Saturday 23 March 2019

ഒരു ദേശത്തിന്റെ ജാതകം.

ഒരു ദേശത്തിന്റെ ജാതകം.
നോവൽ, കെ.ആർ വിശ്വനാഥൻ.
പൂർണ പബ്ലിക്കേഷൻ, വില: 480/-

കെ.ആർ. വിശ്വനാഥൻ എഴുതിയ 'ദേശത്തിന്റെ ജാതകം' എന്ന നോവലിന്റെ പ്രത്യേകതകളിൽ ഒന്ന് അതിന്റെ അപാരമായ പാരായണ ക്ഷമതയാണ്. ഒരു അണക്കെട്ടിന്റെ നിർമ്മിതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ചെമ്പൻ വയൽ എന്ന ഗ്രാമത്തെയും ആദിവാസികൾ അടക്കമുള്ള അവിടുത്തെ മനുഷ്യജീവിതത്തെയും വിശ്വനാഥൻ മനോഹരമായി അവതരിപ്പിക്കുന്നു. ഇത്രയധികം മിഴിവാർന്ന കഥാപാത്രങ്ങളും അവരുടെ വൈവിധ്യമാർന്ന ജീവിതരീതികളും അടുത്ത കാലത്തൊന്നും ഒരു മലയാള നോവലിലും ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല. ഒരു ജാലവിദ്യയിലെന്ന പോലെ കഥാപാത്രങ്ങൾ അരങ്ങേറി പിൻവാങ്ങുന്ന അമ്പരപ്പിക്കുന്ന വായനാനുഭവം! കൊച്ചുണ്ണി മാഷും സരസ്വതി ടീച്ചറും രാധയും  കുറുമൻ അബ്ദുള്ളയും കുഞ്ഞാമിനയും ആലിയും കുഞ്ഞാലൻ കുട്ടി മുസ്ല്യാരും തങ്ങളും ഭരണി ഭരതന്നും ആണ്ടവൻ രാമനും ചോയിയും വിനയനും അച്ചുവണ്ണനും  തുടങ്ങി നിരവധി മനുഷ്യരോടൊപ്പം അതേ തിവ്രതയോടെയും മിഴിവോടെയും തിര്യക് ലോകവും ഈ കൃതിയിൽ ആവിഷ്ക്കരിക്കപ്പെടുന്നു. അനന്തൻ എന്ന പാമ്പ്, മുക്കാലൻ എന്ന നായ, കണ്ണില്ലാത്തോൻ എന്ന പന്നി, കാമധേനു എന്ന പശു, കാടിറങ്ങി വരുന്ന പുലി, തുടങ്ങി അസംഖ്യം എലികളും തവളകളും ഉറുമ്പുകളും പക്ഷി മൃഗാദികളും ഈ കൃതിയിൽ ചാരുതയോടെ ജീവിതമാടുന്നു. എല്ലാത്തിനും സാക്ഷിയായി ശിവപാർവ്വതീ സങ്കല്ലത്തിന്റെ ഐതിഹ്യവും പേറി ഇണചേർന്നു നിൽക്കുന്ന കരിവീട്ടിയും അരയാലും.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...