Friday 15 February 2019

ഓർമകളിൽ വീണ്ടും വിമല.


                                                 
                                                   ഓർമകളിൽ വീണ്ടും വിമല.


അറിയാതെ വിമല ഇന്ന്  മനസ്സിലേക്ക് കയറിവന്നു. വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ പ്രിയമുള്ളൊരാളെ കാത്തിരിക്കുന്ന വിമല  ഇന്ന് അപ്രതീക്ഷിതമായി മനസ്സിലേക്ക് കയറി വന്നതെന്തിനെന്ന് എനിക്കിപ്പോഴും അറിയില്ല. പത്താന്തരം പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന ഇടവേളയിലാണ് ഞാൻ ആദ്യമായി വിമലയെ പരിചയപ്പെടുന്നത്. നൈനിറ്റാളിലെ ആ കൊടും തണുപ്പിൽ ഒരു ഷാൾ പുതച്ച്, മലനിരകളുടെ മധ്യത്തിൽ വീണുകിടക്കുന്ന  തടാകത്തിലേക്ക് നോക്കിനിൽക്കുന്ന വിമലയെ ഞാൻ ഇന്നും ഓർക്കുന്നു. നൈനിറ്റാളിലെ ഒരു റെസിഡന്റ് ട്യൂട്ടറാണ് വിമല. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ എം.ടി വാസുദേവൻ നായരുടെ 'മഞ്ഞ് ' എന്ന ലിറിക്കൽ നോവലിലെ നായിക. നൈനിറ്റാളിലെ ഒരു ഹിൽ സ്റ്റേഷൻ ആണ് മഞ്ഞിന്റെ കഥാപരിസരം. ചുരുക്കം ചില  കഥാപാത്രങ്ങളും  സംഭാഷണങ്ങളും കൊണ്ട്  വിമലയുടെ മനോവ്യാപാരങ്ങളാണ്  നോവൽ വരച്ചുവെയ്ക്കുന്നത്. പിതാവ്,  സഹോദരൻ, സഹോദരി എന്നിവരുൾപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നിട്ടും അവൾ അവരിൽ നിന്നൊക്കെ ഒറ്റപ്പെട്ടു പോയിരിക്കുന്നു. വെക്കേഷനു സ്കൂൾ പൂട്ടി വിദ്യാർത്ഥികളും  അധ്യാപകരും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടിട്ടും നൈനിറ്റാളിലെ ആ ബോർഡിങ് ഹൗസിന്റെ ഏകാന്തതയിൽ അവൾ അവധിക്കാലം ചെലവഴിക്കുന്നു. കാവൽക്കാരൻ അമർസിംഗാണ് അവിടെയുള്ള ഏക സഹായം. ആ സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ നൈനി തടാകത്തിൽ തന്റെ പ്രിയപ്പെട്ട ബോട്ട് യാത്ര അവളാസ്വദിച്ചിരുന്നു. പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി ചിരിക്കുന്ന ബുദ്ദുവാണ് വിമലയുടെ ബോട്ട്മാൻ. ഒരു ഇംഗ്ലീഷുകാരന്റെ മകനാണ് താനെന്നു  വിശ്വസിക്കുന്ന ആ ബാലൻ തന്റെ പിതാവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു; വിമല, സുധീർകുമാർ മിശ്രയെ പ്രതീക്ഷിച്ചിരിക്കും പോലെ. നൈനിറ്റാളിലെ സന്ദർശകനായെത്തുന്ന  സർദാർജിയാണ്  അപ്രതീക്ഷിതമായി നോവലിലേക്കു കടന്നുവരുന്ന മറ്റൊരു കഥാപാത്രം. നൈനിറ്റാളിന്റെ  മനോഹാരിതയും നിശബ്ദതയും ഏകാന്തതയും നോവലിന്റെ ശില്പഘടനയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.  ഭാവനയെയും പ്രകൃതിയെയും കൈയൊതുക്കത്തോടെ ഇണക്കിച്ചേർത്ത ഒരു  നോവലിസ്റ്റിന്റെ കവിതയാണ് 'മഞ്ഞ്.' അത് അപൂർണ്ണമാണ്; അവ്യക്തമാണ്.
അപൂർണ്ണതയിലെ പൂർണ്ണതയും അവ്യക്തതയിലെ വ്യക്തതയുമുള്ള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്‌വരയിൽ  ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം! കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരുടെയും  പ്രകൃതിയുടെയും നിത്യസത്യമാണ് നോവലിന്റെ സത്ത.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...