Thursday 31 January 2019

സ്റ്റീഫൻ ഹോക്കിങ്: കാലം ഓർത്തുവെയ്ക്കുന്ന ദാർശനികവാദി



                             സ്റ്റീഫൻ ഹോക്കിങ്:  കാലം ഓർത്തുവെയ്ക്കുന്ന ദാർശനികവാദി


ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ള യുവാവിനോട് ഡോക്ടർ പറഞ്ഞു :"ഹോക്കിങ്
നിങ്ങൾക്ക് A.L.S എന്ന രോഗമാണ്. രണ്ടു വർഷം; ഏറിയാൽ ഒരു അഞ്ചു വർഷം." പതുക്കെ പതുക്കെ ആ ചെറുപ്പക്കാരന്റെ തലച്ചോർ പറയുന്നത് ശരീരം കേൾക്കാൻ മടിച്ചു തുടങ്ങി. ഒടുവിൽ ആ യുവാവിന് ഒരു വീൽ ചെയറിൽ അവശേഷിക്കേണ്ടിവന്നു. അവിടെ നിന്നുമാണ് ഭൂമിയേയും ആകാശത്തേയും തന്റെ മസ്തിഷ്ക്കത്തിനുള്ളിൽ ഒതുക്കിയ, ഒരുപക്ഷേ, ഭൂമിയിലെ ഏറ്റവും മികച്ച കോസ്മോളജിസ്റ്റ്. അതുമല്ലെങ്കിൽ, ഐസ്റ്റീനും ന്യൂട്ടണും ശേഷം ഏറ്റവും മികച്ച തിയററ്റിക്കൽ ഫിസിസ്റ്റ് പിറക്കുന്നത്. "എന്ത് നഷ്ടപ്പെടുത്തി എന്നതിലല്ല; എന്ത് ബാക്കിയുണ്ട് എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. എനിക്ക് ബാക്കിയുണ്ടായിരുന്നത് വിശ്വാസവും വിജയിക്കാനാവുമെന്ന ഉറപ്പും മാത്രമായിരുന്നു." സ്റ്റീഫൻ ഹോക്കിങ് ഓർമ്മപ്പെടുത്തുന്നു.
ഗലീലിയോ ഗലീലിയോയുടെ മുന്നൂറാം ചരമദിനത്തിന്റെയന്ന്, കൃത്യമായിപ്പറഞ്ഞാൽ, 1942 ജനുവരി 8ന് ബ്രിട്ടണിലെ ഓക്സ്ഫോർഡിൽ ജനനം. ശരാശരി കേരളീയരെപ്പോലെ സ്റ്റീഫൻ ഹോക്കിങിന്റെ പിതാവും മകനെ മെഡിസിൻ പഠിപ്പിക്കണമെന്ന് ചിന്തിച്ചു. എന്നാൽ, അത്രമികച്ച വിദ്യാർത്ഥിയല്ലാത്ത ഹോക്കിങിന് നിലവിലുള്ള വിദ്യാഭ്യാസരീതിയോട് പുച്ഛമായിരുന്നു. തനിക്കിഷ്ടമുള്ള വിഷയം പഠിപ്പിക്കാതെ, ഇഷ്ടമില്ലാത്ത അനവധി അനാവശ്യ വിഷയങ്ങൾ താനെന്തിനു പഠിക്കണം?
ബിരുദ പഠനത്തിന് ഓക്സ്ഫോർഡ് സർവകലാശാലയിൽ ചേർന്ന ഹോക്കിങിന് ജീവിതം കൂടുതൽ ആനന്ദകരമായി. ബോട്ടുയാത്രകൾ, സുഹൃത്തുക്കൾ, പ്രണയം. എന്നാൽ അവന്റെ ചാട്ടുളി പോലത്തെ ചോദ്യങ്ങൾ അദ്ധ്യാപകർക്ക് തലവേദനയായി. വൈവാ സമയം അവൻ അവർക്ക് രണ്ട് ഓപ്ഷനുകൾ നൽകി. ഫസ്റ്റ് ക്ലാസ് തന്നാൽ ഞാൻ സ്ഥലം വിട്ടോളം. കേംബ്രിഡ്ജിൽ ചേരണം. സെക്കന്റ് ക്ലാസ് തന്നാൽ ഞാൻ നിങ്ങൾക്ക് ശല്യമായി ഇവിടെ തന്നെ തുടരും. ഹോക്കിങിന്റെ ഭീഷണി ഫലിച്ചു. അങ്ങനെ, 1962ൽ ഫസ്റ്റ് ക്ലാസ് കിട്ടിയ ഹോക്കിങ് ഗവേഷണത്തിനായി കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രവേശിച്ചു. ഇവിടെ പടികളിൽ നിന്നും വീഴുന്ന ഹോക്കിങ്, തന്റെ ഇഷ്ട വിനോദമായ വഞ്ചി തുഴയുന്ന സമയം കൈകൾ കുഴഞ്ഞുപോയ ഹോക്കിങ്. അങ്ങനെ, 1963ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ 'മോട്ടോർ ന്യൂറോൺ' രോഗം സ്ഥിതീകരിക്കുന്നു. ശരീരത്തിലെ പേശികളുടെ ചലനശേഷി നഷ്ടമാകുന്ന ഈ രോഗത്തിന്റെ ഡൈഗ്നോസസ് നടത്തിയ ഡോക്ടർ പറഞ്ഞു : "ഭാഗ്യവശാൽ നിങ്ങളെ ഈ രോഗം പതിയെപ്പത്തിയേ തളർത്തുകയുള്ളൂ."
വഴിമുട്ടിയ തന്റെ ഗവേഷണം, തന്റെ പ്രണയിനി, തന്റെ സ്വപ്‌നങ്ങൾ, രണ്ടു വർഷം അല്ലെങ്കിൽ അഞ്ചു വർഷം അത്രയുമുള്ള തന്റെ ആയുസ്സ് !
ചികിത്സാ സമയത്ത് തന്റെ അടുത്ത ബെഡിലെ ക്യാൻസർ രോഗി രാവിലെ എഴുന്നേറ്റ് പതിവായി സ്വയം ബോധ്യപ്പെടുത്തുമായിരുന്നു : "ഭാഗ്യം; ഞാനിന്നു ജീവിച്ചിരിക്കുന്നു! " ഈ കാഴ്ച നിർവികാരനായി നോക്കിനിന്ന ഹോക്കിങ് സ്വയം തീർച്ചപ്പെടുത്തി; തനിക്കു ബാക്കിയുള്ള അഞ്ചുവർഷങ്ങൾ മികച്ചതായി ഉപയോഗിക്കണമെന്ന്.
നമ്മുടെ ജീവിതം എത്ര ബുദ്ധിമുട്ടു നിറഞ്ഞതായാലും ഒരു വിഷയത്തിൽ നമുക്ക് വിജയിക്കാനാകും. അതിനെ തേടിപ്പോവുക. അതെ, ഹോക്കിങ് അന്വേഷിച്ചു. ശരീരത്തിനോടും മനസ്സിനോടും പടവെട്ടുന്നതിനപ്പുറം തമോഗർത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സമയത്തെക്കുറിച്ചും. ക്വാണ്ടം ഫിസിക്സ് മുതൽ കോസ്മിക് ഫിസിക്സ് വരെ.
അസുഖം അദ്ദേഹത്തിന്റെ സംസാരശേഷിയേയും തട്ടിയെടുത്തു. പക്ഷേ, തോറ്റുകൊടുക്കാൻ ഹോക്കിങിന് മനസ്സില്ലായിരുന്നു. കവിളിലെ പേശികളനക്കി ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും തിരഞ്ഞെടുത്ത് അത് യന്ത്രം ശബ്ദമായി പ്രതിഫലിപ്പിക്കുന്ന വിദ്യ അദ്ദേഹം സ്വീകരിച്ചു. ഒരു വാക്ക് പൂർത്തിയാക്കാൻ ഏകദേശം ഇരുപത്തുമിനിറ്റ്. അങ്ങനെ പതുക്കെ പതുക്കെ തന്റെ പേശികൾ ചലിപ്പിച്ച് തന്റെ ചിന്തകളെ പ്രതിഫലിപ്പിച്ച, ലോകം കണ്ടതിൽവെച്ച് ഏറ്റവും മികച്ച വില്പന നടത്തിയ ആ അത്ഭുതം - 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ബുക്ക് 1988ൽ പുറത്തിറങ്ങി.
ഭൂമിയിലിന്നു വംശനാശം നേരിടുന്ന ഒരു സ്പീഷീസ് ഏതാണ് എന്ന ചോദ്യത്തിന് മനുഷ്യൻ എന്നായിരിക്കും ശരിയായ ഉത്തരം. കാരണം, ഭൂമിയിൽ നിലനിൽക്കണമെന്നും എവിടേയും ആധിപത്യം ചെലുത്തണമെന്നുമുള്ള മനുഷ്യന്റെ ശക്തമായ ആഗ്രഹങ്ങളുടെ പരിണിതഫലമാണ് ശാസ്ത്രജ്ഞാനം. എന്നാൽ, അടുത്ത നൂറു വർഷത്തിനുള്ളിൽ ഈ ശാസ്ത്രജ്ഞാനം തന്നെ ആണവായുധം, ആഗോളതാപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാൽ മനുഷ്യനാശത്തിനു കാരണമാവും എന്ന് പ്രവചിച്ചിടത്താണ്, കസേരയിൽ ചാരിവെച്ച നനഞ്ഞ തലയിണപോലെയുള്ള ഈ മനുഷ്യൻ പ്രസക്തനാകുന്നത്. അദ്ദേഹം ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല. ദൈവം പകിട കളിക്കുകയല്ല എന്നു പ്രസ്താവിച്ച ഐസ്റ്റീനും നാമെല്ലാം നക്ഷത്ര ധൂളികളാണ് എന്നുള്ള ഭൗതിക അദ്വൈതം ദർശിച്ച കാൾ സാഗനുമൊപ്പമാണ് സ്റ്റീഫൻ ഹോക്കിങ് എന്ന ദാർശനികവാദിയേയും കാലം ഓർത്തുവയ്ക്കുക.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...