവാൻ നമുക്കു സാധിക്കില്ല.

നമ്മുടെ പുതുവർഷ പ്രതിജ്ഞകൾ യാഥാർഥ്യമാകുന്നതിന്  നാം ഒരു പുതിയ തീരുമാനം എടുക്കണം. ആ പ്രതിജ്ഞയാണ് സെൽഫ് കെയർ, സെൽഫ് ഫീലിംഗ്, ഇമോഷണൽ ഫിറ്റ്നസ്.  ഞാൻ ഇമോഷണലായി ഫിറ്റ്‌ ആണെങ്കിൽ, ഞാൻ ശക്തിശാലിയാണെങ്കിൽ എന്റെ ഓരോ ചിന്തയും ശക്തിശാലിയായിരിക്കും. എന്റെ ചിന്ത ശക്തിശാലിയാണെങ്കിൽ അതിനെ പ്രാവർത്തികമാക്കാനും യാഥാർഥ്യമാക്കാനും എനിക്ക് ശക്തിയുണ്ടായിരിക്കും. അതിനാൽ, നാം നമ്മോട്  ഉത്തരവാദിത്തമുള്ളവരായി മാറൂ. ഓരോ പ്രഭാതവും നമുക്ക് നമ്മെ  ശ്രദ്ധിച്ചുകൊണ്ട് ആരംഭിക്കാം. ഒരിക്കലും ഇതിന് സമയമില്ലെന്ന് പറയരുത്. നാം നമ്മോടുതന്നെ പറയുക  'ഇതാണ് എന്റെ  പ്രയോരിറ്റി' എന്ന്.  സെൽഫ് കെയർ, സെൽഫ് എനർജൈസിങ്, സെൽഫ് ഫീലിംഗ് ഇതാണ് നമ്മുടെ  പ്രയോരിറ്റി.

'സെൽഫ് കെയർ' എന്നാൽ ഓരോ ദിവസവും തുടങ്ങുന്നതുതന്നെ മനസ്സിനെ വളരെയധികം നറിഷ് ചെയ്യുന്ന എന്തെങ്കിലും പുതിയത് പഠിച്ചുകൊണ്ടായിരിക്കണം. ഇൻഫർമേഷൻ കാണുന്നത്, കേക്കുന്നത് എല്ലാം സ്നേഹഭരിതവും ആശ്വാസദായകവുമാകട്ടെ! ഒരു ദിവസത്തിന്റെ  തുടക്കം ഒരിക്കലും ചുറ്റും നടക്കുന്നതെന്ത് എന്നുനോക്കിക്കൊണ്ടാകരുത്.  നമ്മുടെ ഇന്നർ വേൾഡ്നെ ശ്രദ്ധിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കൂ. എല്ലാ പ്രഭാതത്തിലും 30 മിനിറ്റെങ്കിലും ശരിയായ ഇൻഫർമേഷൻസ് നിറച്ചുകൊണ്ടാകട്ടെ! അതിലൂടെ ശുദ്ധമായ ശക്തിശാലിയായ ഒരു ഊർജ്ജം നമ്മിൽ നിറയട്ടെ!

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...