Saturday 26 July 2014

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍



അങ്ങ് കിഴക്കന്‍ മലനിരകളിലെ കട്ടിമഞ്ഞിന്‍റെ പാട മാഞ്ഞുമാഞ്ഞ്‌ പോകുന്നു. രാപ്പാടികളുടെ സംഗീത സദിര്  അവസാനിച്ചിരിക്കുന്നു. ഇരുട്ട് ഒരു ചാരനിറത്തിന്‍റെ അര്‍ദ്ധതാര്യതയായി രൂപാന്തപ്പെട്ടിരിക്കുന്നു. പുലര്‍കാലത്തിന്‍റെ തണുത്തുറഞ്ഞ നിശബ്ദമായ അന്തരീക്ഷത്തില്‍ കാക്കകളും മറ്റ് പറവകളും ഉണര്‍ന്ന് ഒച്ചവെച്ചു തുടങ്ങി.

പുറത്ത് ചെമ്മണ്‍പാത സജീവമായിത്തുടങ്ങി.   ഇന്ന് ഗ്രാമത്തിന്‍റെ ചന്തദിവസമാണ്. ചക്രത്തിന്‍റെ കരച്ചിലും കുടമണിയൊച്ചയുമായി ഇഴഞ്ഞുനീങ്ങുന്ന കാളവണ്ടികളില്‍ നിറയെ പച്ചക്കറികള്‍ കയറ്റിയിരിക്കുന്നു.  പാതയോരത്തെ ചായക്കടയില്‍ വിളക്കുകളും കുശിനിക്കാരും ടേപ്പ് റിക്കാര്‍ഡും ഉണര്‍ന്നു കഴിഞ്ഞു.

കാറ്റില്ല.  മുല്ലവള്ളിയെ വേളി കഴിച്ച, മുറ്റത്തെ കിളിമരച്ചില്ലകള്‍ ചലനമറ്റ് വിറങ്ങലിച്ചു നില്‍ക്കുന്നു. രാത്രിയില്‍ പെയ്ത് പോയ മഴയുടെ അവശിഷ്ടങ്ങള്‍ പറമ്പിലുണ്ട്. ചെളിവെള്ളക്കുണ്ടുകള്‍, കുതിര്‍ന്ന കപ്പത്തടങ്ങള്‍,മഴവെള്ളം കുത്തിയൊലിച്ചു പോയതിന്‍റെ പാടുകള്‍.  ഇലത്തുമ്പുകളില്‍ ഇറ്റുവീഴാനൊരുബെട്ടു നില്‍ക്കുന്ന നീര്‍ത്തുള്ളികള്‍.

ഭൂമിയുടെ മുഖം മ്ലാനമാണ്.

പൊടുന്നനെ ഒരു നേര്‍ത്ത കാറ്റ് ഓടിവന്ന് കിളിമരച്ചില്ലകളില്‍ ചലനമുണ്ടാക്കി വന്ന മാതിരി തിടുക്കത്തില്‍ തന്നെ ഓടിയകന്നു.  കിളിയിലത്തുമ്പുകളിലും മറ്റും ആരുടെയോ കണ്ണുകളിലെ  നീര്‍ത്തുള്ളികള്‍ പോലെ മുറ്റി നിന്ന ജലകണങ്ങള്‍ അടര്‍ന്നുവീണു.

ഞാന്‍ അശോക്‌ നഗറിലെ ചിത്രശലഭങ്ങളെ ഓര്‍ക്കുന്നു.  അവയെ സ്നേഹിച്ചിരുന്ന ചിന്നുക്കുട്ടിയെ ഓര്‍ക്കുന്നു.  ഒരു കാരണവുമില്ലാതെ ഒരു സാംഗത്യവുമില്ലാതെ.

അശോക്‌ നഗറില്‍ നിന്ന് അനേകമനേകം കാതങ്ങള്‍ അകലെയാണ് ഞാന്‍.  കല്ലടയാറിന്‍റെ തീരത്തെ ഒരു കൊച്ചുഗ്രാമത്തില്‍.   സെക്രട്ടറിയേറ്റിനെ പൊതിഞ്ഞു  നില്‍ക്കുന്ന കോണ്‍ക്രീറ്റ് വനവും അതിന്‍റെ ഭാഗമായ അശോക്‌ നഗറും അവിടുത്തെ ചിത്രശലഭങ്ങളും വളരെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പ്രഭാതത്തില്‍ എന്‍റെ ഓര്‍മകളിലേക്ക് തിരക്കിട്ട് ഓടിക്കയറി വരുന്നത് എന്തിനെന്ന് എനിയ്ക്കുതന്നെ അറിയില്ല.

എന്നിട്ടും,  ഞാന്‍ അശോക്‌ നഗറിലെ ചിത്രശലഭങ്ങളെ ഓര്‍ക്കുന്നു.  അവയെ സ്നേഹിച്ചിരുന്ന ചിന്നുക്കുട്ടിയെ ഓര്‍ക്കുന്നു.

അശോക്‌ നഗറിലെ നാല്പത്തിയഞ്ചാം നമ്പര്‍ വീട്.  ചുറ്റിലും മതിലുണ്ട്.  മതിലിന് പുറത്ത് ഇടനിരത്ത്.  ആ ഇടനിരത്തിലെ ഒടുവിലത്തെ വീടാണ് നാല്പത്തിയഞ്ചാം നമ്പര്‍.  നാല്പത്തിയഞ്ചാം നമ്പര്‍ വീടിന് മുന്നില്‍ അവസാനിക്കുന്ന ആ ഇടനിരത്തിന്‍റെ അങ്ങേ ഓരത്ത് ഒരു ചെറിയ കുളമുണ്ട്; അതുനിറയെ ആമ്പല്‍പ്പൂക്കളും.  ആ ആമ്പല്‍ക്കുളത്തിലും നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന ചെടികള്‍ക്കിടയിലും ചിത്രശലഭങ്ങള്‍ പറന്നു നടക്കുന്നു.

നിറം മങ്ങിയ മതിലിന് മുകളിലൂടെ ചിത്രശലഭങ്ങള്‍  എവിടേയ്ക്കോ പോവുകയും വരുകയും ചെയ്യുന്നു; ഒറ്റയ്ക്കും കൂട്ടംകൂട്ടമായും.

നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്നാണ് ഞാന്‍ ആ ചിത്രശലഭങ്ങളെ  ആദ്യമായി കണ്ടത്.  അവയെ പിടിക്കാനായി കൈയുയര്‍ത്തി പിടിച്ച് ചിന്നുക്കുട്ടി നടക്കുന്നു.

മുന്‍പും ഞാന്‍ ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ട്;  നാട്ടിലും മാറിമാറി താമസിച്ച പല വീട്ട് മുറ്റങ്ങളിലും ഒക്കെയുള്ള ചിത്രശലഭങ്ങളെ.   പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല.  പിന്നെപ്പിന്നെ വളര്‍ന്നപ്പോള്‍ പല നാട്ടുകാരായ ചിത്രശലഭങ്ങളേയും കണ്ടു.  പക്ഷേ, അവയൊന്നും എന്‍റെ അനുജത്തി സ്നേഹിച്ചിരുന്ന, അശോക്‌ നഗറിലെ ചിത്രശലഭാങ്ങലെപ്പോലെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല.

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍ക്ക്‌ ഭാഷ അറിയില്ല. എങ്കിലും ഇതളുകളിലിരുന്ന് പൂക്കളോട് എന്തൊക്കെയോ പറയാറുണ്ട്‌.  പിന്നെ, കുട്ടികളെപ്പോലെ കൈകൊട്ടി ചിരിയ്ക്കും.

അവയ്ക്ക് കൈകളില്ലന്നാരു പറഞ്ഞു?

ചിറകുകള്‍ അവയുടെ കൈകളല്ലേ!

മനുഷ്യന്‍റെ ഭാഷ സാര്‍വത്രികമായത് കൊണ്ടാവാം അവയിങ്ങനെ അടക്കം പറയുന്നത്!  അതുപോലെ, വര്‍ണ്ണങ്ങളുടെ ഭാഷയും സുഗന്ധങ്ങളുടെ ഭാഷയും  അവയ്ക്ക് വശമുണ്ടെന്ന് തോന്നും മട്ടിലായിരുന്നു, ചിത്രശലഭങ്ങളുടെ പെരുമാറ്റം.

അശോക്‌ നഗറിലെ ആ ചിത്രശലഭങ്ങളും ചിന്നുക്കുട്ടിയും ഇന്ന് നക്ഷത്രങ്ങളുടെ ലോകത്ത് എവിടെയോ ഒളിച്ചിരിക്കുന്നു.

അന്ന് അവധി ദിവസമായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ നെഴ്‌സറിയില്‍ പോയിരുന്നില്ല. വല്ലപ്പോഴും വീണുകിട്ടുന്ന അവധി എനിക്ക് സന്തോഷത്തിന്‍റെതായിരുന്നു.

കിഴക്കുദിച്ച സൂര്യന്‍ അശോക്‌ നഗറിലെ നാല്പത്തിയഞ്ചാം നമ്പര്‍ വീടിന് മുകളിലെത്തി. സൂര്യന്‍റെ ചൂടില്‍ ചെടികളുടെ ഉന്മേഷം നഷ്ടപ്പെട്ടിരുന്നു.  അവയ്ക്കിടയിലൂടെ അപ്പോഴും ചിത്രശലഭങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. ഉമ്മറപ്പടിയില്‍ നിന്നും ഞാനകത്തേയ്ക്ക് പോയി.

ചിന്നു അമ്മൂനെ ഒരുക്കുന്നു.  ഉറക്കത്തിലും ആ പാവക്കുട്ടി ചിന്നൂനോടൊപ്പം കാണും.  അമ്മ എന്തോ വായിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ ചിന്നൂന്റൊപ്പമിരുന്നു.  കളിക്കൊപ്പുകള്‍ക്കിടയില്‍ നിന്നും ഞാനൊരു ഫോണെടുത്തു.

"ഹലോ.. അമ്മേല്യെ; ഞാനവ്ടുണ്ടോ?"

വായന നിറുത്തി അമ്മ ചിരിച്ചു.

"അമ്മെന്തിനാ ചിരിക്ക്ന്നേ?"

അമ്മ ഒന്നൂടെ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.  ചിന്നു  അമ്മൂനെക്കളഞ്ഞ് ഫോണില്‍ പിടിച്ചു.

"പോന്‍ മോക്ക് വേനം."

"ഇതെന്റ്യാ  നെന്ക്ക് തരൂല്ലാ..."   ഞാന്‍ അലറാന്‍ തുടങ്ങി.

"അമ്മേടെ അനുസരണയുള്ള മോനാണേല്‍ ചിന്നൂന് കൊടുക്ക്."

അമ്മയുടെ അനുസരണയുള്ള മോനാകാന്‍ വേണ്ടിമാത്രം ഞാനത് ചിന്നൂന് കൊടുത്തു.  അവള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോള്‍, അവളുടെ കൊച്ചു പല്ലുകള്‍ പുറത്തു കാണാമായിരുന്നു.

ഞാന്‍ കട്ടിലിനടിയില്‍ നിന്നും എന്‍റെ വിമാനം തപ്പിയെടുത്തു.  നിമിഷനേരം കൊണ്ട് മുറിയില്‍ എയര്‍ റൂട്ടുകളുണ്ടായി.  ഒരു നാല് വയസ്സുകാരന്‍ പൈലറ്റായി മാറുന്നു.  ഒരു വിമാനത്തിന്‍റെ എല്ലാ ഉടമസ്ഥതയും സകല നിയന്ത്രണവും അവന് സ്വന്തമാകുന്നു.

ഇടയ്ക്ക് ചില മൂളലുകളും ഇരമ്പലുകളും കൊണ്ട്  അന്തരീക്ഷം സജീവമാകുന്നു. എനിയ്ക്ക്മാത്രം സ്വന്തമായുള്ളൊരു ലോകത്തിന്‍റെ സ്വകാര്യതയിലേക്ക്  ഞാന്‍ സ്വയം നഷ്ടപ്പെടുന്നു.

"എന്താ മോനേത്!  ഒച്ചവെയ്ക്കാതെ."

" അമ്മേ... ഞാനേയ് വല്യൊരു വിമാനം വാങ്ങാപ്പൂവ്വാ.  എന്‍റെ വിമാനത്തേല് അമ്മെക്കേറ്റാമേ."

അമ്മ ചിരിച്ചു.  " മോനൂ... നീയിങ്ങനൊന്നുമായാപ്പറ്റില്ല.  വല്യ കുട്ടിയായിത്തുടങ്ങി.  അടുത്തര്‍ഷം നെനക്ക് സ്കൂളിപ്പോണ്ടെ!  ന്നിട്ട്  പഠിച്ച് വല്യാളാവണ്ടെ!  അപ്പൊ, അമ്മയ്ക്കെന്തു തരും?"
എനിക്ക് ലേശം നാണം തോന്നിത്തുടങ്ങി. ഇടതു കൈയുയര്‍ത്തി കണ്ണുകളില്‍ തിരുമ്മി.

"എനിക്ക് വല്യാളൊന്നാവണ്ടാ..."

അമ്മ വീണ്ടും ചിരിച്ചു.  പിന്നെ, എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

വിമാനം മേഘപാളികള്‍ക്കിടയിലൂടെ  ഒരു  പക്ഷികണക്കെപ്പറന്നു.  വിമാനത്തോടൊപ്പം മുട്ടിന്മേലിഴഞ്ഞ എന്‍റെ കാലുകളെ മറികടന്ന് ചിന്നുകുട്ടിയും പോയി.
 ആ നാല് ചുമരുകള്‍ക്കുള്ളില്‍ ഞാനും എന്‍റെ വിമാനവും മാത്രമായി.  എന്‍റെ സ്വകാര്യതയില്‍ ഞാന്‍ ചിറകില്ലാതെ പറന്നുനടന്നു.

പെട്ടന്ന് ആരുടെയൊക്കെയോ തേങ്ങലുകളുള്‍ക്കൊണ്ട ഞാന്‍ അവിടെ നിന്നും പിടഞ്ഞെണീറ്റു.  തേങ്ങലുകളുടെ ഉറവിടം തേടി ഞാന്‍ പുറത്തേക്ക് നടന്നു.   മുന്‍വശത്തെ മുറിയില്‍ കൊളുത്തിവെച്ചിരിക്കുന്ന നിലവിളക്കിനു മുന്നില്‍ ചിന്നുക്കുട്ടി സുഖമായി ഉറങ്ങുന്നു. അവള്‍ക്കരികില്‍ അമ്മ അലമുറയിട്ട് കരയുന്നു. കൂടെ അടുത്ത വീട്ടിലെ ചില ആണ്‍ടിമാരുമുണ്ട്. പിന്നെ, ചില അപരിചിത മുഖങ്ങളും.

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വാതില്‍ക്കല്‍ നിന്നു.  എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

ഞാന്‍ അമ്മയുടെ അടുത്തേക്ക്‌ പതിയെ നടന്നു.

എന്നെ കെട്ടിപ്പിടിച്ച് അമ്മ എന്തൊക്കെയോ പറഞ്ഞു; കരഞ്ഞു.

അമ്മയുടെ ദു:ഖം വര്‍ദ്ധിച്ചതു കൊണ്ടാവാം വിമലാണ്‍ടി എന്നെ പിടിച്ചുകൊണ്ടുപോയത്. എപ്പോഴും ചിരിച്ചുകണ്ട വിമലാണ്‍ടിയുടെ മുഖത്തും ദു:ഖത്തിന്‍റെ നേരിയ നിറം മങ്ങല്‍ വ്യാപിച്ചിട്ടുണ്ടായിരുന്നു.

"ആണ്‍ടീ .. ആണ്‍ടീ... അമ്മേന്തിനാ കരേന്നെ?"

"ഒന്നൂല്ല; അനിയത്തിക്ക് പനിയായോണ്ടാ."

"അതിനമ്മ കുത്തീച്ചാ മതീല്ലോ."

വിമലാണ്‍ടീടെ കണ്ണുകള്‍ നിറഞ്ഞു.

അവിടെയിരുന്ന ഏതോ അപരിചിതരുടെ അടുത്ത് എന്നെയിരുത്തി.  അവരുടെ മുഖത്തും  എന്തോ ഒരു മ്ലാനത.

ഞാന്‍ അകത്തേക്ക് നോക്കി.  എന്‍റെ വിമാനം കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അനാഥമായിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ.

അപരിചിതരുടെ ശ്രദ്ധ എന്നില്‍ നിന്നും മാറിയപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തെത്തി. അമ്മ ചുമരില്‍ ചാരിയിരുന്ന് കരയുന്നു.

എന്നെ ചുറ്റിപ്പിടിച്ച അമ്മയുടെ കൈകളില്‍ ഒതുങ്ങിക്കൊണ്ട് ഞാന്‍ അമ്മയോട് ചോദിച്ചു:

"അമ്മേന്തിനാ കരേന്നേ ?"

എന്‍റെ ചോദ്യം അമ്മയുടെ ജ്വലിക്കുന്ന വിഷാദാഗ്നിയില്‍ ഇറ്റുവീഴുന്ന എണ്ണയായി. അമ്മയുടെ നിലക്കാത്തകരച്ചില്‍ കേട്ട് ഞാന്‍ പരിഭ്രമിച്ചു.

"ഇങ്ങനെ കരേണ്ടാമ്മേ... ഇങ്ങനെ കരേണ്ടാ..."

എന്നെ ചുറ്റിപ്പിടിച്ചിരുന്ന അമ്മയുടെ കരങ്ങള്‍ മുറുകി.  അമ്മ എന്നെ തുരുതുരെ ചുംബിച്ചു; കരഞ്ഞു.

"അമ്മേന്തിനാ കരേന്നേ... കുത്തീച്ചാ ചിന്നൂന്‍റെ പനി പോവ്വോല്ലോ."

എന്‍റെ സാന്ത്വനം ഏശിയില്ല.  അമ്മയുടെ കരച്ചില്‍ ഉച്ചത്തിലായി.

ഞാന്‍ പുറത്തേക്ക് നടന്നു.
പൂത്തു നില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ ചിത്രശലഭങ്ങള്‍ പറന്നുനടക്കുന്നു.  മഞ്ഞ, നീല, ചുവപ്പ്, വെള്ള പിന്നെ പല നിറങ്ങളിലുമുള്ളവ.

ഞാന്‍ അവയെ നോക്കിനിന്നു.

ചിത്രശലഭങ്ങള്‍ ഇതളുകളിലിരുന്ന് പൂക്കളോട് ചോദിച്ചു:

"ചിന്നുക്കുട്ടിയെവിടെ?"

എവിടെനിന്നോ ഓടിവന്ന നേര്‍ത്തകാറ്റില്‍ ചെടികള്‍ തലയാട്ടി.

"കണ്ടില്ല"

പായല്‍ പിടിച്ച് നിറം മങ്ങിയ മതിലിന് മുകളിലൂടെ ചിത്രശലഭങ്ങള്‍ പറന്നു.  പലനിറങ്ങളിലുമുള്ളവ. ചെറുതും വലിതുമായവ.

അശോക്‌ നഗറിലെ ചിത്രശലഭങ്ങള്‍ ഒരത്ഭുതമായി എന്നില്‍ നിറയുന്നു .  ഇന്നവ കൈകൊട്ടി       ചിരിക്കുന്നില്ല.

ചിരിക്കാന്‍ മറന്നതുപോലെ!
കൈകളില്ലാത്തതുപോലെ!!

ആരൊക്കെയോ വന്നു. അകത്തുനിന്നും തേങ്ങലുകളുടെ ശക്തി വര്‍ദ്ധിച്ചു.  വന്നുകൊണ്ടിരുന്ന ഓരോ മുഖങ്ങളിലും ഞാന്‍ ആകാംക്ഷയോടെ നോക്കി.  എല്ലാവരിലും ഒരേ ഭാവം മാത്രം.

ഗേറ്റിനരികില്‍ അച്ഛനും ബാബു അങ്കിളും കുറച്ചപരിചിതരും നില്‍ക്കുന്നു.

ഞാന്‍ അച്ഛന്‍റെ അടുത്തു ചെന്നു. അന്നാദ്യമായി അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു.  എപ്പോഴുംഎന്നോട് കളിക്കുന്ന ബാബു അങ്കിളും എന്നെ കണ്ടതായി നടിച്ചില്ല.

"ആമ്പല് പറിക്കാന്‍ നോക്കിയതാവും"  ബാബു അങ്കിള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

എന്നെ അവഗണിച്ചുകൊണ്ടുള്ള  അവരുടെ നില്‍പ്പില്‍ അന്നാദ്യമായി എനിക്കവരോട് വെറുപ്പ്‌ തോന്നി.  ഞാന്‍ അലസമായി വെളിയിലേക്ക് നോക്കി.

ഇടനിരത്തിന്‍റെ അങ്ങേ ഓരത്തെ ചെറിയ കുളത്തില്‍ എന്‍റെ ഫോണ്‍ ഒഴുകി നടക്കുന്നു.

ബാബു അങ്കിളിന്‍റെ വിരലുകള്‍ എന്‍റെ തലമുടിയിലൂടെ പരതിനടന്നു.  ഞാന്‍ തലയുയര്‍ത്തി നോക്കി.

"വണ്ടിയ്ക്ക് ഞാന്‍ പറഞ്ഞിട്ടുണ്ട്"  ബാബു അങ്കിള്‍ അച്ഛനോട് പറഞ്ഞു. പിന്നെ, എന്നെയും പിടിച്ച് വീട്ടിലേക്ക് നടന്നു.

"ബങ്കിളേ...ബങ്കിളേ... അമ്മേന്തിനാ കരേന്നേ?"

"വെറുതെ"

വിമലാണ്‍ടി പറഞ്ഞു ചിന്നുമോക്ക് പണിയായോണ്ട്ന്ന്, തന്നെ ബങ്കിളേ?

"ങാ.. അതെ."

ബാബു അങ്കിള്‍ വിമലാണ്‍ടിയെ വിളിച്ച് എന്തോ പറഞ്ഞു.  വിമലാണ്‍ടി എന്നെയും കൊണ്ട് അകത്തു പോയി. അമ്മു കട്ടിലില്‍ കിടക്കുന്നു.  ആ പാവക്കുട്ടിയ്ക്ക് കൂട്ടായി ചിന്നുവുണ്ടായിരുന്നില്ല.

വിമലാണ്‍ടി മുട്ടിന്മേലിരുന്ന് എന്‍റെ ഷര്‍ട്ടും നിക്കറുമൊക്കെ ഊരി മറ്റൊന്നിടിയിച്ചു.  ചുവപ്പില്‍ കറുത്ത കള്ളികളുള്ള ഷര്‍ട്ടിന്‍റെ ബട്ടണിടുമ്പോള്‍ ഞാന്‍ വിമലാണ്‍ടിയോട് ചോദിച്ചു:

"എവ്ട്യാ ആണ്‍ടി പോവ്ന്നേ?"

"മോന്‍റെ അപ്പൂപ്പന്‍റെ വീട്ടില്"

"നാട്ടിപ്പൂവ്വാ"  എന്‍റെ സന്തോഷത്തിന് അതിര്കളില്ലായിരുന്നു.

ഓല പമ്പരമുണ്ടാക്കിക്കളിക്കാം... കുമ്പള വള്ളിക്കിടയില്‍ ഒളിച്ചുകളിക്കുന്ന തുമ്പിയെ പിടിക്കാം. അതിന് മിടുക്കന്‍ വടക്കേലെ പ്രകാശാ. കൊടിലിന്‍റെ ആകൃതിയിലാക്കിയ കൈവിരലുകള്‍  അവന്‍ തുമ്പിയുടെ പിന്നിലൂടെ കൊണ്ടുപോകും. അതിന്‍റെ ചുവന്ന വാല്‍ കൈവിരലുകള്‍ക്കുള്ളിലായാല്‍ ഇമവെട്ടും പോലെ വിരലുകള്‍ പൂട്ടും. അപ്പോള്‍, ആ വിരലുകള്‍ക്കിടയിലിരുന്ന് അത് ചിരകിട്ടടിക്കും.

പിന്നെയാ അവന്‍റെ പവറ് മുഴുവന്‍ കാട്ടുക. മിന്നല്‍പ്പിണര്‍ പോലെ ഒന്ന് പുളഞ്ഞ് അട്ടഹസിച്ച് ഓടിമറയും. എങ്കിലും, അവന്‍ പാവാ... അവസാനം എനിക്കും ഒരെണ്ണത്തിനെ തരും.

ഞാന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ മുന്‍വശത്തേക്ക് വന്നു. അവിടെത്തെ തേങ്ങലുകളില്‍ എന്‍റെ സന്തോഷം അലിഞ്ഞില്ലാതായി.

ഞാന്‍ ചുമരില്‍ ചാരി നിന്നു. എന്‍റെ വലതു കൈ ഞാനിട്ടിരുന്ന കറുത്ത നിക്കറിന്‍റെ പോക്കറ്റില്‍ എന്തോ പരതിക്കൊണ്ടിരുന്നു.

രാജിച്ചേച്ചിയ്ക്ക് പിന്നിലായി വെളുത്ത ചുവരിലൂടെ ഉറുമ്പുകള്‍ വരിവരിയായി പോകുന്നു. അവയുടെ എണ്ണമെടുക്കാനുള്ള ശ്രമം തോല്‍ക്കുന്ന കളിയായിത്തീര്‍ന്നു.

എനിക്കൊന്നിരിക്കണമായിരുന്നു. ഞാന്‍ പുറത്തേക്ക് നോക്കി. അവിടവിടെയായി കുറച്ചുപേര്‍ സംസാരിച്ചു നില്‍ക്കുന്നു.  ഞാന്‍ തല തിരിച്ച് അമ്മയെ നോക്കി. ചിന്നുക്കുട്ടിയെ നോക്കി. പാകമാകാത്ത ഒരു വലിയ, ചുവന്ന ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന രാജിച്ചേച്ചിയെ നോക്കി.

ഞാന്‍ ചുവരില്‍ ചാരിയിരുന്നു  .

എനിക്കരികിലൂടെ കൂട്ടം തെറ്റിയ ഒരുറുമ്പ് ധൃതിയില്‍ എങ്ങോട്ടോ പോകുന്നു.  നിവര്‍ത്തി വെച്ചിരുന്ന, എന്‍റെ ഇടതുകാല്‍ മടക്കി മുട്ടിനു മുകളില്‍ തലയുറപ്പിച്ച് ഞാന്‍ ഉറുമ്പിനെ നോക്കിയിരുന്നു.  അതിന്‍റെ യാത്രയുടെ ഓടുങ്ങലുകളില്‍ ഞാനുറങ്ങിപ്പോയി.

രാജിച്ചേച്ചിയുടെ സ്പര്‍ശനത്താല്‍ ഞാനുണര്‍ന്നു.

"മോനുറക്കം വരുന്നോ?"

ഞാനൊന്നും പറഞ്ഞില്ല. രാജിച്ചേച്ചിയെ നോക്കി.   ഉറുമ്പിനെ നോക്കി; കണ്ടില്ല. മടക്കിവെച്ചിരുന്ന കാല്‍ നിവര്‍ത്തു.

രാജിച്ചേച്ചിയുടെ വലതു കൈ  എന്‍റെ തോളിലൂടെ ഊര്‍ന്നിറങ്ങി. ചേച്ചിയുടെ മാറില്‍ ചാരിയിരിക്കുമ്പോള്‍, ഗേറ്റിന് പുറത്ത് ഇടനിരത്തില്‍ ഒരു വാന്‍ വന്നു നിന്നു. വാനിന്‍റെ വെളുത്ത പുറത്തെ ചുവന്ന ക്രോസ്സിനുതാഴെ AMBULANCE എന്നെഴുതിയിരിക്കുന്നു.

വാനില്‍ വിമലാണ്‍ടിയുടെ മടിയിലിരുന്ന് ഞാന്‍ പുറത്തേക്ക് നോക്കി.

അശോക്‌ നഗറിലെ  നാല്പത്തിയഞ്ചാം നമ്പര്‍ വീടിന്‍റെ ഗേറ്റിന് പുറത്തെ ഇടനിരത്തില്‍ രാജിച്ചേച്ചിയും മറ്റും കാഴ്ചക്കാരായി നില്‍ക്കുന്നു.  അവര്‍ക്ക് പിറകില്‍ ആമ്പല്‍ക്കുളത്തില്‍ ഒഴുകിനടക്കുന്ന ഫോണ്‍ ഒരു വേദനയായി എന്നില്‍ നിറയുന്നു.  ഞാന്‍ മുഖം തിരിച്ച് ചിന്നുക്കുട്ടിയെ നോക്കി.

വാന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങി.  അശോക്‌ നഗറിലെ വീടുകളും ഇടനിരത്തിലെ  ഇലക്ട്രിക്  പോസ്റ്റുകളും പിന്നിലേക്ക്‌ നീങ്ങുന്നു.

രാജിച്ചേച്ചിയും മറ്റും കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.  ഇടനിരത്ത് കടന്ന് വാന്‍ മെയിന്‍ റോഡിലിറങ്ങി വലത്തോട്ട് തിരിഞ്ഞു.

സൈഡ് ഗ്ലാസിലൂടെ സായന്തന സൂര്യന്‍റെ ചുവന്ന കിരണങ്ങള്‍ മടിച്ചു മടിച്ച് വാനിനകത്തേക്ക് കടന്നുവന്നു.

കവലകള്‍ പലതും പിന്നിട്ടു. പാടങ്ങളും കുന്നുകളും പിന്നിലാക്കി വാന്‍ മുന്നോട്ടുപോയി.  പോസ്റ്റുകള്‍ ധാരാളം പിന്നിലേക്കോടി മറഞ്ഞു. ഒടുവില്‍, നിറഞ്ഞൊഴുകുന്ന കല്ലടയാറും റോഡിനരികില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കളമലപ്പള്ളിയും ചെമ്മണ്‍പാതയ്കരികില്‍ നില്‍ക്കുന്ന, പടിഞ്ഞാറ്റേക്കാരുടെ കൂറ്റന്‍ പ്ലാവും കണ്ടപ്പോള്‍, നാട്ടിലെത്തീന്ന് മനസ്സിലായി.

ചെമ്മണ്‍പാതയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വാന്‍ മുറ്റത്തു നിന്നു,

വീട്ടില്‍ നിന്നൊരു കൂട്ട നിലവിളിയുയര്‍ന്നു. ഞങ്ങളുടെ വരവ് അവിടെ നേരത്തേ അറിഞ്ഞിരിക്കുന്നു.  ബന്ധുക്കളും പരിചയക്കാരെയും കൊണ്ട് അവിടം നിറഞ്ഞിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് ചിന്നുക്കുട്ടിയെ വാനില്‍ നിന്നെടുത്ത് ഉമ്മറത്ത് കൊളുത്തിവെച്ച നിലവിളക്കിനു മുന്നില്‍ കിടത്തി.

അശോക്‌ നഗറിലെ ആമ്പല്‍ക്കുളവും അതിലൊഴുകി നടന്ന ഫോണും ഒരു കറുത്ത ബിന്ദുവായി എന്നില്‍ നിറയുന്നു.  ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു.

മഞ്ഞും മങ്ങിയ നിലാവും ചന്ദനത്തിരിയുടെ കൂര്‍ത്ത മണവും ചേര്‍ന്ന് ദു:ഖത്തിന്‍റെ സ്പന്ദനങ്ങള്‍ നിറച്ചു.

പൊടുന്നനെ തേങ്ങലുകള്‍ ഉച്ചത്തിലായി.  ആരൊക്കെയോ ചിന്നുക്കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകുന്നു. അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ എന്നെ കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞു.

"നമമ്ടെ ചിന്നുമോള്  പോയ്‌ മോനെ. അമ്മയ്ക്കിനി മോന്‍ മാത്രേള്ളൂ"

ഞാന്‍ മാത്രമേയുള്ളു പോലും! അമ്മയെന്തു വിഡ്ഢിത്തമാ  പറയുന്നത്!! പക്ഷേ, ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.

മഞ്ഞും മങ്ങിയ നിലാവും ചന്ദനത്തിരിയുടെ കൂര്‍ത്ത മണവും ചേര്‍ന്ന അന്തരീക്ഷത്തിലൂടെ, ഒരിക്കലും അവസാനിക്കാത്ത ഒരു സംഗീതം പോലെ, ചിത്രശലഭങ്ങള്‍ പറന്നു പോവുകയായിരുന്നു.














അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...