Thursday, 24 April 2014

കാളിയന്‍റെ വാസസ്ഥലങ്ങള്‍


കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി, ഈണം മുഴങ്ങും പഴംപാട്ടില്‍ മുങ്ങി, മലയാളി മനസ്സുകളിലൂടെ ഒഴുകിയ ഈ തോട് ഇന്ന് പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞു നശിച്ചു കൊണ്ടിരിക്കുന്നു.  കൌമാര കുതൂഹങ്ങളാലോ നെഞ്ചുനിറയെ സിനിമ ഉണ്ടായിരുന്നതുകൊണ്ടോ 'കിരീടം' എന്ന ചലച്ചിത്രം കണ്ട് വെള്ളയാണിയിലെ ഈ തോട് കാണാന്‍ എന്‍റെ ബി.എസ്.എ - എസ്. എല്‍. ആര്‍ സൈക്കിള്‍ ചവിട്ടി പോയത് ഞാനിന്നുമോര്‍ക്കുന്നു.  അവിടെ തോടിനു കുറുകെയുള്ള പാലത്തിന്‍റെ സിമന്‍റ് കൈവരിയില്‍ മോഹന്‍ലാലിനെ അനുകരിച്ചു ചാരിയിരിക്കുമ്പോള്‍, മനസ്സില്‍ പറയുന്നുണ്ടായിരുന്നു ഇവിടെവെച്ചു ഒരുനാള്‍ ഞാനും എന്‍റെ സിനിമ ചെയ്യുമെന്ന്.  വര്‍ഷങ്ങള്‍ക്കുശേഷം എന്‍റെ ഒരു ഡോക്യുമെന്‍ററി ചിത്രത്തിനായി ഞാന്‍ അവിടെ പോയി.  വീണ്ടും അവിടം കാണുമ്പോള്‍ മനസ്സ് പുള്ളോര്‍ക്കുടം പോലെ തേങ്ങുന്നു.  പണ്ട് ഒരുപാടുപേര്‍ അവിടെ കുളിക്കുകയും തുണി അലക്കുകയും ഒക്കെ ചെയ്തിരുന്നു.  പക്ഷേ, ഇന്ന് ആ വെള്ളം തൊട്ടാല്‍ ചൊറി പിടിക്കും.  നമ്മുടെ ജലസ്രോതസ്സുകള്‍ മുഴുവന്‍ ഇന്ന് കാളിയന്‍റെ വാസസ്ഥലം ആയിരിക്കയാണല്ലോ!  സഹിക്കാനാവുന്നില്ല.  വരും തലമുറയ്ക്ക് വിഷം മാത്രം ബാക്കിവെച്ചവര്‍ എന്ന ദുഷ്പ്പേരുമായി നമുക്ക് മരിക്കേണ്ടിവരുമോ!!!

Monday, 21 April 2014

പാടം പോയ കാലം!

ഒരു ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി നെല്‍പ്പാടം അന്വേഷിച്ചു ഞങ്ങള്‍ ഇറങ്ങി.  കൃഷി എത്രയൊക്കെ ഇല്ലാതായി എന്നു പറഞ്ഞാലും അരിയല്ലേ ഇന്നും നമ്മുടെ മുഖ്യ ഭക്ഷണം! അപ്പോള്‍ കുറെയൊക്കെ നല്ല പാടങ്ങള്‍ ഉണ്ടാകാതെ തരമില്ല എന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചു.  പല യാത്രകളിലും കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടങ്ങളും അതിനിടയില്‍ ഒറ്റക്കാലില്‍ താപസ്സുചെയ്യുന്ന കൊക്കുകളെയും നാം എത്ര തവണ കണ്ടിരിക്കുന്നു!  ആ ഓര്‍മ്മകളിലേക്കു തന്നെയായിരുന്നു വയല്‍ അന്വേഷിച്ചുള്ള ഞങ്ങളുടെ ആദ്യ യാത്രകള്‍.  പക്ഷേ, സ്ഥലത്ത് എത്തിയപ്പോഴാണ്, 'ഇവിടെ പണ്ട് ഒരു വയലുണ്ടായിരുന്നു' എന്ന് ഞങ്ങള്‍ക്ക് തിരുത്തി പറയേണ്ടിവന്നത്.  ഇത്തരം തിരുത്തലുകള്‍ ഒത്തിരി നടത്തേണ്ടിവന്നു ഞങ്ങള്‍ക്ക്. ചിലയിടങ്ങളില്‍ നാമമാത്രമായി പാടങ്ങള്‍ ഇന്നും അവശേഷിക്കുന്നുണ്ട്.  പക്ഷേ, അവിടെയൊന്നും ഞാറ്റുപാട്ടും കൊയ്ത്തുപാട്ടുമൊന്നുമില്ല കേട്ടോ. അരിവാളും കലപ്പയും കാളയും പോത്തുമൊക്കെ ഇന്ന് നമ്മുടെ പാടങ്ങളില്‍ നിന്നും നിഷ്കാസിതമായിക്കഴിഞ്ഞു.   കണ്ടമൊരുക്കാനും ഞാറ് നടാനും കളപറിക്കാനും കൊയ്യാനുമൊന്നും ഇന്ന് പെണ്ണാളും ആണാളുമില്ല.  അവയ്ക്കെല്ലാമിന്ന് യന്ത്രങ്ങളും അതിന്‍റെ ഓപ്പറേറ്ററും മാത്രം.  നമ്മുടെ നാട്ടുരാജ്യങ്ങളെ കീഴടക്കി വിദേശികള്‍ അധികാരം പിടിച്ചെടുത്തപ്പോഴും വിലയേറിയ രത്നങ്ങള്‍ കൈയടക്കിയപ്പോഴും നാം ഊറ്റം കൊണ്ടിരുന്നു; നമ്മുടെ തിരുവാതിരയും ഞാറ്റുവേലയുമൊന്നും അവര്‍ക്ക് കട്ടുകൊണ്ട് പോകാനാവില്ല എന്ന്.  പക്ഷേ, ഇന്ന് നാം തന്നെ അവയെയൊക്കെയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.  മലയാളികള്‍ക്ക് സ്വത്വം നഷ്ടപ്പെടുകയാണോ?!

Sunday, 20 April 2014

ഒരു പേരില്‍ എന്തൊക്കെയോ ഇരിക്കുന്നു!

സിനിമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം മുതല്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യം, കഴിഞ്ഞദിവസം എന്‍റെ ഒരു സുഹൃത്തില്‍ നിന്നും ഉണ്ടായി. സിനിമയുടെ ക്രെഡിറ്റ് ടൈറ്റിലില്‍ എന്‍റെ പേരിനൊപ്പം സ്ഥലപ്പേരുകൂടെ ചേര്‍ക്കാത്തതെന്ത്?  നായ സ്വന്തം വാല് ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നതുപോലെ പേരിനൊപ്പം ചേര്‍ത്തുവെയ്ക്കാന്‍ എനിക്കൊരു സ്ഥലമില്ല!  കല്ലടയാറിന്‍റെ തീരത്തെ ഒരു കൊച്ചു ഗ്രാമത്തില്‍ സാമാന്യം നല്ല ഗൃഹാന്തരീക്ഷവും ഉയര്‍ന്ന രാഷ്ട്രീയബോധവുമുള്ള ഒരു കുടുംബത്തിലെ അംഗമായി തലസ്ഥാന നഗരിയില്‍ ഞാന്‍ ജനിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍റെ സ്ഥലം മാറ്റത്തിനനുസ്സരിച്ച് പല നാടുകളിലായിട്ടായിരുന്നു എന്‍റെ ബാല്യകൗമാരങ്ങള്‍.  ആ നാടുകളിലെ ജീവിതവും സംസ്കാരവും എന്നില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  അപ്പോള്‍ ആ സ്ഥലങ്ങളെ ഞാന്‍ മറക്കാന്‍ പാടില്ല.  പിന്നീട്, തിരുവനന്തപുരത്ത്‌ സ്ഥലവും വീടും വാങ്ങി.  ചില പേപ്പറുകളിലും മറ്റും അതിന്‍റെ അവകാശം എന്‍റെ പേര്‍ക്കാണെങ്കിലും വേറെ ചിലരും ആ സ്ഥലത്തിന് അവകാശികളാണ്.  ഒരു ഏഴെട്ടു കാക്കകള്‍, രണ്ടോ മൂന്നോ അണ്ണാന്‍, ഒന്നുരണ്ടു പൂച്ചകള്‍ ഇവരൊക്കെ രാവിലെ വന്നു ബഹളം വെച്ച് എന്തെങ്കിലും വാങ്ങി കഴിച്ചു നാല് പാടും പോകും... ഇനി ഞങ്ങള്‍ അറിയാതെ, ഒരു അവകാശം എന്നവണ്ണം, വീട്ടില്‍ കടന്നു കയറി തേങ്ങയും മറ്റു ഭക്ഷണസാധനങ്ങളും കരണ്ട് തിന്നുന്ന എണ്ണമറിയാത്ത എലികള്‍.  ചിലപ്പോള്‍, ദേഷ്യം തീര്‍ക്കാനെന്നവണ്ണം എന്‍റെ ചില പഴയ പുസ്തകങ്ങളും ഇവര്‍ കരണ്ട് നശിപ്പിക്കാറും ഉണ്ട് ! ഇവരൊക്കെയും ആ ഭൂമിക്ക് അവകാശികളാണ്.  ഒരുപക്ഷേ, അവരുടെ സ്ഥലത്തേക്ക് ഞാന്‍ നുഴഞ്ഞുകയറിയതും ആവാം!  ഇപ്പോള്‍ മനസ്സിലായില്ലേ അവരെപ്പോലെ ഞാനും ഒരു വിശ്വപൗരനാണ്.  അപ്പോള്‍ ഞാന്‍ ഏതു സ്ഥലപ്പേരു ചേര്‍ക്കും എന്‍റെ പേരിനൊപ്പം?

Friday, 18 April 2014

ഒരു മിന്നാമിനുങ്ങിന്‍റെ താരാട്ട്.

ഇന്നലെ രാത്രി ഇടിയുടെയും മിന്നലിന്‍റെയും അകമ്പടിയോടെ ഒരു മഴ കടന്നു വന്നു. പെട്ടന്ന് കറണ്ട് പോയി. ഫെയിസ്ബുക്ക് അടച്ചുവെച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു. തുറന്നു കിടന്ന ജനാലയിലൂടെ അപ്രതീക്ഷിതമായി ഒരു മിന്നാമിനുങ്ങ് എന്‍റെ മുറിയിലേക്ക് പറന്നു വന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിരുന്നു; ഞാന്‍ ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട്. അച്ഛന് സര്‍ക്കാര്‍ജോലി ആയിരുന്നതിനാല്‍ മാറി മാറി ഒരുപാട് ഗ്രാമങ്ങളിലായാണ് ഞാന്‍ വളര്‍ന്നത്‌. അവിടങ്ങളിലോക്കെയും ഒരുപാട് മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവയൊക്കെയും പേടിയും അത്ഭുതവും എന്നില്‍ നിറച്ചിരുന്നു. ഫോസ്ഫറസ് ആണ് മിന്നാമിനുങ്ങിന്‍റെ വെളിച്ചത്തിന്‍റെ രഹസ്യം എന്ന് ഞങ്ങളുടെ സയന്‍സ് സാര്‍ പറഞ്ഞുതന്നതോടെ അത്ഭുതം ഒരു സത്യമായി മനസ്സ് സമ്മതിച്ചു. എന്നാല്‍ പേടിയുടെ കഥ മറ്റൊന്നാണ്. മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്കിനു മുന്നിലിരുന്നു പാഠപുസ്തകങ്ങള്‍ ഉരുവിട്ട് പഠിക്കുന്നതിനിടയില്‍ എന്‍റെ കാതുകള്‍ പുറത്തെ കട്ടപിടിച്ച ഇരുട്ടില്‍നിന്നും ചില കാലൊച്ച‍ കേള്‍ക്കും. പിന്നെ മനസ്സ് അര്‍ജുനന്‍റെ പത്തു നാമങ്ങള്‍ വേഗത്തില്‍ ചൊല്ലാന്‍ തുടങ്ങും: ” അര്‍ജുനന്‍ , പാര്‍ഥന്‍…..” ഇടയ്ക്കു അറിയാതെ കണ്ണുകള്‍ പുറത്തെ ഇരുട്ടിലേക്കൊന്നു പാളിനോക്കും. ഭൂതമായി വേഷം മാറുന്ന മിന്നാമിനുങ്ങുകള്‍ വാഴകള്‍ക്കിടയിലൂടെ പാറിനടക്കുന്നു. പെട്ടന്നാണ് കളിക്കൂട്ടുകാരി പ്രേമലത പകര്‍ന്ന വിജ്ഞാനം മനസ്സില്‍ ഓടിയെത്തുന്നത്: “കുട്ടീ.. അത് പ്രേതങ്ങള്‍ ബീഡി വലിക്കുന്നതാ… പ്രേതങ്ങളെ മനുഷ്യര്‍ക്ക്‌ കാണാന്‍ പറ്റൂല… തീ മാത്രമേ കാണാന്‍ പറ്റു.” പുസ്തകം മടക്കി ഞാന്‍ പെട്ടന്ന് അകത്തു കയറും. പിന്നെ ഉറക്കെ വിളിച്ചു പറയും: “അമ്മെ വിശക്കുന്നു, ചോറ് വിളമ്പ്”.
ഓര്‍മകളെ തിരികെ തന്നുകൊണ്ട് ആ മിന്നാമിനുങ്ങ് എനിക്ക് മുകളില്‍ പാറി നടക്കുന്നുണ്ടായിരുന്നു. പഴയ ഭയം എന്നില്‍നിന്നും മാറി എന്നറിഞ്ഞിട്ടാവും പതിയെ താഴ്ന്നു വന്നു എന്‍റെ തലയിണയുടെ അരികിലായി ഇരുന്നു. അതിന്‍റെ വെളിച്ചത്തെ നോക്കി ഞാന്‍ കിടന്നു. അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി. സുഖമായി ഉറങ്ങി. ഒരുപക്ഷേ, മിന്നമിനുങ്ങുകളെ തെറ്റിദ്ധരിച്ച ആ പഴയ ചെക്കനെ ആ മിന്നാമിനുങ്ങുകള്‍ ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം. അവനെ ഒന്ന് താരാട്ടുപാടി ഉറക്കാന്‍ വന്നതായിരിക്കണം ആ മിന്നാമിനുങ്ങ്!

മുന്‍മൊഴി

ആഴവും പരപ്പുമേറിയ ബ്ലോഗിന്‍റെ ലോകത്തിലേക്ക് ഭയാശങ്കകളോടെയും അതീവ സന്തോഷത്തോടെയും ഞാന്‍ കടന്നുവരുകയാണ്.  ഈ മാന്ത്രിക വലയുടെ സാങ്കേതികവശങ്ങള്‍ ഇനിയും പൂര്‍ണമായി വഴങ്ങിയിട്ടില്ല എന്നതാണ് എന്‍റെ ഭയാശങ്കകള്‍ക്ക് കാരണം.  എന്നാല്‍, മനസ്സിലെ തോന്നലുകളെ മറ്റൊരാളുടെയും അനുവാദത്തിനായി കാത്തുനില്‍ക്കാതെ ഈ ലോകത്തിനോടായി വിളിച്ചുപറയാന്‍ സാധിക്കുമെന്നതാണ് ബ്ലോഗ്‌ എന്നെ സന്തോഷിപ്പിക്കുന്നത്.
‘സ്വന്തം’ എന്ന ഈ ബ്ലോഗിലൂടെ ആശയ സംവേദനത്തിനായി പുതിയൊരു മാധ്യമം എനിക്ക് തുറന്നു കിട്ടുമ്പോള്‍ ഞാന്‍ സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന മുഖങ്ങള്‍ നിരവധിയാണ്.  ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന് വാക്കുകളുടെ വര്‍ണ്ണപ്രപഞ്ചം എനിക്ക് പ്രാപ്തമാക്കിയ കുഞ്ഞുകൃഷ്ണന്‍ സാറിന്‍റെ മുഖം.  പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സ്കൂള്‍ നാടകങ്ങള്‍ രചിച്ചപ്പോള്‍ കഥാപാത്രങ്ങളുടെ മാനസികനിലമാത്രം നോക്കിയല്ല അവരുടെ വിദ്യാഭ്യാസ – സാംസ്കാരിക നിലവാരങ്ങള്‍ കൂടി നോക്കി വേണം സംഭാഷണങ്ങളെഴുതുവാനെന്ന് രചനയുടെ ബാലപാഠം ഉപദേശിച്ചുതന്ന രാമഭദ്രന്‍ സാറിന്‍റെ മുഖം.  രസകരമായി കഥകള്‍ പറഞ്ഞുതന്ന് കഥകളുടെ മായാപ്രപഞ്ചം തേടി യാത്രയാകുവാന്‍ എനിക്ക്  പ്രേരണ നല്‍കിയ പോറ്റി സാറിന്‍റെ മുഖം.   ‘ചണ്ഡാലഭിക്ഷുകി’യും ‘മാടവനപ്പറമ്പിലെ ചിത’യുമൊക്കെ ഈണത്തില്‍ ചൊല്ലി കഥകളുടെ വാങ്മയ ചിത്രങ്ങള്‍  മനസ്സില്‍ വരച്ചുതന്ന കുമ്പളത്ത്‌ ശാന്തകുമാരിയമ്മ  ടീച്ചറുടെ മുഖം.  എന്‍റെ ആദ്യ കഥ പ്രസിദ്ധീകരിച്ച കോളിജ് മാഗസിന്‍ എഡിറ്റര്‍ ജ്വാല രാജേന്ദ്രന്‍റെ മുഖം.  ആദ്യമായി എഴുതി,  വായിച്ച് തെറ്റ് തിരുത്താന്‍ കൊടുത്ത ചലച്ചിത്ര നിരൂപണത്തെ  ’ ക്രിട്ടിക്സ് വ്യു’ വില്‍  പ്രസിദ്ധീകരിച്ചു കൊണ്ട് എന്നെ വിസ്മയിപ്പിച്ച മണ്ണാറക്കയം ബേബിസാറിന്‍റെ മുഖം. ഒരപകടം മൂലം എന്‍റെ വലതു കൈയിലെ പെരുവിരലിന് മുറിവും ചതവും സംഭവിക്കുന്നതു വരെയെങ്കിലും  എന്‍റെ കൈയക്ഷരങ്ങളെ ഇഷ്ടപ്പെടുകയും അതെന്നോട്‌ ആദ്യമായി തുറന്ന് പറയുകയും ചെയ്ത,  പില്‍ക്കാലത്ത് എന്‍റെ ആദ്യ ചലച്ചിത്ര പഠന ഗ്രന്ഥത്തിന് പ്രൌഡഗംഭീരമായ അവതാരിക എഴുതിത്തന്ന്‍ എന്നെ അനുഗ്രഹിക്കുകയും എഴുത്ത് തുടരണമെന്ന് സ്നേഹപൂര്‍വ്വം ഉപദേശിക്കുകയും ചെയ്ത എന്‍റെ ഗുരുനാഥനും വിഖ്യാത ചലച്ചിത്രകാരനുമായ കെ.പി കുമാരന്‍ സാറിന്‍റെ മുഖം.  മലയാളം ടൈപ്പ് ചെയ്യാന്‍ ഉതകുന്ന വിധത്തില്‍ എന്‍റെ ലാപ്  ടോപ്പിനെ സജ്ജമാക്കിത്തന്ന രഞ്ജിത്തിന്‍റെ മുഖം.  ആനുകാലികങ്ങളില്‍ അച്ചടിച്ചുവന്ന എന്‍റെ ചലച്ചിത്ര നിരൂപണങ്ങള്‍ ‘ഒരു ഊളന്‍ ചിരി’യോടെ വായിച്ച് എന്നോട് നിരന്തരം ചോദ്യങ്ങളുയര്‍ത്തുന്ന,  എന്‍റെ ആദ്യ ഗ്രന്ഥം,  സ്വന്തം കുഞ്ഞിനെ ഏറ്റുവാങ്ങുന്ന ഒരു പിതാവിന്‍റെ മാനസികഭാവങ്ങളോടെ സ്വീകരിച്ച,  ഞാനൊരു ചലച്ചിത്ര സംവിധായകനാകണം എന്ന മോഹത്തോടെ  ഉച്ചഭക്ഷണം ഉപേക്ഷിച്ച് ആ  കാശിന് ലോട്ടറി ടിക്കറ്റെടുത്ത് പ്രതീക്ഷയോടെ നിരന്തരം കാത്തിരുന്ന എന്‍റെ പ്രിയ ചങ്ങാതി ജോയിയുടെ മുഖം.  രാത്രി ഏറെ വൈകിയും ഉറങ്ങാതെ കുത്തിക്കുറിച്ചിരിക്കുമ്പോള്‍ ലൈറ്റണച്ച് കിടന്നുറങ്ങാന്‍ സ്നേഹപൂര്‍വ്വം ശാസിച്ചിരുന്ന,  എന്‍റെതായി അച്ചടിച്ചുവന്നതെല്ലാം ഞാന്‍ അറിയാതെ കാത്തുവെച്ചിരുന്ന എന്‍റെ അമ്മയുടെ മുഖം.
ഈ പ്രിയമുഖങ്ങളെയെല്ലാം മനസ്സാ ധ്യാനിച്ചുകൊണ്ടും നിങ്ങളെല്ലാവരും എന്നും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ടും  ’സ്വന്തം’ ബ്ലോഗെഴുത്ത് ഇവിടെ സമാരംഭിക്കുകയാണ്.

മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം

                                                    മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം മറ്റുള്ളവരുടെ ചോദ്യങ്ങക്ക് മറുപടി പറയുമ്പോൾ...