Friday 26 April 2019

അരവിന്ദന്റെ അതിഥികള്‍



                                                   അരവിന്ദന്റെ അതിഥികള്‍


കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ്രീനിവാസന്‍), അരവിന്ദനും (വിനീത് ശ്രീനിവാസന്‍) ചേര്‍ന്ന് നടത്തുന്ന പഴയ ലോഡ്ജിലേക്ക് നിരവധി അതിഥികള്‍ എത്താറുണ്ട്. നന്മയുള്ള ആ അതിഥികളിലൂടെ,  അവരുടെ കളിചിരികളിലൂടെ,
മൂകാംബികയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെ ലളിതമായൊരു കഥപറയുകയാണ് എം.മോഹനന്‍ 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ. തീര്‍ച്ചയായും മലയാളത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും അവതരിപ്പിക്കപ്പെടുന്ന ചിത്രമെന്നതൊഴിച്ചാല്‍ പ്രമേയപരമായും അവതരണപരമായും വലിയ പുതുമയൊന്നും അനുഭവിപ്പിക്കുന്ന ചിത്രമല്ല അരവിന്ദന്റെ അതിഥികള്‍.

നല്ല രീതിയില്‍ കഥയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച് തുടങ്ങി പകുതിയ്ക്ക് ശേഷം പെട്ടന്ന് പറഞ്ഞൊപ്പിക്കുന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും മൂകാംബിക ക്ഷേത്രത്തിന്റെ തിരക്കില്‍,ആ അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന അനുഭവം കാഴ്ചക്കാരന് പകര്‍ന്ന് നല്‍കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ 'കഥ പറയുമ്പോള്‍' എന്ന  ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ കൂടിയായ എം.മോഹനന്‍ സിനിമാ ലോകത്തെത്തിയത്. മാറുന്ന സിനിമാക്കാഴ്ചകള്‍ക്കൊപ്പം മോഹനന്‍ എന്ന സംവിധായകന്‍ മാറിയിട്ടൊന്നുമില്ല. സത്യന്‍ അന്തിക്കാടിന്റെ സംവിധാന ശൈലി പിന്തുടരുന്ന എം.മോഹനന്‍ തന്റെ പതിവ് രീതിയില്‍ തന്നെയാണ് ഇവിടെയും സഞ്ചരിക്കുന്നത്.  രചനയിലും അവതരണത്തിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള ശ്രമമൊന്നും ഇവിടെയില്ല. പലതവണ ആവര്‍ത്തിച്ച ചെറിയൊരു കഥ മൂകാംബികയുടെ പശ്ചാത്തലത്തില്‍ പറയുന്നു. എന്നാല്‍, പറയുന്ന കാര്യങ്ങള്‍ നല്ല വൃത്തിയും വെടിപ്പായും പറയുവാന്‍ സാധിക്കുന്നു എന്നതാണ് ഈ ചെറിയ  ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
മകനെയോ മകളെയോ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കളുടെ കഥകള്‍ നമ്മള്‍ എത്രയോ കേട്ടതാണ്. 'ഇന്ത്യന്‍ പ്രണയകഥ'യും 'അച്ചുവിന്റെ അമ്മ'യും ഉള്‍പ്പെടെ ഈ തരത്തില്‍ എത്രയോ കഥകള്‍ മലയാളത്തില്‍ തന്നെ പിറവിയെടുത്തിട്ടുണ്ട്. 'അരവിന്ദന്റെ അതിഥികളി'ല്‍, പലതവണ ആവര്‍ത്തിച്ച ഇതേ പ്രമേയത്തെ തന്നെയാണ് എം.മോഹനന്‍ ഒപ്പം കൂട്ടിയത്. പക്ഷെ, ആവര്‍ത്തിക്കപ്പെട്ട പ്രമേയം  ഇവിടെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. മൂകാംബികയുടെ പശ്ചാത്തലത്തില്‍ നിറഞ്ഞ നര്‍മ്മത്തിന്റെ അകമ്പടിയോടെ ലാളിത്യം കാത്തുസൂക്ഷിച്ചുകൊണ്ട് കഥ പറയുമ്പോള്‍ കഥയുടെ പഴഞ്ചന്‍ സ്വഭാവം പ്രേക്ഷകര്‍ക്ക് കല്ലുകടിയായി മാറുന്നില്ല എന്നതാണ് ആശ്വാസം. ചില പ്രത്യേക സാഹചര്യങ്ങളാല്‍ മകനെ ഉപേക്ഷിച്ച് പോകേണ്ടിവന്ന ഒരമ്മയുടെയും അമ്പലത്തിനടുത്ത് ലോഡ്ജ് നടത്തുമ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരാള്‍ എടുത്തുവളര്‍ത്തിയ മകന്റെയും ജീവിതത്തെ മൂകാംബികയുമായും ഭക്തിയുമായും ചേര്‍ത്ത് വെക്കുകയാണ് സംവിധായകന്‍.
അമ്മ മൂകാംബിക സന്നിധിയില്‍ ഉപേക്ഷിച്ചുപോയ അരവിന്ദനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്ന വ്യക്തിയാണ് മാധവേട്ടന്‍. അങ്ങനെ മാധവേട്ടന്റെ ചെറിയ ലോഡ്ജ് നടത്തിപ്പുകാരനായി പിന്നീട് അരവിന്ദന്‍ മാറുന്നു. എല്ലാവരുടെയും പ്രിയങ്കരരായ മാധവേട്ടനും അരവിന്ദനും ചേര്‍ന്ന് നടത്തുന്ന ലോഡ്ജിലേക്ക് ദിവസവും നിരവധി അതിഥികളെത്തും. കുട്ടികളുണ്ടാവാന്‍ മൂകാംബിക ദര്‍ശനം നടത്തുന്ന ദമ്പതികളും, വലിയ കുടുംബവുമൊത്ത് വന്ന് ലോഡ്ജ് മുറിയ്ക്ക് ഡിസ്‌ക്കൗണ്ട് ചോദിക്കുന്ന പണക്കാരനായ തമിഴനും ഉള്‍പ്പെടെയുള്ള ഈ അതിഥികളാരും നമുക്ക് അപരിചിതരല്ല. ഈ അതിഥികളും അരവിന്ദനും തമ്മിലുള്ള ഊഷ്മള ബന്ധം അതിമനോഹരമായാണ് സിനിമ അവതരിപ്പിക്കുന്നത്. ഈ ലോഡ്ജിലേക്കാണ് വരദയും (നിഖില വിമല്‍), അമ്മ ഗിരിജയും (ഉര്‍വ്വശി), സഹോദരന്‍ വേണുവും (പ്രേംകുമാര്‍) എത്തുന്നത്. മൂകാംബിക സന്നിധിയില്‍ നൃത്തം അവതരിപ്പിക്കാനെത്തുന്ന വരദയുടെ അരങ്ങേറ്റം പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുന്നു. അവര്‍ക്ക് കൂടുതല്‍ ദിവസം അരവിന്ദന്റെ അതിഥികളായി താമസിക്കണ്ടിയും വരുന്നു. ഇതിനിടിയില്‍ ഇവരുമായി അരവിന്ദനുണ്ടാകുന്ന ബന്ധമാണ് അതീവലാളിത്യത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അരവിന്ദന്‍ എങ്ങിനെ മൂകാംബികയിലെത്തിയെന്നും അവന്‍ എങ്ങിനെ അനാഥനായെന്നും അറിയാനുള്ള വരദയുടെ അന്വേഷണമാണ് പിന്നീട് സിനിമ. അരവിന്ദനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങള്‍ പക്ഷെ പെട്ടന്ന് പറഞ്ഞൊപ്പിക്കുന്നതുപോലെ തോന്നിപ്പിക്കുന്നുണ്ട്. അമ്മ-മകന്‍ ബന്ധവും അതിന്റെ കണ്ണീരുമെല്ലാം കടന്നുവരുമ്പോഴും അമിത വൈകാരികത കുത്തിക്കയറ്റി മുഷിപ്പിക്കാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ചില രംഗങ്ങള്‍ നാടകീയവും അതിഭാവികത്വം നിറഞ്ഞതുമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടേക്കാം. ഒരു കച്ചവട സിനിമയുടെ ഘടന വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ പതിവ് രീതികളല്ലേ എന്ന് കരുതി ആശ്വസിക്കാമെന്നേ പറയാനാകൂ.
ക്ഷേത്രപശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അത് പലപ്പോഴും ഗുരുവായൂരാകാറാണ് പതിവ്. എം ടിയുടെ 'തീര്‍ത്ഥാടന'വും, ജയരാജിന്റെ 'സോപാന'വും  പോലുള്ള ചില സിനിമകളാണ് മൂകാംബികയില്‍ ചിത്രീകരിച്ചത്. ഇവിടെ അരവിന്ദന്റെ അതിഥിയായി നമുക്ക് മൂകാംബിയില്‍ ദര്‍ശനം നടത്താം.. സൗപര്‍ണികയില്‍ കുളിക്കാം.. കുടജാദ്രിയിലേക്ക് യാത്രപോകാം. മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമായതുകൊണ്ട് തന്നെ അരവിന്ദനെ കാണാനുള്ള യാത്ര അവരെ മൂകാംബിക ദര്‍ശനമെന്ന സംതൃപ്തി കൂടി അനുഭവിപ്പിക്കുന്നു.  മൂകാംബികയുടെ പശ്ചാത്തലത്തിലായിട്ടും സൗപര്‍ണികാമൃത വീചികള്‍ പോലൊരു നല്ല പാട്ട് ചിത്രത്തിലില്ലെന്നത് നിരാശയുണ്ടാക്കുന്നുണ്ട്.

പ്രമേയത്തിന് പുതുമയില്ലെങ്കിലും ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുത്താന്‍ രാജേഷ് രാഘവന്റെ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. ഷാന്‍ റഹ്മാന്റെ സംഗീതവും സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്ത് പകരുന്നു. അല്‍പ്പകാലത്തെ ഇടവേളയ്ക്ക് ശേഷം മികച്ചൊരു വേഷത്തില്‍ ശ്രീനിവാസന്‍ വീണ്ടുമെത്തുന്നു എന്ന സന്തോഷവും അരവിന്ദന്‍ സമ്മാനിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ കുറേക്കൂടി മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത്. പ്രേംകുമാറിനെയും ഉര്‍വ്വശിയെയുമെല്ലാം നല്ല രസികന്‍ വേഷത്തില്‍ കാണാനും അരവിന്ദന്‍ സഹായിച്ചു.നിഖില വിമല്‍, അജു വര്‍ഗീസ്, കോട്ടയം നസീര്‍, ബൈജു, ബിജുക്കുട്ടന്‍, സ്‌നേഹ ശ്രീകുമാര്‍, വിജയരാഘവന്‍, ശാന്തികൃഷ്ണ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.

Tuesday 16 April 2019

ഫിമ

ഫിമ
നോവൽ. ആമോസ് ഓസ്
ഡി.സി ബുക്സ്, വില: 160/-
വിവർത്തനം : എൻ. മൂസക്കുട്ടി.

ഇസ്രയേലിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒഴിച്ചുകൂടാത്ത പേരാണ് ആമോസ് ഓസിന്റേത്. ഇസ്രായേലിന്റ ചരിത്രം, സാമൂഹിക പശ്ചാത്തലം, യുവത്വം, ജീവീതം, രാഷ്ട്രീയം.... എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഓസിന്റെ നോവലുകളും ലേഖനങ്ങളും. 'ഫിമ' നോവല്‍ പറയുന്നത് കുഴഞ്ഞുമറിഞ്ഞ വ്യക്തിത്വമുളള ഒരിക്കലും വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാക്കി കൊണ്ടുപോകാന്‍ കഴിയാത്ത ഇഫ്രയിം നിസ്സാനെ കുറിച്ചാണ്. ജറുസലേമിലെ ‍ഫ്ലാറ്റിൽ കഴിയുന്ന അയാള്‍ ജീവിക്കുന്നത് തലച്ചോറുകൊണ്ടാണ്. കാണുമ്പോഴൊക്കെ പണം പോക്കറ്റിലേക്ക് തിരുകിവെക്കുന്ന അച്ഛനെ വേറിട്ട്, അയാള്‍ ഒറ്റക്ക് താമസിക്കുന്നു. ഗൈനക്കോളജി ക്ലിനിക്കില്‍ റിസപ്ഷനിസ്സാണ്. എന്നാല്‍ നേഴ്‌സ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, മനശാത്രജ്ഞന്‍, തുപ്പുകാരന്‍ എന്നിങ്ങനെ പല ജോലികളും അവിടെ ചെയ്യുന്നു. വിവാഹമോചിതനാകുമ്പോഴും ഭാര്യയെ കൂടാതെ രണ്ട് സ്ത്രീകളുമായി അടുപ്പവും അയാൾക്കുണ്ട്. പക്ഷേ,ഒന്നിലും വിജയിക്കാന്‍ അയാള്‍ക്കാവുന്നില്ല. ഓസിന്റെ 'അതേ കടൽ' പോലെ തന്നെ 'ഫിമ'യും  ഭ്രമാത്മകമായ മനസ്സിന്റെ സഞ്ചാരമാണ് അവതരിപ്പിക്കുന്നത്.

Thursday 4 April 2019

ഡാർക്ക്‌ വിൻഡ്



                                                                ഡാർക്ക്‌ വിൻഡ്


'ഐ ആം കലാം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിള മാധവ് പാണ്ഡെയുടെ 'ഡാർക്ക്‌ വിൻഡ്' (Kadvi Hawa) കാർഷികവൃത്തിയിലും പ്രകൃതിയനുസാരണമായ ഒരു ജീവിതത്തിനും ഊന്നൽ നൽകുന്നു.

രാജസ്ഥാനിലെ മഹുവ മേഖല. പണ്ട് കാർഷികവൃത്തിക്ക് പേരുകേട്ട സ്ഥലമായിരുന്നു. ഇന്നിപ്പോൾ ഒരു ചാറ്റൽ മഴ കിട്ടിയിട്ടുപോലും കാലമേറെയായി. കർഷകർ കടക്കെണിയിലാണ്. കൃഷി ചെയ്യാനും കടം വീട്ടാനും നിവൃത്തിയില്ലാതെ പലരും ആത്‍മഹത്യയിൽ അഭയം പ്രാപിച്ചിരിക്കുന്നു. അന്ധനായ ഹെദുവിനും കർഷകനായ മകനെക്കുറിച്ചോർത്ത് സ്വസ്ഥതയില്ല.

ആളുകൾ ‘മരണദേവൻ’ എന്ന് പേരിട്ടു വിളിക്കുന്ന ബാങ്ക് ഏജൻറ് ഗുണ ബാബ താൻ മൂലം ആത്‍മഹത്യ ചെയ്തതായി പറയുന്നവരുടെ ഒരു നീണ്ട ലിസ്റ്റുമായി അയാളുടെ വീട്ടിലെത്തുന്നു. തീരദേശത്തെ താമസത്താൽ അടിക്കടിയുള്ള വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മൂലം പൊറുതി മുട്ടി നിൽക്കുന്ന ആളാണ് ഗുണ ബാബ.                 

അവരവരുടെ ജീവിതമാണ് ഓരോരുത്തർക്കും വലുത്. അത് സംരക്ഷിക്കപ്പെടണം. പ്രകൃതിയെക്കുറിച്ചുള്ള ഗൗരവ ചിന്തയാണ് ഈ സിനിമയ്ക്കാധാരം. കാലാവസ്ഥ മാറ്റം ഒരു യാഥാർഥ്യമാണ്. നാമെല്ലാവരും അംഗീകരിക്കേണ്ട വസ്തുത. എല്ലാവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കാനുള്ള ശ്രമമാണ് ‘ഡാർക് വിൻഡ്.‘

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...