Sunday 10 February 2019

മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം


                         
                          മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം


മറ്റുള്ളവരുടെ ചോദ്യങ്ങക്ക് മറുപടി പറയുമ്പോൾ കിതയ്ക്കുന്നവൻ... പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കുപോലും പോസുചെയ്യുമ്പോൾ നാണിക്കുന്നവൻ...  പഠനം, ജോലി തുടങ്ങിയ റാറ്റ് റേസിനിടയിൽ ഒരു ദിവസം അയാൾ തിരിച്ചറിയുന്നു; തന്റെ ജോലി ഇതല്ല എന്ന്, തന്റെ വഴി ഇതല്ല എന്ന്. ഈ തിരിച്ചറിവിന്റെ പേരാണ് വിജയ് സേതുപതി.

തമിഴ്‌നാട്ടിലെ രാജപാളയത്ത് ജനനം. ആറാം ക്ലാസ്സിൽ ചെയ്യയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ബിലോ ആവറേജ്. ആർട്ട്‌സിലും സ്പോർട്സിലും താൽപര്യക്കുറവ്. ഇവയെല്ലാം നൽകിയ കളിയാക്കലുകളും അപമാനങ്ങളും. പഠനസമയത്ത് പോക്കറ്റ് മണിക്കായി ടെലിഫോൺ ബൂത്ത്‌ കീപ്പർ മുതൽ സെയിൽസ്മാൻവരെ നിരവധി ജോലികൾ!

സയൻസ് പഠിക്കുക എഞ്ചിനീയറാവുക എന്ന സ്വപ്നമുണ്ടായിരുന്ന വിജയ് സേതുപതി സയൻസ് തനിക്ക് ലവലേശം വഴങ്ങില്ല എന്ന ബോധ്യത്തിനവസാനമെന്നവണ്ണം ബി.കോം പൂർത്തിയാക്കുന്നു. ഒരു സിമെന്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിക്കുന്നു. തനിക്കുപോലും തികയാത്ത ശമ്പളം. അതുകൊണ്ട് ഒരിക്കലും ഒരു വീട്‌ പുലർത്താനാവില്ല എന്ന തിരിച്ചറിവിൽ അക്കൗണ്ടന്റായി ദുബായിലേക്ക്. നാട്ടിൽ ലഭ്യമായതിനേക്കാൾ നാലിരട്ടി ശമ്പളം. മലയാളി യുവതിയുമായുള്ള പ്രണയം, വിവാഹം. ഇതുവരെയുള്ള വിജയ് സേതുപതിയെ  നാട്ടുകാരും വീട്ടുകാരും സക്സസ്ഫുൾ എന്നു വിളിച്ചേക്കാം. എന്നാൽ, അയാൾ സ്വയം തിരിച്ചറിയുന്നു അയാളിൽ നിന്നും അന്യമാകുന്ന സന്തോഷത്തെ... ആ നഷ്ടബോധത്തെ. അതിന്റെ പ്രതികരണമെന്ന നിലയിൽ അയാൾ ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വിമാനം കയറുന്നു.

വിവാഹം, കുടുംബം, വീട്ടുചെലവുകൾ ഇവയുടെ പ്രലോഭനത്താൽ ഒരു ഇന്റീരിയർ ഡിസൈൻ സ്ഥാപനം ആരംഭിക്കുന്നു. സ്ഥാപനം വളരുന്നു. നല്ലരീതിയിൽ വരുമാനമുണ്ടാകുന്നു. അതും ആ മനുഷ്യനെ തൃപ്തിപ്പെടുത്തിയില്ല. പണ്ടെന്നോ ഒരു പ്രമുഖ സംവിധായകൻ തന്നെക്കണ്ടപ്പോൾ, നിന്റെ മുഖം ഫോട്ടോജെനിക്കാണെന്നു പറഞ്ഞത് അയാളുടെ ഓർമകളിലേക്ക് തിരനീട്ടിവന്നു. ഇത് അയാളെക്കൊണ്ട് ഒരു തീരുമാനമെടുപ്പിച്ചു. ഞാൻ ആക്ടർ ആകും എന്ന്. അതുവരെ സക്സസ്ഫുൾ എന്നുവിളിച്ചപലരും അന്നുമുതൽ അയാളെ വിഡ്ഢിയെന്നു വിളിച്ചിരിക്കാം! വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ഒരു ഗെയിം. കൂടുതലും പരാജിതരുള്ള ആ ഗെയിം. ആ ഗെയിമിലേക്ക് താൻ ധൈര്യപൂർവം ഇറങ്ങിയേമതിയാവൂ.  കാരണം, പ്രശ്നങ്ങൾ ഒരിക്കലും പുറത്തല്ല ഉള്ളത്; അത്  നമ്മുടെ ഉള്ളിലാണ്, നമ്മുടെ ചിന്തകളിലാണ്. എന്തുചെയ്യണം? എങ്ങനെ ചെയ്യണം?  എവിടെനിന്ന് തുടങ്ങണം?  അതാണ്‌ ആദ്യപടി. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആരംഭം.

ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചില  സിനിമകളിൽ നിന്നുണ്ടായ അപമാനങ്ങളിൽ, വേദനകളിൽ അയാൾ ഇങ്ങനെ വിചാരിച്ചു : "ചിലർ നല്ലത് ചെയ്ത്  നമുക്ക് പാഠം നൽകും, മറ്റു ചിലർ മോശം കാര്യം ചെയ്തും."  ഈ പാഠങ്ങളാണ് മുന്നേറാനുള്ള മുതൽക്കൂട്ട്. നാം ഒരുപാട് മഹാരഥന്മാരെ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ആർക്കാണ് റെസ്‌പെക്ട്?  ആർക്കാണോ തന്റെ തൊഴിൽ ഭംഗിയായി ചെയ്യാനറിയുന്നത്, അയാൾക്കുള്ളതാണ് റെസ്‌പെക്ട്. തന്റെ ജോലി മികച്ചതാക്കാൻ എന്തൊക്കെ പഠിക്കണമോ അതാണ്‌ ആദ്യം ഹൃദസ്ഥമാക്കേണ്ടത്. ജനിക്കുമ്പോഴേ ആരും ഡോക്ടറായും കളക്ടറായും ആക്ടറായുമൊന്നുമല്ല ജനിക്കുന്നത്. തന്റെ മേഖല തിരഞ്ഞെടുത്താൽ, അവിടെ ശോഭിക്കാനാവശ്യമായ കാര്യങ്ങൾ ആദ്യം പഠിക്കണം. ഈ അറിവാണ് അടിത്തറ.

കണ്ടതും കേട്ടതും അറിഞ്ഞതുമായ എല്ലാം ഓഡിയേഷനുകളിലും പങ്കെടുത്ത്, കണ്ട സിനിമാക്കാരുടെ ഓഫീസുകളിലെല്ലാം കയറിയിറങ്ങി, തന്റെ എല്ലാ സ്‌ട്രെയ്‌നിന്റെയും അവസാനം ഒരു ഷോർട് ഫിലിമിൽ തുടങ്ങി ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും 2010 -ൽ നായകനായി അരങ്ങേറ്റം.

പൊടുന്നനെ ഒരുനാൾ ജീവിതത്തിലുണ്ടാകുന്ന ഒരു ഡിപ്രഷൻ. ആ ഡിപ്രഷൻ സമയത്ത് നാം സ്വയം ചിന്തിക്കും. ആ ചിന്ത, നാം ആരാണ് എന്ന തിരിച്ചറിവ് നമ്മിലുണർത്തും. ആ തിരിച്ചറിവ്, നമ്മെ ഒരു യാത്രനയിക്കാൻ പ്രേരിപ്പിക്കും. ആ യാത്രയുടെ അവസാനം നാം നമ്മിലുള്ള എല്ലാ ബന്ധങ്ങളും എല്ലാ ചങ്ങലക്കണ്ണികളും പൊട്ടിച്ചു ദൂരെയെറിയും. അപ്പോൾ നാം അങ്ങ് ദൂരെ ഒരു പ്രകാശം കാണും. അതുവരെ വിജയിച്ചവർ എന്നു നാം വിചാരിച്ചിരുന്നവർ പലരും ഒന്നുമല്ല എന്ന് നാം തിരിച്ചറിയുന്ന  നിമിഷം... ആ പ്രകാശത്തിന്റെ പേരാണ് സക്സസ്.

ആദ്യമായി സ്റ്റേജിൽ കയറിയപ്പോൾ വിക്കിവിയർത്ത്‌ നിലത്തേക്ക് പതിക്കും എന്നു ചിന്തിച്ച ഈ മനുഷ്യൻ... വേണ്ടപ്പെട്ടവർ ആരുംതന്നെ സിനിമാരംഗത്തില്ലാതിരുന്നിട്ടും... സിനിമ സ്വപ്നം കണ്ട ഈ മനുഷ്യൻ...  സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറുകൾക്കിടയിൽ വിനയാന്വിതനായി തിളങ്ങുന്നുവെങ്കിൽ അതിനർത്ഥം അദ്ദേഹമൊരിക്കലും വിജയിച്ചവന്റെയോ മുകളിലെത്തിയവന്റെയോ വഴിയല്ല പിന്തുടർന്നത്. സ്വന്തം വഴിയുണ്ടാക്കുകയായിരുന്നു ചെയ്തത്. ഈ ധൈര്യമാണ്, ഈ വിശ്വാസമാണ്,  ഈ പോസിറ്റിവിറ്റിയാണ് മക്കൾ സെൽവൻ  വിജയ് സേതുപതി

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...