Wednesday 20 February 2019

വാജിബ്



                 
                                                               വാജിബ്


പലസ്തീൻ എഴുത്തുകാരിയും സവിധായകയുമായ ആൻമേരി ജാസിറിന്റെ മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് വാജിബ്. വാജിബ് എന്ന വാക്കിന് കടമ എന്നർത്ഥം. മകളെ വിവാഹം കഴിച്ചയ്ക്കുന്നതു കടമയായി കാണുന്ന അചഛൻ അതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. വിവാഹമോചിതനാണയാൾ. അധ്യാപകനായിരുന്നു. ആറുപതു വയസ്സിനു മുകളിലുണ്ട്. മകൻ വർഷങ്ങളായി ഇറ്റലിയിലാണ്. ആർക്കിടെക്റ്റ് ആയി ജോലി ചെയ്യുന്നു. പലസ്തീനിയൻ ആചാരമനുസരിച്ച് അടുത്ത ബന്ധുക്കളെ വിവാഹത്തിനു നേരിട്ടു ക്ഷണിക്കണം. അച്ഛനും മകനും ഒരുമിച്ച് കടമ പൂർത്തിയാക്കാൻ വരുകയാണ്.  അച്ഛനും മകനും കൂടി ബന്ധുക്കളുടെ വീടുകളിൽ വിവാഹക്കത്തുമായി പോകുന്നതിനിടെ അവരുടെ  കുടുംബജീവിതം വെളിപ്പെടുകയാണ്. ആ കഥ പറയുന്നു വാജിബ് എന്ന റോഡ് മൂവി.

പതിവു സിനിമകളുടെ പശ്ചാത്തലമല്ല വാജിബിന്റേത്. ഇസ്രയേൽ നഗരമായ നസ്രേത്തിലാണു കഥ നടക്കുന്നത്. ഗൗരവമുള്ള വിഷയമാണെങ്കിലും കഥയിൽ നർമത്തിനും പ്രാധാന്യമുണ്ട്. രണ്ടു കഥാപാത്രങ്ങൾക്കുചുറ്റുമാണു കഥ കേന്ദ്രീകരിക്കുന്നത്. അച്ഛന്റെയും മകന്റെയും. മൊഹമ്മദും സാലേ ബക്രിയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയിരിക്കുന്നു.

ബേത്‍ലഹേമിൽ ജനിച്ച്, സൗദിയിൽ വളർന്ന്, ന്യൂയോർക്കിൽനിന്നു വിദ്യാഭ്യാസം നേടിയ ജാസിറിന്റെ ആദ്യ ചലച്ചിത്രം പുറത്തുവന്നത് 2008–ൽ. സാൾട് ഓഫ് ദ് സീ. പലസ്ത്രീൻ അഭയാർഥികളുടെ മകളായി പിറന്ന ഒരു അമേരിക്കൻ യുവതി ആദ്യമായി ജൻമനാട് സന്ദർശിക്കുന്നതാണു പ്രമേയം.  1967–ൽ ആറുദിവസം നീണ്ടുനിന്ന യുദ്ധത്തെക്കുറിച്ചുള്ള വെൻ ഐ സോ യൂ എന്ന രണ്ടാമത്തെ ചിത്രം 2012ൽ എത്തി. സലേ ബക്രീ ജാസിറിന്റെ മൂന്നു ചിത്രങ്ങളുടെയും ഭാഗമായിരുന്നു. പക്ഷേ വാജിബ് എന്ന പുതിയ ചിത്രത്തിൽ മൊഹമ്മദിനാണു പ്രാധാന്യം. കവിയും അഭിനേത്രിയും കൂടിയാണു സംവിധായികയായ ജാസിർ. ജാസിറിന്റെ ലൈക് ട്വന്റി ഇംപോസിബിൾസ് കാനിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അറബ് ഹ്രസ്വചിത്രമാണ്. പലസ്തീനിൽനിന്നുള്ള ആദ്യത്തെ വനിതാ സംവിധായിക കൂടിയാണ് ജാസിർ.
മകൾ ഉമലിന്റെ കല്യാണം ഉടൻ നടക്കാനിരിക്കുന്നു. ഒരു മാസത്തിനകം.   ഒരിക്കൽപ്പോലും സാന്നിധ്യമറിയിക്കാത്ത ഉമലിന്റെ അമ്മയ്ക്ക് ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. അവരിപ്പോൾ അമേരിക്കയിലാണ്. അവർക്കു കല്യാണത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. ഇപ്പോഴത്തെ ഭർത്താവിന്റെ അനാരോഗ്യമാണു പ്രധാനകാരണം. കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം അവർ നാടുവിട്ടത് ഇപ്പോഴും ബന്ധുക്കളാരും മറന്നിട്ടില്ല. ഓരോ വീട്ടിലും ചെന്ന് അച്ഛനും മകനും കൂടി വിവാഹം വിളിക്കുമ്പോൾ ആ ഓർമ എല്ലാവരുടെയും മുഖങ്ങളെ  കടുപ്പമുള്ളതാക്കുന്നു. അച്ഛനും മകനും വിവാഹം ക്ഷണിക്കാൻ പോകുന്ന ഒരു ദിവസത്തെ യാത്രയാണു വാജിബ്. കടമയും കർത്തവ്യലംഘനവുമെല്ലാം കരുത്തേറിയ കഥയിലൂടെ ജാസിർ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

ശക്തമായ തിരക്കഥയാണ് ജാസിറിന്റേത്. വാജിബിന്റെ കരുത്തും തിരക്കഥയും പ്രധാന കഥാപാത്രങ്ങളുടെ അഭിനയപാടവവും. ആധുനിക നസ്രേത്ത് നഗരത്തിന്റെ മുക്കും മുലയുമെല്ലാം 97 മിനിറ്റ്  ദൈർഘ്യമുള്ള വാജിബ് വ്യക്തമായി കാണിക്കുന്നു. ഒപ്പം ബന്ധങ്ങളിലെ പൊളിച്ചെഴുത്തുകളും.

ഒസാമ ബവാര്‍ഡിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആന്റോയിന്‍ ഹെബേറിയുടെ ക്യാമറ നസ്രേത്തിന്റെ മികച്ച ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ജാക്വസ് കോമെറ്റ്‌സ് ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. കൂ അബു അലിയുടേതാണ് സംഗീതം. കാര്‍ലോസ് ഗാര്‍ഷ്യ ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നു. കര്‍മ സോയാബി, റാണ അലാവുദ്ദീന്‍, തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...