Wednesday 20 February 2019

വാജിബ്



                 
                                                               വാജിബ്


പലസ്തീൻ എഴുത്തുകാരിയും സവിധായകയുമായ ആൻമേരി ജാസിറിന്റെ മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് വാജിബ്. വാജിബ് എന്ന വാക്കിന് കടമ എന്നർത്ഥം. മകളെ വിവാഹം കഴിച്ചയ്ക്കുന്നതു കടമയായി കാണുന്ന അചഛൻ അതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. വിവാഹമോചിതനാണയാൾ. അധ്യാപകനായിരുന്നു. ആറുപതു വയസ്സിനു മുകളിലുണ്ട്. മകൻ വർഷങ്ങളായി ഇറ്റലിയിലാണ്. ആർക്കിടെക്റ്റ് ആയി ജോലി ചെയ്യുന്നു. പലസ്തീനിയൻ ആചാരമനുസരിച്ച് അടുത്ത ബന്ധുക്കളെ വിവാഹത്തിനു നേരിട്ടു ക്ഷണിക്കണം. അച്ഛനും മകനും ഒരുമിച്ച് കടമ പൂർത്തിയാക്കാൻ വരുകയാണ്.  അച്ഛനും മകനും കൂടി ബന്ധുക്കളുടെ വീടുകളിൽ വിവാഹക്കത്തുമായി പോകുന്നതിനിടെ അവരുടെ  കുടുംബജീവിതം വെളിപ്പെടുകയാണ്. ആ കഥ പറയുന്നു വാജിബ് എന്ന റോഡ് മൂവി.

പതിവു സിനിമകളുടെ പശ്ചാത്തലമല്ല വാജിബിന്റേത്. ഇസ്രയേൽ നഗരമായ നസ്രേത്തിലാണു കഥ നടക്കുന്നത്. ഗൗരവമുള്ള വിഷയമാണെങ്കിലും കഥയിൽ നർമത്തിനും പ്രാധാന്യമുണ്ട്. രണ്ടു കഥാപാത്രങ്ങൾക്കുചുറ്റുമാണു കഥ കേന്ദ്രീകരിക്കുന്നത്. അച്ഛന്റെയും മകന്റെയും. മൊഹമ്മദും സാലേ ബക്രിയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയിരിക്കുന്നു.

ബേത്‍ലഹേമിൽ ജനിച്ച്, സൗദിയിൽ വളർന്ന്, ന്യൂയോർക്കിൽനിന്നു വിദ്യാഭ്യാസം നേടിയ ജാസിറിന്റെ ആദ്യ ചലച്ചിത്രം പുറത്തുവന്നത് 2008–ൽ. സാൾട് ഓഫ് ദ് സീ. പലസ്ത്രീൻ അഭയാർഥികളുടെ മകളായി പിറന്ന ഒരു അമേരിക്കൻ യുവതി ആദ്യമായി ജൻമനാട് സന്ദർശിക്കുന്നതാണു പ്രമേയം.  1967–ൽ ആറുദിവസം നീണ്ടുനിന്ന യുദ്ധത്തെക്കുറിച്ചുള്ള വെൻ ഐ സോ യൂ എന്ന രണ്ടാമത്തെ ചിത്രം 2012ൽ എത്തി. സലേ ബക്രീ ജാസിറിന്റെ മൂന്നു ചിത്രങ്ങളുടെയും ഭാഗമായിരുന്നു. പക്ഷേ വാജിബ് എന്ന പുതിയ ചിത്രത്തിൽ മൊഹമ്മദിനാണു പ്രാധാന്യം. കവിയും അഭിനേത്രിയും കൂടിയാണു സംവിധായികയായ ജാസിർ. ജാസിറിന്റെ ലൈക് ട്വന്റി ഇംപോസിബിൾസ് കാനിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അറബ് ഹ്രസ്വചിത്രമാണ്. പലസ്തീനിൽനിന്നുള്ള ആദ്യത്തെ വനിതാ സംവിധായിക കൂടിയാണ് ജാസിർ.
മകൾ ഉമലിന്റെ കല്യാണം ഉടൻ നടക്കാനിരിക്കുന്നു. ഒരു മാസത്തിനകം.   ഒരിക്കൽപ്പോലും സാന്നിധ്യമറിയിക്കാത്ത ഉമലിന്റെ അമ്മയ്ക്ക് ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. അവരിപ്പോൾ അമേരിക്കയിലാണ്. അവർക്കു കല്യാണത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. ഇപ്പോഴത്തെ ഭർത്താവിന്റെ അനാരോഗ്യമാണു പ്രധാനകാരണം. കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം അവർ നാടുവിട്ടത് ഇപ്പോഴും ബന്ധുക്കളാരും മറന്നിട്ടില്ല. ഓരോ വീട്ടിലും ചെന്ന് അച്ഛനും മകനും കൂടി വിവാഹം വിളിക്കുമ്പോൾ ആ ഓർമ എല്ലാവരുടെയും മുഖങ്ങളെ  കടുപ്പമുള്ളതാക്കുന്നു. അച്ഛനും മകനും വിവാഹം ക്ഷണിക്കാൻ പോകുന്ന ഒരു ദിവസത്തെ യാത്രയാണു വാജിബ്. കടമയും കർത്തവ്യലംഘനവുമെല്ലാം കരുത്തേറിയ കഥയിലൂടെ ജാസിർ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

ശക്തമായ തിരക്കഥയാണ് ജാസിറിന്റേത്. വാജിബിന്റെ കരുത്തും തിരക്കഥയും പ്രധാന കഥാപാത്രങ്ങളുടെ അഭിനയപാടവവും. ആധുനിക നസ്രേത്ത് നഗരത്തിന്റെ മുക്കും മുലയുമെല്ലാം 97 മിനിറ്റ്  ദൈർഘ്യമുള്ള വാജിബ് വ്യക്തമായി കാണിക്കുന്നു. ഒപ്പം ബന്ധങ്ങളിലെ പൊളിച്ചെഴുത്തുകളും.

ഒസാമ ബവാര്‍ഡിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആന്റോയിന്‍ ഹെബേറിയുടെ ക്യാമറ നസ്രേത്തിന്റെ മികച്ച ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ജാക്വസ് കോമെറ്റ്‌സ് ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. കൂ അബു അലിയുടേതാണ് സംഗീതം. കാര്‍ലോസ് ഗാര്‍ഷ്യ ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നു. കര്‍മ സോയാബി, റാണ അലാവുദ്ദീന്‍, തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Friday 15 February 2019

ഓർമകളിൽ വീണ്ടും വിമല.


                                                 
                                                   ഓർമകളിൽ വീണ്ടും വിമല.


അറിയാതെ വിമല ഇന്ന്  മനസ്സിലേക്ക് കയറിവന്നു. വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ പ്രിയമുള്ളൊരാളെ കാത്തിരിക്കുന്ന വിമല  ഇന്ന് അപ്രതീക്ഷിതമായി മനസ്സിലേക്ക് കയറി വന്നതെന്തിനെന്ന് എനിക്കിപ്പോഴും അറിയില്ല. പത്താന്തരം പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന ഇടവേളയിലാണ് ഞാൻ ആദ്യമായി വിമലയെ പരിചയപ്പെടുന്നത്. നൈനിറ്റാളിലെ ആ കൊടും തണുപ്പിൽ ഒരു ഷാൾ പുതച്ച്, മലനിരകളുടെ മധ്യത്തിൽ വീണുകിടക്കുന്ന  തടാകത്തിലേക്ക് നോക്കിനിൽക്കുന്ന വിമലയെ ഞാൻ ഇന്നും ഓർക്കുന്നു. നൈനിറ്റാളിലെ ഒരു റെസിഡന്റ് ട്യൂട്ടറാണ് വിമല. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ എം.ടി വാസുദേവൻ നായരുടെ 'മഞ്ഞ് ' എന്ന ലിറിക്കൽ നോവലിലെ നായിക. നൈനിറ്റാളിലെ ഒരു ഹിൽ സ്റ്റേഷൻ ആണ് മഞ്ഞിന്റെ കഥാപരിസരം. ചുരുക്കം ചില  കഥാപാത്രങ്ങളും  സംഭാഷണങ്ങളും കൊണ്ട്  വിമലയുടെ മനോവ്യാപാരങ്ങളാണ്  നോവൽ വരച്ചുവെയ്ക്കുന്നത്. പിതാവ്,  സഹോദരൻ, സഹോദരി എന്നിവരുൾപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നിട്ടും അവൾ അവരിൽ നിന്നൊക്കെ ഒറ്റപ്പെട്ടു പോയിരിക്കുന്നു. വെക്കേഷനു സ്കൂൾ പൂട്ടി വിദ്യാർത്ഥികളും  അധ്യാപകരും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടിട്ടും നൈനിറ്റാളിലെ ആ ബോർഡിങ് ഹൗസിന്റെ ഏകാന്തതയിൽ അവൾ അവധിക്കാലം ചെലവഴിക്കുന്നു. കാവൽക്കാരൻ അമർസിംഗാണ് അവിടെയുള്ള ഏക സഹായം. ആ സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ നൈനി തടാകത്തിൽ തന്റെ പ്രിയപ്പെട്ട ബോട്ട് യാത്ര അവളാസ്വദിച്ചിരുന്നു. പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി ചിരിക്കുന്ന ബുദ്ദുവാണ് വിമലയുടെ ബോട്ട്മാൻ. ഒരു ഇംഗ്ലീഷുകാരന്റെ മകനാണ് താനെന്നു  വിശ്വസിക്കുന്ന ആ ബാലൻ തന്റെ പിതാവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു; വിമല, സുധീർകുമാർ മിശ്രയെ പ്രതീക്ഷിച്ചിരിക്കും പോലെ. നൈനിറ്റാളിലെ സന്ദർശകനായെത്തുന്ന  സർദാർജിയാണ്  അപ്രതീക്ഷിതമായി നോവലിലേക്കു കടന്നുവരുന്ന മറ്റൊരു കഥാപാത്രം. നൈനിറ്റാളിന്റെ  മനോഹാരിതയും നിശബ്ദതയും ഏകാന്തതയും നോവലിന്റെ ശില്പഘടനയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.  ഭാവനയെയും പ്രകൃതിയെയും കൈയൊതുക്കത്തോടെ ഇണക്കിച്ചേർത്ത ഒരു  നോവലിസ്റ്റിന്റെ കവിതയാണ് 'മഞ്ഞ്.' അത് അപൂർണ്ണമാണ്; അവ്യക്തമാണ്.
അപൂർണ്ണതയിലെ പൂർണ്ണതയും അവ്യക്തതയിലെ വ്യക്തതയുമുള്ള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്‌വരയിൽ  ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം! കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരുടെയും  പ്രകൃതിയുടെയും നിത്യസത്യമാണ് നോവലിന്റെ സത്ത.

Sunday 10 February 2019

മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം


                         
                          മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം


മറ്റുള്ളവരുടെ ചോദ്യങ്ങക്ക് മറുപടി പറയുമ്പോൾ കിതയ്ക്കുന്നവൻ... പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കുപോലും പോസുചെയ്യുമ്പോൾ നാണിക്കുന്നവൻ...  പഠനം, ജോലി തുടങ്ങിയ റാറ്റ് റേസിനിടയിൽ ഒരു ദിവസം അയാൾ തിരിച്ചറിയുന്നു; തന്റെ ജോലി ഇതല്ല എന്ന്, തന്റെ വഴി ഇതല്ല എന്ന്. ഈ തിരിച്ചറിവിന്റെ പേരാണ് വിജയ് സേതുപതി.

തമിഴ്‌നാട്ടിലെ രാജപാളയത്ത് ജനനം. ആറാം ക്ലാസ്സിൽ ചെയ്യയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ബിലോ ആവറേജ്. ആർട്ട്‌സിലും സ്പോർട്സിലും താൽപര്യക്കുറവ്. ഇവയെല്ലാം നൽകിയ കളിയാക്കലുകളും അപമാനങ്ങളും. പഠനസമയത്ത് പോക്കറ്റ് മണിക്കായി ടെലിഫോൺ ബൂത്ത്‌ കീപ്പർ മുതൽ സെയിൽസ്മാൻവരെ നിരവധി ജോലികൾ!

സയൻസ് പഠിക്കുക എഞ്ചിനീയറാവുക എന്ന സ്വപ്നമുണ്ടായിരുന്ന വിജയ് സേതുപതി സയൻസ് തനിക്ക് ലവലേശം വഴങ്ങില്ല എന്ന ബോധ്യത്തിനവസാനമെന്നവണ്ണം ബി.കോം പൂർത്തിയാക്കുന്നു. ഒരു സിമെന്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിക്കുന്നു. തനിക്കുപോലും തികയാത്ത ശമ്പളം. അതുകൊണ്ട് ഒരിക്കലും ഒരു വീട്‌ പുലർത്താനാവില്ല എന്ന തിരിച്ചറിവിൽ അക്കൗണ്ടന്റായി ദുബായിലേക്ക്. നാട്ടിൽ ലഭ്യമായതിനേക്കാൾ നാലിരട്ടി ശമ്പളം. മലയാളി യുവതിയുമായുള്ള പ്രണയം, വിവാഹം. ഇതുവരെയുള്ള വിജയ് സേതുപതിയെ  നാട്ടുകാരും വീട്ടുകാരും സക്സസ്ഫുൾ എന്നു വിളിച്ചേക്കാം. എന്നാൽ, അയാൾ സ്വയം തിരിച്ചറിയുന്നു അയാളിൽ നിന്നും അന്യമാകുന്ന സന്തോഷത്തെ... ആ നഷ്ടബോധത്തെ. അതിന്റെ പ്രതികരണമെന്ന നിലയിൽ അയാൾ ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വിമാനം കയറുന്നു.

വിവാഹം, കുടുംബം, വീട്ടുചെലവുകൾ ഇവയുടെ പ്രലോഭനത്താൽ ഒരു ഇന്റീരിയർ ഡിസൈൻ സ്ഥാപനം ആരംഭിക്കുന്നു. സ്ഥാപനം വളരുന്നു. നല്ലരീതിയിൽ വരുമാനമുണ്ടാകുന്നു. അതും ആ മനുഷ്യനെ തൃപ്തിപ്പെടുത്തിയില്ല. പണ്ടെന്നോ ഒരു പ്രമുഖ സംവിധായകൻ തന്നെക്കണ്ടപ്പോൾ, നിന്റെ മുഖം ഫോട്ടോജെനിക്കാണെന്നു പറഞ്ഞത് അയാളുടെ ഓർമകളിലേക്ക് തിരനീട്ടിവന്നു. ഇത് അയാളെക്കൊണ്ട് ഒരു തീരുമാനമെടുപ്പിച്ചു. ഞാൻ ആക്ടർ ആകും എന്ന്. അതുവരെ സക്സസ്ഫുൾ എന്നുവിളിച്ചപലരും അന്നുമുതൽ അയാളെ വിഡ്ഢിയെന്നു വിളിച്ചിരിക്കാം! വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ഒരു ഗെയിം. കൂടുതലും പരാജിതരുള്ള ആ ഗെയിം. ആ ഗെയിമിലേക്ക് താൻ ധൈര്യപൂർവം ഇറങ്ങിയേമതിയാവൂ.  കാരണം, പ്രശ്നങ്ങൾ ഒരിക്കലും പുറത്തല്ല ഉള്ളത്; അത്  നമ്മുടെ ഉള്ളിലാണ്, നമ്മുടെ ചിന്തകളിലാണ്. എന്തുചെയ്യണം? എങ്ങനെ ചെയ്യണം?  എവിടെനിന്ന് തുടങ്ങണം?  അതാണ്‌ ആദ്യപടി. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആരംഭം.

ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചില  സിനിമകളിൽ നിന്നുണ്ടായ അപമാനങ്ങളിൽ, വേദനകളിൽ അയാൾ ഇങ്ങനെ വിചാരിച്ചു : "ചിലർ നല്ലത് ചെയ്ത്  നമുക്ക് പാഠം നൽകും, മറ്റു ചിലർ മോശം കാര്യം ചെയ്തും."  ഈ പാഠങ്ങളാണ് മുന്നേറാനുള്ള മുതൽക്കൂട്ട്. നാം ഒരുപാട് മഹാരഥന്മാരെ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ആർക്കാണ് റെസ്‌പെക്ട്?  ആർക്കാണോ തന്റെ തൊഴിൽ ഭംഗിയായി ചെയ്യാനറിയുന്നത്, അയാൾക്കുള്ളതാണ് റെസ്‌പെക്ട്. തന്റെ ജോലി മികച്ചതാക്കാൻ എന്തൊക്കെ പഠിക്കണമോ അതാണ്‌ ആദ്യം ഹൃദസ്ഥമാക്കേണ്ടത്. ജനിക്കുമ്പോഴേ ആരും ഡോക്ടറായും കളക്ടറായും ആക്ടറായുമൊന്നുമല്ല ജനിക്കുന്നത്. തന്റെ മേഖല തിരഞ്ഞെടുത്താൽ, അവിടെ ശോഭിക്കാനാവശ്യമായ കാര്യങ്ങൾ ആദ്യം പഠിക്കണം. ഈ അറിവാണ് അടിത്തറ.

കണ്ടതും കേട്ടതും അറിഞ്ഞതുമായ എല്ലാം ഓഡിയേഷനുകളിലും പങ്കെടുത്ത്, കണ്ട സിനിമാക്കാരുടെ ഓഫീസുകളിലെല്ലാം കയറിയിറങ്ങി, തന്റെ എല്ലാ സ്‌ട്രെയ്‌നിന്റെയും അവസാനം ഒരു ഷോർട് ഫിലിമിൽ തുടങ്ങി ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും 2010 -ൽ നായകനായി അരങ്ങേറ്റം.

പൊടുന്നനെ ഒരുനാൾ ജീവിതത്തിലുണ്ടാകുന്ന ഒരു ഡിപ്രഷൻ. ആ ഡിപ്രഷൻ സമയത്ത് നാം സ്വയം ചിന്തിക്കും. ആ ചിന്ത, നാം ആരാണ് എന്ന തിരിച്ചറിവ് നമ്മിലുണർത്തും. ആ തിരിച്ചറിവ്, നമ്മെ ഒരു യാത്രനയിക്കാൻ പ്രേരിപ്പിക്കും. ആ യാത്രയുടെ അവസാനം നാം നമ്മിലുള്ള എല്ലാ ബന്ധങ്ങളും എല്ലാ ചങ്ങലക്കണ്ണികളും പൊട്ടിച്ചു ദൂരെയെറിയും. അപ്പോൾ നാം അങ്ങ് ദൂരെ ഒരു പ്രകാശം കാണും. അതുവരെ വിജയിച്ചവർ എന്നു നാം വിചാരിച്ചിരുന്നവർ പലരും ഒന്നുമല്ല എന്ന് നാം തിരിച്ചറിയുന്ന  നിമിഷം... ആ പ്രകാശത്തിന്റെ പേരാണ് സക്സസ്.

ആദ്യമായി സ്റ്റേജിൽ കയറിയപ്പോൾ വിക്കിവിയർത്ത്‌ നിലത്തേക്ക് പതിക്കും എന്നു ചിന്തിച്ച ഈ മനുഷ്യൻ... വേണ്ടപ്പെട്ടവർ ആരുംതന്നെ സിനിമാരംഗത്തില്ലാതിരുന്നിട്ടും... സിനിമ സ്വപ്നം കണ്ട ഈ മനുഷ്യൻ...  സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറുകൾക്കിടയിൽ വിനയാന്വിതനായി തിളങ്ങുന്നുവെങ്കിൽ അതിനർത്ഥം അദ്ദേഹമൊരിക്കലും വിജയിച്ചവന്റെയോ മുകളിലെത്തിയവന്റെയോ വഴിയല്ല പിന്തുടർന്നത്. സ്വന്തം വഴിയുണ്ടാക്കുകയായിരുന്നു ചെയ്തത്. ഈ ധൈര്യമാണ്, ഈ വിശ്വാസമാണ്,  ഈ പോസിറ്റിവിറ്റിയാണ് മക്കൾ സെൽവൻ  വിജയ് സേതുപതി

Thursday 7 February 2019

ഒഴിഞ്ഞ കുടങ്ങൾ നിറയ്ക്കാം



                                                 ഒഴിഞ്ഞ കുടങ്ങൾ നിറയ്ക്കാം


പണം സമ്പാദിക്കാനുള്ള ഉപാധിയായിമാത്രം തന്റെ തൊഴിലിനെ  കാണുന്ന ഒരു പ്രൊഫഷണലിന്റെ ജീവിതം അധികം വൈകാതെതന്നെ  അർത്ഥശൂന്യമായിത്തീരും. പ്രാഥമികസൗകര്യങ്ങൾക്കപ്പുറം ഭൗതികവിജയത്തിനായുള്ള ത്വര സ്വന്തമായ മൂല്യങ്ങളെ പതുക്കെപ്പതുക്കെ നശിപ്പിക്കും. അയാളുടെ അവസാനകാലജീവിതത്തിൽ ഏറ്റവുമധികം മുഴങ്ങിക്കേൾക്കുന്നതും ഇതുതന്നെയായിരിക്കും. നമ്മളിൽ പലരെയും വേർതിരിച്ചറിയാൻ പ്രയാസമായ ഒരു ശൂന്യതാബോധം അലട്ടാൻ തുടങ്ങിയിട്ടുണ്ട്. നമ്മുടെ ഇടപാടുകൾ ആരുമായിട്ടാണോ, അവരുടെ ബഹുമാനത്തിനു പാത്രമാകുന്നതാണ് ഒരു പ്രൊഫഷണലിനെ സംബന്ധിച്ച് ഏറ്റവുമധികം മനഃസംതൃപ്തി ലഭിക്കുന്നത്. ഒരാളുടെ തൊഴിൽജീവിതത്തിലെ പ്രത്യേകഘട്ടം മുതൽ, മറ്റുള്ളവർ അയാളെ തിരിച്ചറിയുന്നു എന്നത് അയാളെ ആ മേഖലയിൽ നിലനിർത്തുന്നു. പക്ഷേ, അതിനെല്ലാമപ്പുറം തന്റെ തൊഴിൽമേഖലയ്ക്ക് ഏതെങ്കിലും പുതുതായി തിരിച്ചുനൽകാൻ കഴിയുന്നവർ മാത്രമാണ് ഈ ദീർഘമായ മത്സരത്തിൽ അവശേഷിക്കുന്നത്. പൈതൃകബോധത്താൽ മുന്നോട്ട് നയിക്കപ്പെടുന്നവരാണ് പലപ്പോഴും ഈ പ്രൊഫഷണലുകൾ. വൈകാരികവും ബുദ്ധിപരവുമായ ആർജവം നേടാനുള്ള കരുത്തിനേക്കാൾ വലുതായി മറ്റൊരു പോഷണവുമില്ല.

തൊഴിൽജീവിതത്തിന്റെ മധ്യകാലത്തുള്ള പല പ്രൊഫഷണലുകളും പൊതുനന്മയ്ക്കായി എന്തെങ്കിലും ചെയ്യുന്നതിനായി വെറുതെ ആഗ്രഹിക്കാറുണ്ട്. സമൂഹത്തിൽ ഒരു മാറ്റം സൃഷ്ടിക്കുവാനുള്ള അവരുടെ ആഗ്രഹം പലപ്പോഴും നടക്കാത്ത കാര്യമായി അവശേഷിക്കും. ചെറിയ കാര്യങ്ങൾ എന്നും ഒരുപോലെ ചെയ്യുക, പ്രൊഫഷന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക. ലോകത്തെ മാറ്റിമറിക്കുന്നതിനെപ്പറ്റി ചിന്തിച്ചു തലപുകയ്ക്കാതിരിക്കുക.

സ്വയം വറ്റിത്തീർന്നെന്ന് നിങ്ങൾക്ക് എപ്പോൾ തോന്നുന്നുവോ, ആ നിമിഷം നിങ്ങളുടെ ശ്രദ്ധ നിങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് മാറ്റണം. നിങ്ങളുടെ തൊഴിലിൽ പുതുതായി വന്നവർക്കൊപ്പം സമയം ചെലവഴിക്കാം... അവരെ സഹായിക്കാം... അതുമല്ലെങ്കിൽ നിങ്ങളുടെ  ഇതുവരെയുള്ള എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിൽ ചിലതൊക്കെ എഴുതാം. അതുമല്ലെങ്കിൽ, നിങ്ങളുടെ തൊഴിൽമേഖലയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സ്ഥാപനങ്ങളുമായോ  സംഘടനകളുമായോ  ചേർന്ന് പ്രതിഫലേച്ഛയില്ലാത്ത എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാം. ഇപ്പോൾ നോക്കൂ; ഒഴിഞ്ഞുകിടന്ന, നിങ്ങൾ എന്ന, മൺകുടം എങ്ങനെ വീണ്ടും നിറയുന്നുവെന്ന്.


അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...