Saturday 23 March 2019

ഒരു ദേശത്തിന്റെ ജാതകം.

ഒരു ദേശത്തിന്റെ ജാതകം.
നോവൽ, കെ.ആർ വിശ്വനാഥൻ.
പൂർണ പബ്ലിക്കേഷൻ, വില: 480/-

കെ.ആർ. വിശ്വനാഥൻ എഴുതിയ 'ദേശത്തിന്റെ ജാതകം' എന്ന നോവലിന്റെ പ്രത്യേകതകളിൽ ഒന്ന് അതിന്റെ അപാരമായ പാരായണ ക്ഷമതയാണ്. ഒരു അണക്കെട്ടിന്റെ നിർമ്മിതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ചെമ്പൻ വയൽ എന്ന ഗ്രാമത്തെയും ആദിവാസികൾ അടക്കമുള്ള അവിടുത്തെ മനുഷ്യജീവിതത്തെയും വിശ്വനാഥൻ മനോഹരമായി അവതരിപ്പിക്കുന്നു. ഇത്രയധികം മിഴിവാർന്ന കഥാപാത്രങ്ങളും അവരുടെ വൈവിധ്യമാർന്ന ജീവിതരീതികളും അടുത്ത കാലത്തൊന്നും ഒരു മലയാള നോവലിലും ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല. ഒരു ജാലവിദ്യയിലെന്ന പോലെ കഥാപാത്രങ്ങൾ അരങ്ങേറി പിൻവാങ്ങുന്ന അമ്പരപ്പിക്കുന്ന വായനാനുഭവം! കൊച്ചുണ്ണി മാഷും സരസ്വതി ടീച്ചറും രാധയും  കുറുമൻ അബ്ദുള്ളയും കുഞ്ഞാമിനയും ആലിയും കുഞ്ഞാലൻ കുട്ടി മുസ്ല്യാരും തങ്ങളും ഭരണി ഭരതന്നും ആണ്ടവൻ രാമനും ചോയിയും വിനയനും അച്ചുവണ്ണനും  തുടങ്ങി നിരവധി മനുഷ്യരോടൊപ്പം അതേ തിവ്രതയോടെയും മിഴിവോടെയും തിര്യക് ലോകവും ഈ കൃതിയിൽ ആവിഷ്ക്കരിക്കപ്പെടുന്നു. അനന്തൻ എന്ന പാമ്പ്, മുക്കാലൻ എന്ന നായ, കണ്ണില്ലാത്തോൻ എന്ന പന്നി, കാമധേനു എന്ന പശു, കാടിറങ്ങി വരുന്ന പുലി, തുടങ്ങി അസംഖ്യം എലികളും തവളകളും ഉറുമ്പുകളും പക്ഷി മൃഗാദികളും ഈ കൃതിയിൽ ചാരുതയോടെ ജീവിതമാടുന്നു. എല്ലാത്തിനും സാക്ഷിയായി ശിവപാർവ്വതീ സങ്കല്ലത്തിന്റെ ഐതിഹ്യവും പേറി ഇണചേർന്നു നിൽക്കുന്ന കരിവീട്ടിയും അരയാലും.

Tuesday 12 March 2019

ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക



                                                    ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക


സംവിധായകനു പകരം സംവിധായിക ആകുമ്പോൾ സിനിമയുടെ കാഴ്ചയും കാഴ്ചപ്പാടും കടകം തിരിയുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അലംകൃത ശ്രീവാസ്തവയുടെ 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക' എന്ന ചലച്ചിത്രം.  ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ഒന്ന് ദീപാവലിയാണ്. ശബ്‍ദങ്ങളുടെയും വർണങ്ങളുടെയും  ആ ആഘോഷരാവിൽ നാല് സ്ത്രീകള്‍ അവരുടെ വിപ്ലവത്തിന്‍റെ പ്രത്യാഘാതങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. തീയില്‍ ഉരുകുന്ന നാലുപേര്‍. അവര്‍ പൊട്ടിച്ചിതറുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സംവിധായിക.

കൈയ്യടക്കത്തോടെ കഥ പറയുന്ന രീതിയാണ് അലംകൃത ശ്രീവാസ്തവയുടെത്. നാല് സ്ത്രീകളുടെ ജീവിതമാണ് ക്യാന്‍വാസ്. ഷീരീന്‍ (കൊങ്കണ സെന്‍ ശര്‍മ) ആണ് ആദ്യത്തെയാള്‍. ആണധികാരിയായ ഭര്‍ത്താവിന്‍റെ കളിക്കോപ്പാണ് അവള്‍. അവളുടെ ഏക സ്വാതന്ത്ര്യം അവളുടെ ജോലിയാണ്. രണ്ടാമത്തെ കഥാപാത്രം ലീല (അഹാന). രതിയിലൂടെ അവളുടെ മനോരാജ്യങ്ങളും ഇഷ്ടപ്പെട്ട പുരുഷന്മാരെയും വരുതിയിലാക്കുന്നതാണ് അവളുടെ താല്‍പര്യം. മൂന്നാമത്തെയാള്‍ റിഹാന (പ്ലബിത). അവള്‍ ഒരു ബുര്‍ഖയ്ക്ക് ഉള്ളില്‍ കുടുങ്ങിപ്പോയി. പക്ഷേ, സ്വപ്‍നങ്ങളില്‍ റിപ്പ്‍ഡ് ജീന്‍സും പോപ് ഗായിക മൈലി സൈറസും. നാലാമത്തെ കഥാപാത്രമാണ് ഉഷ (രത്ന). പ്രായം കടന്നുപോയത് കൊണ്ട് ലൈംഗികതാല്‍പര്യങ്ങള്‍ അവസാനിച്ചെന്ന് ലോകം കരുതുന്നവള്‍. പക്ഷേ, മതഗ്രന്ഥങ്ങള്‍ക്കിടയില്‍ രത്ന ഇപ്പോഴും ഇക്കിളി പുസ്‍തകങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നതാണ് അവളുടെ രഹസ്യം.

തന്‍റെ നാല് കഥാപാത്രങ്ങളുടെയും ജീവിതങ്ങളില്‍ മറ്റുള്ളവരെ ഞെട്ടിക്കുന്നതായി എന്തെങ്കിലും ഉണ്ടെന്ന് സംവിധായിക പറയുന്നില്ല. പകരം, അവരുടെ വാതിലുകള്‍ക്ക് പിന്നില്‍ നടക്കുന്നതെന്തെന്ന് നേരിട്ടു കാണിച്ചുതരികയാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചലച്ചിത്രം.

ഒരു പരമ്പരാഗത മുസ്ലീം പെണ്‍കുട്ടിയുടെ അടച്ചിട്ട മുറിക്കുള്ളില്‍ അവള്‍ ഇഷ്ടമുള്ള പാട്ടുകേട്ട് തന്‍റെ ദേഷ്യം ആടിത്തീര്‍ക്കുകയാണെന്നും അടച്ചിട്ട മുറിക്കുള്ളില്‍ ഭര്‍ത്താവിന്‍റെ ലൈംഗികതൃഷ്ണകള്‍ക്ക് ഇരയാകുന്ന ഭാര്യമാരുണ്ടെന്നും ബ്യൂട്ടി പാര്‍ലറിലെ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ എങ്ങനെ വടിച്ചുകളയണമെന്ന് ഉപദേശം തേടുന്ന സ്ത്രീകളുണ്ടെന്നും ഒറ്റയ്ക്ക് കഴിയുന്ന ഒരു പ്രായം ചെന്ന സ്ത്രീയുടെ കുളിമുറിയില്‍ എന്തെല്ലാം കരച്ചിലുകള്‍ക്ക് വകയുണ്ടെന്നും അലംകൃത പറയുന്നു.

നാല് സ്ത്രീകളിലൂടെ പേരില്ലാത്ത ഒരുപാട് സ്ത്രീകളുടെ ജീവിതങ്ങളുടെ കടുംനിറമാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' കാണിച്ചു തരുന്നത്. റിഹാനയും ലീലയും എപ്പോഴും സ്ക്രീനില്‍ നിറയുന്നു. ഷീരിന്റെ നിസ്സഹായത സ്വന്തം വീടുകളില്‍ സ്ത്രീ എന്ന രണ്ടാം തര പൗരയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. രത്നയുടെ ഉഷ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുന്നു.

ഛായാഗ്രാഹകന്‍ അക്ഷയ്‍ സിങ്ങിന്‍റെ ടൈറ്റ് ക്ലോസ് - അപ് ഷോട്ടുകള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കാഴ്‍ച്ചക്കാരെയും ശ്വാസം മുട്ടിക്കും. ഗസല്‍ ദാലിവാലിന്‍റെ സംഭാഷണങ്ങള്‍ നിത്യജീവിതത്തില്‍ നിന്ന് കടംകൊണ്ടിട്ടുള്ളവയാണ്. സിനിമയില്‍ സെബുന്നിസ ബാങ്‍ഷയും അന്‍വിത ദത്തയും ചേര്‍ന്നെഴുതിയ 'ലേ ലി ജാന്‍' എന്ന പാട്ടില്‍ "12 ശതമാനം പലിശയ്ക്ക് നിങ്ങള്‍ പുഞ്ചിരി വാടകയ്‍ക്ക് തന്നു" എന്നൊരു വരിയുണ്ട്. ഒരുപക്ഷേ, 'ലിപ്‍സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ'യെക്കുറിച്ച് ഏറ്റവും നല്ല വിശേഷണവും ഇതാകാം. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും വലിയ പ്രഖ്യാപനമല്ല 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ'. പക്ഷേ, സമൂഹം കല്‍പ്പിച്ചുവെച്ച ഒരുപാട് പരിധികളെ മറകടക്കുന്നുണ്ട് ഈ  സിനിമയെന്ന് പറയാതെയും വയ്യ.

Saturday 2 March 2019

വിലാസമുള്ളവർ



                                                    വിലാസമുള്ളവർ


നമ്മൾ സ്വദേശം വിട്ടു നിൽക്കുമ്പോഴാണ്  മേൽവിലാസത്തെപ്പറ്റി കൂടുതൽ ബോധവാനാകുന്നത്. പക്ഷേ, ഇന്ന് ഏതുദേശത്തിലായാലും കൃത്യമായി സന്ദേശങ്ങൾ ലഭിക്കുന്ന ഒരു മേൽവിലാസം നമുക്കുണ്ട്; ഇ മെയിൽ വിലാസം.  ഇന്ത്യൻ വിവര സാങ്കേതികവിദ്യാ വിദഗ്ദ്ധൻ സബീർ ഭാട്ടിയ സ്ഥാപിച്ച ഹോട്ട്  മെയിൽ ആണ് സൗജന്യ ഇ മെയിൽ സേവനം എന്ന ആശയം ലോകത്തിനു ആദ്യമായി  പരിചയപ്പെടുത്തിയത്. ഇ മെയിലുകളെ കുറിച്ചുള്ള ചിന്ത, ഇ മെയിലുകളെയും സൈബർ സ്‌പെയ്‌സ്കളെയും മുൻനിർത്തി എം. മുകുന്ദൻ രചിച്ച 'നൃത്ത'ത്തിലേക്ക് എന്റെ ഓർമ്മകളെ കൂട്ടിക്കൊണ്ടു പോകുന്നു.

മലയാളത്തിലെ ആദ്യം സൈബർ നോവലാണ് 'നൃത്തം'. വിവര സാങ്കേതികവിദ്യയുടെ വരവോടെയാണ് കത്തുകൾക്കും കമ്പികൾക്കുമപ്പുറം മറ്റൊരു ആശയവിനിമയ ലോകത്തെക്കുറിച്ച് നാമറിയുന്നത്.  ഓരോ സെക്കന്റിലും ഇതിന്റെ സാധ്യതകൾ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് ഇ-മെയിൽ വിലാസം സാർവർത്തികമായിക്കഴിഞ്ഞു.  സ്ഥലകാലബോധത്തെ മായ്ച്ചുകളയുകയും എന്നാൽ ലോകത്തിന്റെ ഏതു കോണിലും സ്വന്തം വിലാസം സ്ഥാപിക്കുകയുമാണ് ഒറ്റ വരിയിലുള്ള ഓരോ ഇ -മെയിൽ വിലാസവും ചെയ്തുകൊണ്ടിരിക്കുന്നത്.

'നൃത്തം' എന്ന നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ് . ലോകത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നർത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും തമ്മിലുള്ള കത്തിടപാടുകള്‍ . ഒരു വിധത്തില്‍ പറഞ്ഞാല്‍ അഗ്നി എന്ന മലയാള വേരുകള്‍ ഉള്ള വ്യക്തി തന്റെ കഥ ശ്രീധരന്‍ എന്ന വ്യക്തിയോടു പറയുന്നതാണ് നോവല്‍ . അയാള്‍ എങ്ങനെ കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേര്‍ന്നു എന്നും അവിടെ അയാള്‍ നൃത്തത്തിന്റെ ലോകത്ത് എന്തൊക്കെ ആയിത്തീര്‍ന്നു എന്നുമൊക്കെ അയാള്‍ തനിക്കറിയാത്ത ഒരു വിലാസത്തില്‍ ഒരാളോട് സംസാരിക്കുകയാണ് നോവലില്‍ . കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വിശേഷങ്ങളും സംസ്കാരവും പറഞ്ഞു തുടങ്ങി അതു യൂറോപ്പിന്റെ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചു , നൃത്തത്തിന്റെ, കലയുടെ യൂറോപ്പ്യന്‍ സംസ്കാരവും , കലയുടെ വിവിധ കാലങ്ങളും ചരിത്രങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്നതിനൊപ്പം തന്നെ ആ ലോകത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ലോകത്തിന്റെ വളരെ വിശദമായ ഒരു ചിത്രവും നോവല്‍ വരച്ചിടുന്നു .

'നൃത്ത'ത്തിലൂടെ എം. മുകുന്ദൻ വളരെ മനോഹരമായി പറയുന്ന മറ്റൊരു വിഷയം ഇന്റര്‍നെറ്റിന്റെ കേരളത്തിലെ ആഗമനവും അതു പൊതു സമൂഹത്തില്‍ വരുത്തിയ മാറ്റവുമാണ്.  നെറ്റിന്റെ തുടക്കകാലത്തിലെ  അരിഷ്ടതകള്‍ , ദുര്‍വിനിയോഗങ്ങള്‍ എന്നിവ വളരെ നന്നായി തന്നെ നോവലില്‍ പ്രതിപാദിക്കുന്നു. കുട്ടികളെ പോണ്‍  ലോകത്തേക്ക് നയിക്കുന്ന കഫേകള്‍ , അതിലൂടെ  സമ്പന്നരായവര്‍ , നെറ്റിനെ കുറിച്ച് കേവലമായ അറിവ് പോലും ഇല്ലാത്ത സമൂഹം , നെറ്റിന്‍റെ ലഭ്യതയും അതിന്റെ പരിമിതികളും വിഷമതകളും , കമ്പ്യൂട്ടറും ഫ്ലോപ്പിയും നീലവെളിച്ചം നിറഞ്ഞ സ്ക്രീന്‍ കാഴ്ചകളും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് തികച്ചും അത്ഭുതം നല്‍കുന്ന വസ്തുതകള്‍ ആകും . നെറ്റ് ലഭിക്കാതെ പോകുന്ന സന്ദര്‍ഭങ്ങളില്‍ ശ്രീധരന്‍ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങള്‍ വായിക്കുമ്പോള്‍ ഇന്ന് ഈ കാലഘട്ടത്തില്‍ തലമുറ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ എത്ര അര്‍ത്ഥവത്തായി അതിന്റെ മൂലരൂപത്തെ മുകുന്ദന്‍ എഴുതിവച്ചിരിക്കുന്നു എന്ന സന്തോഷം ചെറുതല്ല.

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...