Tuesday 12 March 2019

ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക



                                                    ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക


സംവിധായകനു പകരം സംവിധായിക ആകുമ്പോൾ സിനിമയുടെ കാഴ്ചയും കാഴ്ചപ്പാടും കടകം തിരിയുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അലംകൃത ശ്രീവാസ്തവയുടെ 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക' എന്ന ചലച്ചിത്രം.  ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ഒന്ന് ദീപാവലിയാണ്. ശബ്‍ദങ്ങളുടെയും വർണങ്ങളുടെയും  ആ ആഘോഷരാവിൽ നാല് സ്ത്രീകള്‍ അവരുടെ വിപ്ലവത്തിന്‍റെ പ്രത്യാഘാതങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. തീയില്‍ ഉരുകുന്ന നാലുപേര്‍. അവര്‍ പൊട്ടിച്ചിതറുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സംവിധായിക.

കൈയ്യടക്കത്തോടെ കഥ പറയുന്ന രീതിയാണ് അലംകൃത ശ്രീവാസ്തവയുടെത്. നാല് സ്ത്രീകളുടെ ജീവിതമാണ് ക്യാന്‍വാസ്. ഷീരീന്‍ (കൊങ്കണ സെന്‍ ശര്‍മ) ആണ് ആദ്യത്തെയാള്‍. ആണധികാരിയായ ഭര്‍ത്താവിന്‍റെ കളിക്കോപ്പാണ് അവള്‍. അവളുടെ ഏക സ്വാതന്ത്ര്യം അവളുടെ ജോലിയാണ്. രണ്ടാമത്തെ കഥാപാത്രം ലീല (അഹാന). രതിയിലൂടെ അവളുടെ മനോരാജ്യങ്ങളും ഇഷ്ടപ്പെട്ട പുരുഷന്മാരെയും വരുതിയിലാക്കുന്നതാണ് അവളുടെ താല്‍പര്യം. മൂന്നാമത്തെയാള്‍ റിഹാന (പ്ലബിത). അവള്‍ ഒരു ബുര്‍ഖയ്ക്ക് ഉള്ളില്‍ കുടുങ്ങിപ്പോയി. പക്ഷേ, സ്വപ്‍നങ്ങളില്‍ റിപ്പ്‍ഡ് ജീന്‍സും പോപ് ഗായിക മൈലി സൈറസും. നാലാമത്തെ കഥാപാത്രമാണ് ഉഷ (രത്ന). പ്രായം കടന്നുപോയത് കൊണ്ട് ലൈംഗികതാല്‍പര്യങ്ങള്‍ അവസാനിച്ചെന്ന് ലോകം കരുതുന്നവള്‍. പക്ഷേ, മതഗ്രന്ഥങ്ങള്‍ക്കിടയില്‍ രത്ന ഇപ്പോഴും ഇക്കിളി പുസ്‍തകങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നതാണ് അവളുടെ രഹസ്യം.

തന്‍റെ നാല് കഥാപാത്രങ്ങളുടെയും ജീവിതങ്ങളില്‍ മറ്റുള്ളവരെ ഞെട്ടിക്കുന്നതായി എന്തെങ്കിലും ഉണ്ടെന്ന് സംവിധായിക പറയുന്നില്ല. പകരം, അവരുടെ വാതിലുകള്‍ക്ക് പിന്നില്‍ നടക്കുന്നതെന്തെന്ന് നേരിട്ടു കാണിച്ചുതരികയാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചലച്ചിത്രം.

ഒരു പരമ്പരാഗത മുസ്ലീം പെണ്‍കുട്ടിയുടെ അടച്ചിട്ട മുറിക്കുള്ളില്‍ അവള്‍ ഇഷ്ടമുള്ള പാട്ടുകേട്ട് തന്‍റെ ദേഷ്യം ആടിത്തീര്‍ക്കുകയാണെന്നും അടച്ചിട്ട മുറിക്കുള്ളില്‍ ഭര്‍ത്താവിന്‍റെ ലൈംഗികതൃഷ്ണകള്‍ക്ക് ഇരയാകുന്ന ഭാര്യമാരുണ്ടെന്നും ബ്യൂട്ടി പാര്‍ലറിലെ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ എങ്ങനെ വടിച്ചുകളയണമെന്ന് ഉപദേശം തേടുന്ന സ്ത്രീകളുണ്ടെന്നും ഒറ്റയ്ക്ക് കഴിയുന്ന ഒരു പ്രായം ചെന്ന സ്ത്രീയുടെ കുളിമുറിയില്‍ എന്തെല്ലാം കരച്ചിലുകള്‍ക്ക് വകയുണ്ടെന്നും അലംകൃത പറയുന്നു.

നാല് സ്ത്രീകളിലൂടെ പേരില്ലാത്ത ഒരുപാട് സ്ത്രീകളുടെ ജീവിതങ്ങളുടെ കടുംനിറമാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' കാണിച്ചു തരുന്നത്. റിഹാനയും ലീലയും എപ്പോഴും സ്ക്രീനില്‍ നിറയുന്നു. ഷീരിന്റെ നിസ്സഹായത സ്വന്തം വീടുകളില്‍ സ്ത്രീ എന്ന രണ്ടാം തര പൗരയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. രത്നയുടെ ഉഷ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുന്നു.

ഛായാഗ്രാഹകന്‍ അക്ഷയ്‍ സിങ്ങിന്‍റെ ടൈറ്റ് ക്ലോസ് - അപ് ഷോട്ടുകള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കാഴ്‍ച്ചക്കാരെയും ശ്വാസം മുട്ടിക്കും. ഗസല്‍ ദാലിവാലിന്‍റെ സംഭാഷണങ്ങള്‍ നിത്യജീവിതത്തില്‍ നിന്ന് കടംകൊണ്ടിട്ടുള്ളവയാണ്. സിനിമയില്‍ സെബുന്നിസ ബാങ്‍ഷയും അന്‍വിത ദത്തയും ചേര്‍ന്നെഴുതിയ 'ലേ ലി ജാന്‍' എന്ന പാട്ടില്‍ "12 ശതമാനം പലിശയ്ക്ക് നിങ്ങള്‍ പുഞ്ചിരി വാടകയ്‍ക്ക് തന്നു" എന്നൊരു വരിയുണ്ട്. ഒരുപക്ഷേ, 'ലിപ്‍സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ'യെക്കുറിച്ച് ഏറ്റവും നല്ല വിശേഷണവും ഇതാകാം. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും വലിയ പ്രഖ്യാപനമല്ല 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ'. പക്ഷേ, സമൂഹം കല്‍പ്പിച്ചുവെച്ച ഒരുപാട് പരിധികളെ മറകടക്കുന്നുണ്ട് ഈ  സിനിമയെന്ന് പറയാതെയും വയ്യ.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...